അടിയന്തരാവസ്ഥ ദിനങ്ങളെ ഓര്‍മിപ്പിച്ച റെയ്ഡ്, പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്ക് ഹാഷ് വാല്യു നല്‍കിയില്ല

ന്യൂസ് ക്ലിക് ഓഫീസിന് താഴ് വീണപ്പോള്‍

ന്യൂദല്‍ഹി- 1975 ലെ അടിയന്തരാവസ്ഥ ദിനങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ദല്‍ഹിയില്‍ ഇന്നുണ്ടായ മാധ്യമവേട്ട.   വീഡിയോ ജേണലിസ്റ്റ് അഭിസാര്‍ ശര്‍മ, മുതിര്‍ന്ന പത്രപ്രവര്‍ത്തക ഭാഷാ സിംഗ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ ഊര്‍മിലേഷ്, പരഞ്‌ജോയ് ഗുഹ താകുര്‍ത്ത, ന്യൂസ്‌ക്ലിക്ക് എഡിറ്റര്‍ പ്രബിര്‍ പുര്‍കായസ്ഥ, പ്രശസ്ത പത്രപ്രവര്‍ത്തകയും രാഷ്ട്രീയ സാമ്പത്തിക രംഗത്തെ കമന്റേറ്ററുമായ ഗീതാ ഹരിഹരന്‍. ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി, ആക്ഷേപഹാസ്യ രചയിതാവും സ്റ്റാന്‍ഡ്അപ്പ് കോമിക് സഞ്ജയ് രാജൗര എന്നിവരും ചൊവ്വാഴ്ച പുലര്‍ച്ചെ 'റെയ്ഡ്' ചെയ്യപ്പെട്ടു.

ന്യൂസ്‌ക്ലിക്ക് മാധ്യമപ്രവര്‍ത്തകര്‍, അതില്‍ എഴുതുന്നവര്‍, ജീവനക്കാര്‍ എന്നിവരുടെ വീടുകളാണ് റെയ്ഡില്‍ ലക്ഷ്യമിട്ടത്. ഇവരില്‍ മുന്‍ ഹിന്ദു പത്രപ്രവര്‍ത്തകയും ന്യൂസ്‌ക്ലിക്ക് കോണ്‍ട്രിബ്യൂട്ടറുമായ അനുരാധ രാമന്‍, സത്യം തിവാരി, അദിതി നിഗം, സുമേധ പാല്‍ എന്നിവരും ഉള്‍പ്പെടുന്നു.

ഒരു ഡിജിറ്റല്‍ ഉപകരണം പിടിച്ചെടുക്കുന്ന സമയത്ത് അതില്‍ എത്രത്തോളം ഡാറ്റ ഉണ്ടെന്ന് നിര്‍വചിക്കുന്ന ഒരു ഹാഷ് വാല്യു പോലീസ് നല്‍കിയിട്ടില്ല. പിടിച്ചെടുത്ത ലാപ് ടോപ്പുകളിലും മറ്റും കൃത്രിമമായി ഡാറ്റ കയറ്റാന്‍ ഇത് സഹായിക്കും.

'യുഎപിഎ കേസുമായി ബന്ധപ്പെട്ട് ഇന്ന് നടത്തിയ തിരച്ചിലില്‍ 37 പുരുഷന്‍മാരെയും  ഒമ്പത് സ്ത്രീകളെയും ചോദ്യം ചെയ്തതായി സ്‌പെഷ്യല്‍ സെല്‍, ഡിസിപി (പിആര്‍ഒ) സുമന്‍ നല്‍വ പറഞ്ഞു. ബന്ധപ്പെട്ട സ്ഥലങ്ങളില്‍നിന്ന് ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും മറ്റും പിടിച്ചെടുത്ത് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. നടപടികള്‍ ഇപ്പോഴും തുടരുകയാണെന്നും ഇതുവരെ പ്രബിര്‍ പുര്‍കയസ്ത, അമിത് ചക്രവര്‍ത്തി എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നല്‍വ പറഞ്ഞു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിസിപി പറഞ്ഞു.

വിചിത്രമായ ചോദ്യങ്ങളാണ് പോലീസ് തന്നോട് ചോദിച്ചതെന്ന് വൈകുന്നേരം ആറ് മണിയോടെ പുറത്തിറങ്ങിയ ഗുഹ താകുര്‍ത്ത മാധ്യമങ്ങളോട് പറഞ്ഞു. തന്റെ സഹപ്രവര്‍ത്തകരില്‍ പലരെയും പ്രത്യേക സെല്ലിലേക്ക് കൊണ്ടുവന്നതായും അദ്ദേഹം പറഞ്ഞു.

