നിയമനക്കോഴയില്‍ ആദ്യ അറസ്റ്റ്, കോഴിക്കോട്ടെ അഭിഭാഷകന്‍ പിടിയില്‍

തിരുവനന്തപുരം- ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസില്‍ ആദ്യത്തെ അറസ്റ്റ്. അഭിഭാഷകനായ കോഴിക്കോട് സ്വദേശി റഈസാണ് അറസ്റ്റിലായത്. ആയുഷ് മിഷന്റെ പേരില്‍ വ്യാജ ഇമെയില്‍ ഉണ്ടാക്കിയത് റഈസാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അഖില്‍ സജീവിന്റെയും ലെനിന്‍ രാജിന്റെയും അടുത്ത കൂട്ടാളിയാണ് റഈസ്. പരാതിക്കാരനായ ഹരിദാസന്റെ മരുമകള്‍ക്ക് ലഭിച്ച പോസ്റ്റിംഗ് ഓര്‍ഡര്‍ വന്നത് ഒരു വ്യാജ ഇമെയില്‍ ഐ.ഡി.യില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ വ്യാജ ഇമെയില്‍ നിര്‍മിച്ചത് റഈസാണെന്നാണ് പോലീസ് നിഗമനം.

ചൊവ്വാഴ്ച രാവിലെ മുതല്‍ റഈസിനെയും ഹരിദാസിന്റെ സുഹൃത്ത് ബാസിതിനെയും കന്റോണ്‍മെന്റ് പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ബാസിതിനെ അറസ്റ്റില്‍നിന്നു പോലീസ് ഒഴിവാക്കി. പരാതിക്കാരന്‍ ഹരിദാസന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇദ്ദേഹം ഒളിവിലാണെന്ന സംശയം പോലീസിനുണ്ട്.

 

Latest News