കാസര്‍കോട്- കുമ്പള ശാന്തിപ്പള്ളം ലക്ഷംവീട് കോളനിയിലെ റഷീദ് എന്ന സമൂസ റഷീദി (42) നെ തലയില്‍ കല്ലിട്ട് കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളിയ സുഹൃത്ത് പോലീസ് പിടിയിലായി. കുമ്പള പെര്‍വാഡ് മാവിനകട്ടയിലെ റഷീദിന്റെ ക്വാട്ടേഴ്‌സില്‍ ഒപ്പം താമസിച്ച അഭിലാഷ് എന്ന ഹബീബിനെ (36) ആണ് കുമ്പള ഇന്‍സ്‌പെക്ടര്‍ ഇ. അനൂപ് കുമാര്‍, എസ്.ഐ വി.കെ. അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. ലഹരി ഉപയോഗത്തെത്തുടര്‍ന്നുള്ള വാക്കുതര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നത്. കുമ്പളയിലെ ഹോട്ടലിനു മുന്നില്‍ വെച്ച് ഹബീബ് റഷീദിനെ ബൈക്കില്‍ കയറ്റി കൊണ്ടുവന്ന്
രാത്രി 12 മണിയോടെ കുമ്പള കുണ്ടങ്കാരടുക്കയിലെ ഐ.എച്ച്.ആര്‍.ഡി. കോളേജിന് സമീപമിരുന്ന് സംസാരിക്കുന്നതിനിടെ തര്‍ക്കം രൂക്ഷമാകുകയും യുവാവ് റഷീദിനെ മര്‍ദിച്ച് താഴെയിടുകയും സമീപത്തുണ്ടായിരുന്ന കരിങ്കല്ലെടുത്ത് തലയുടെ വലതുഭാഗത്ത് ഇടിക്കുകയും ചെയ്തുവെന്നാണ് കേസ്.
മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം കാലുകള്‍ പിടിച്ചു വലിച്ചു കൊണ്ടു പോയി കുറ്റിക്കാട്ടില്‍ തള്ളി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹബീബിനെ പേര്‍വാഡിലെ മയക്കുമരുന്ന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. വധശ്രമം, മയക്കുമരുന്ന് കടത്ത്, അടിപിടികേസുകള്‍ തുടങ്ങി ഏഴോളം കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ യുവാവ്. മധൂര്‍ പടഌില്‍ താമസിച്ചിരുന്ന ഷാനവാസ് എന്ന ഷാനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട റഷീദ്. പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് പ്രതിയുടെ അറസ്റ്റ് നടത്തിയത്. കൊലക്കേസില്‍ പ്രതിയായി ജയിലില്‍ കിടന്നശേഷം പുറത്തിറങ്ങിയ റഷീദ് മദ്യപാനവും ലഹരി ഉപയോഗവും നിര്‍ത്തി തേപ്പ് പണിക്ക് പോയിരുന്നു. ഹബീബ് എത്തി ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് റഷീദ് വീണ്ടും മദ്യപിക്കാനും ലഹരി ഉപയോഗിക്കാനും തുടങ്ങിയത്.