ന്യൂദല്‍ഹി - ചൈനയില്‍നിന്ന് അനധികൃത ഫണ്ട് ശേഖരിച്ചെന്ന് ആരോപിച്ച് വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിന്റെ ഓഫീസിലും മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടേയും വീടുകളിലും ദല്‍ഹി പോലീസ് നടത്തിയ റെയ്ഡ് ഇന്ത്യന്‍ മാധ്യമ ലോകത്തെ ഞെട്ടിച്ചു. ന്യൂസ് ക്ലിക്കിന്റെ ദല്‍ഹി ഓഫീസ് സീല്‍ ചെയ്ത പോലീസ് സംഘം ഏഴു മാധ്യമപ്രവര്‍ത്തകരുടെ ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. അഞ്ച് മാധ്യമപ്രവര്‍ത്തകരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയി. ഇവരില്‍ എഡിറ്റര്‍ പ്രബിര്‍ പുര്‍കായസ്തയേയും മാനേജര്‍ അമിത് ചക്രവര്‍ത്തിയേയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ വിട്ടയച്ചു.
പത്രസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ ആഗോളതലത്തില്‍ വളരെ പിന്നോക്കം പോയ വേളയിലാണ് വീണ്ടും മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ശ്രമം. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യയും വിവിധ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും വിശദാംശങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതായും പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. പ്രതിപക്ഷ സഖ്യമായ ഇന്ത്യയും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.
ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച റെയ്ഡ് മണിക്കൂറുകള്‍ നീണ്ടു. 10 മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസിന്റെ അടിസ്ഥാനത്തില്‍ ദല്‍ഹിയിലെ 24 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ചൈനയില്‍നിന്ന് അനധികൃതമായി ഫണ്ട് സ്വീകരിച്ചെന്നാണ് ന്യൂസ് ക്ലിക്കിനെതിരായ പരാതി. പണം സ്വീകരിച്ചത് സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കാന്‍ സ്ഥാപനത്തിനു സാധിച്ചിട്ടില്ലെന്നു ഉദ്യോഗസ്ഥര്‍ പറയുന്നു. ന്യൂസ് ക്ലിക്കിനെതിരെ യു.എ.പി.എ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ന്യൂസ് ക്ലിക്ക് സ്ഥാപകര്‍, എഡിറ്റര്‍മാര്‍ എന്നിവരുടെ വസതികളിലും കെട്ടിടങ്ങളിലും പോലീസ് റെയ്ഡ് നടത്തി. ടീസ്റ്റ സെതല്‍വാദിന്റെ വീടുള്‍പ്പെടെ മുംബൈയിലും റെയ്ഡ് നടത്തി. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പേരിലുള്ള കെട്ടിടത്തിലും റെയ്ഡ് നടന്നു.






