Sorry, you need to enable JavaScript to visit this website.

യുവ ഡോക്ടര്‍മാര്‍ മരിക്കാനിടയായത് ഗൂഗിള്‍  മാപ്പിനുണ്ടായ പിശകു മൂലമല്ലെന്ന് പോലീസ്

കൊച്ചി- വഴിതെറ്റി കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരിക്കാനിടയായത് ഗൂഗിള്‍ മാപ്പിനുണ്ടായ പിശകു മൂലമല്ലെന്ന് വടക്കേക്കര പോലീസ്. കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രിക്ക് കീഴിലുള്ള എ ആര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരായ കൊടുങ്ങല്ലുര്‍ മതിലകം പാമ്പിനേഴത്ത് അജ്മല്‍ ആസിഫ് (28), കൊല്ലം തട്ടാമല പാലത്തറ തുണ്ടിയില്‍ അദ്വൈത് (28) എന്നിവരാണ് മരിച്ചത്. 
ഞായര്‍ പുലര്‍ച്ചെ 12.30നാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കടല്‍വാതുരുത്ത് പുഴയിലേക്ക് വീഴുകയായിരുന്നു. ഇവരുടെ ഒപ്പം കാറിലുണ്ടായ മൂന്ന് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്തതാണ് അപകടകാരണമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍, പുഴ എത്തുന്നതിനു മുന്‍പു ഹോളിക്രോസ് എല്‍പി സ്‌കൂളിന് സമീപത്തു നിന്ന് ഇടത്തേക്കുള്ള വഴി ഗൂഗിള്‍ മാപ്പില്‍ കൃത്യമായി കാണിക്കുന്നുണ്ടെന്നും മുന്നോട്ട് പോയാല്‍ റോഡ് അവസാനിക്കുകയാണെന്നു വ്യക്തമാകുന്നുണ്ടെന്നും പോലീസ് പറഞ്ഞു. കടല്‍വാതുരുത്ത് കവലയില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞു 400 മീറ്ററോളം സഞ്ചരിച്ചാലെ പുഴയുടെ സമീപമെത്തൂ. കടല്‍വാതുരുത്ത് കവലയുടെയും പുഴയുടെയും ഇടയിലുള്ള വഴി യാത്രക്കാര്‍ കാണാതെ പോയതാകാം അപകടത്തിനു കാരണമെന്നാണു പോലീസിന്റെ നിഗമനം.

Latest News