പുര്‍ക്കയസ്തയെ വീട്ടില്‍നിന്ന് ന്യൂസ്‌ക്ലിക്ക് ഓഫീസിലേക്കും പിന്നീട് സ്‌പെഷ്യല്‍ സെല്‍ ആസ്ഥാനത്തേക്കും കൊണ്ടുപോയി. രാവിലെ 6:30 നും 7 നും ഇടയില്‍ 15 പേരടങ്ങുന്ന പോലീസ് അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയതായി വൃത്തങ്ങള്‍ പറഞ്ഞു. ഗീത ഹരിഹരന്റെ ഉള്‍പ്പെടെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. പിടിച്ചെടുത്തതിന്റെ രേഖകളോ രസീതിന്റെ പകര്‍പ്പോ നല്‍കിയിട്ടില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഭാഷാ സിങ്ങിന്റെ വീട്ടില്‍ രണ്ടു മണിക്കൂറിലേറെ റെയ്ഡ് തുടര്‍ന്നു. രാവിലെ മുതല്‍ തന്റെ കക്ഷിയെ കാണാന്‍ കഴിയുന്നില്ലെന്ന് ഊര്‍മ്മിലേഷിന്റെ അഭിഭാഷകനായ ഗൗരവ് യാദവ് പറഞ്ഞു.

ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിന്റെ വീട്ടിലും റെയ്ഡ് നടന്നു. മുംബൈയില്‍ താമസിക്കുന്ന സെതല്‍വാദിനെ ദല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണെന്നാണ് വിവരം. ന്യൂസ്‌ക്ലിക്കിന് ലേഖനങ്ങള്‍ നല്‍കിയിട്ടുള്ള തിങ്ക് ടാങ്ക് െ്രെടകോണ്ടിനെന്റല്‍: ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സോഷ്യല്‍ റിസര്‍ച്ചിന്റെ ഡയറക്ടറാണ് സെതല്‍വാദ്. നേരത്തെ ടൈംസ് ഓഫ് ഇന്ത്യയിലുള്ള ഇപ്പോള്‍ ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകനായ സുബോധ് വര്‍മയും റെയ്ഡ് ചെയ്യപ്പെട്ടതായി അറിയുന്നു. ഇദ്ദേഹത്തേയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.

വൈകുന്നേരം 4 മണിക്ക് മുമ്പ് ഊര്‍മ്മിലേഷിനെയും ചക്രവര്‍ത്തിയെയും പ്രത്യേക സെല്‍ ഓഫീസില്‍ നിന്ന്  വിട്ടയച്ചു. അഭിസാര്‍ ശര്‍മ്മയെ വൈകുന്നേരം 6 മണിയോടെ വിട്ടയച്ചു. തുടര്‍ന്ന് വൈകിട്ട് ആറരയോടെ പരഞ്‌ജോയ് ഗുഹ താകുര്‍ത്തയേയും വൈകിട്ട് ഏഴുമണിയോടെ സുബോധ് വര്‍മയെയും വിട്ടയച്ചു. ബപ്പാടിത്യ സിന്‍ഹ, സത്യം തിവാരി, പ്രബീര്‍ പുര്‍കയസ്തയുടെ മകന്‍ പ്രതീക് എന്നിവരും മോചിതരായവരില്‍ ഉള്‍പ്പെടുന്നു.

രാവിലെ തന്നെ ന്യൂസ്‌ക്ലിക്ക് ജീവനക്കാരുടെ വീടുകളിലെത്തി പോലീസ് അവരുടെ ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ഇന്ത്യയിലെ കര്‍ഷകരുടെ പ്രതിഷേധം, കൊവിഡ് മഹാമാരി തുടങ്ങിയ സംഭവങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് ജീവനക്കാരോട് ചോദിച്ചു. ദല്‍ഹി സയന്‍സ് ഫോറവുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡി. രഘുനന്ദനെ പോലീസ് പിടിച്ചുകൊണ്ടുപോയതായി പറയുന്നു.
ഹാസ്യനടന്‍ രാജൗരയെ പോലീസ് ലോധി റോഡിലെ സ്‌പെഷ്യല്‍ സെല്ലിലേക്ക് കൊണ്ടുപോയതായി വൃത്തങ്ങള്‍ ദി വയറിനോട് പറഞ്ഞു. ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

'അന്വേഷണ ഏജന്‍സികള്‍ സ്വതന്ത്രമാണ്, അവര്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് അവരുടെ ജോലി ചെയ്യുന്നത്. റെയ്ഡുകളെ ഞാന്‍ ന്യായീകരിക്കേണ്ടതില്ല. ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, അന്വേഷണ ഏജന്‍സികള്‍ അവരുടെ ജോലി ചെയ്യുന്നു. തെറ്റായ സ്രോതസ്സുകളില്‍ നിന്ന് നിങ്ങള്‍ക്ക് പണം വന്നാലോ ആക്ഷേപകരമായ എന്തെങ്കിലും ചെയ്താലോ അന്വേഷണ ഏജന്‍സികള്‍ക്ക് നടപടിയെടുക്കാന്‍ കഴിയില്ലെന്ന് എവിടെയും എഴുതിയിട്ടില്ല- കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.

 

 

Latest News