Sorry, you need to enable JavaScript to visit this website.

നിപ വൈറസ്: സൗദി ആരോഗ്യ മന്ത്രാലയം സർക്കുലർ ഇറക്കി

ജിദ്ദ - കേരളത്തിൽ പടർന്നുപിടിച്ച നിപ വൈറസ് ബാധയെ കുറിച്ചും സൗദിയിലേക്ക് രോഗം പടരാനുള്ള സാധ്യതയെ കുറിച്ചും സൗദിയിലെ ആരോഗ്യ മേഖലാ ജീവനക്കാരെ ഉണർത്തി ആരോഗ്യ മന്ത്രാലയം സർക്കുലർ പുറത്തിറക്കി. നിപ വൈറസ് അണുബാധ നിരീക്ഷണ ഗൈഡ് ആരോഗ്യ മന്ത്രാലയം അപ്‌ഡേറ്റ് ചെയ്യുകയും ഇത് ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും സേവനമനുഷ്ഠിക്കുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും കൈമാറുകയും ചെയ്തു. അന്താരാഷ്ട്ര യാത്രയുടെയും വ്യാപാരത്തിന്റെയും ഫലമായ അപകട സാധ്യതകളും ഏതെങ്കിലും ആരോഗ്യ അടിയന്തരാവസ്ഥ ഉടലെടുക്കുന്ന പക്ഷം അത് മുന്നിൽ കണ്ട് നേരത്തെ തന്നെ തയാറെടുപ്പുകൾ നടത്തേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണിത്. 
നിപ വൈറസ്ബാധ സംശയിക്കപ്പെടുന്ന ഏതെങ്കിലും കേസുകൾ ശ്രദ്ധയിൽ പെട്ടാലുടൻ അതേക്കുറിച്ച് ഹിസ്ൻ പ്രോഗ്രാമിലൂടെ ആരോഗ്യ മന്ത്രാലയത്തെ അറിയിക്കുകയും രോഗിയിൽനിന്ന് ശേഖരിക്കുന്ന സാമ്പിൾ പരിശോധനക്കായി ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ലാബിലേക്ക് അയക്കുകയും വേണം. നിപ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. 

English Summary: Nipah virus: Saudi Ministry of Health issued circular

Latest News