Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസികൾക്ക് ഫ്ളാറ്റുകൾ പങ്കിടാം, വാടകക്കരാറിൽ പേർ ചേർക്കണം 

റിയാദ്- വർക് പെർമിറ്റ് ലഭിക്കാനും പുതുക്കാനും ഈജാറിൽ രജിസ്റ്റർ ചെയ്ത വാടക കരാർ നിർബന്ധമാക്കിയതോടെ വിദേശ തൊഴിലാളികൾക്ക് ഒരുമിച്ച് ഒരു ഫ്‌ളാറ്റിൽ താമസിക്കാനാവുമോ എന്ന ആശങ്കക്ക് പരിഹാരം. ഒരുമിച്ച് താമസിക്കുന്നത് നിയമവിരുദ്ധമായി കണക്കാക്കില്ലെന്നും എന്നാൽ വാടക കരാറിൽ ഇവരുടെയെല്ലാം പേരുകൾ രേഖപ്പെടുത്തിയിരിക്കണമെന്നും പാർപ്പിട കാര്യ മന്ത്രാലയം വ്യക്തമാക്കി. 

പുതിയ തീരുമാനം അടുത്ത മാസം ഒന്നുമുതൽ നടപ്പിലാക്കാനിരിക്കെയാണ് ഇക്കാര്യത്തിൽ പാർപ്പിടകാര്യ മന്ത്രാലയം വ്യക്തത വരുത്തിയത്. വർക് പെർമിറ്റും വാടക കരാറും ബന്ധിപ്പിക്കുന്നതോടെ, ഒരേ ഫ്‌ളാറ്റിൽ നിരവധി പേർ ഒരുമിച്ച് താമസിക്കുന്നത് അസാധ്യമാകുമെന്ന് വിദേശ തൊഴിലാളികളിൽ ആശങ്ക പടർന്നിരുന്നു. ഇതുസംബന്ധിച്ച് മലയാളം ന്യൂസ് അടക്കം ഉന്നയിച്ച ചോദ്യങ്ങൾക്ക് വെബ്‌സൈറ്റ് വഴി നൽകിയ മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. 

കെട്ടിട ഉടമകൾക്കും താമസക്കാരനും യോജിക്കുന്ന രീതിയിൽ വർഷത്തിലോ ആറ് മാസം, മൂന്ന് മാസം, അതുമല്ലെങ്കിൽ മാസം തോറുമോ വാടക നൽകുന്നതിനും ഈജാർ അനുവാദം നൽകുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തൽ ഉടമകളുടെ ബാധ്യതയാണ്. വെള്ളച്ചോർച്ച, ചുമരിലുള്ള വിള്ളൽ തുടങ്ങിയ തകരാറുകൾ പരിഹരിക്കാൻ കെട്ടിട ഉടമ വിസമ്മതിക്കുന്ന പക്ഷം വാടകക്കാരന് നിയമ നടപടികൾ സ്വീകരിക്കാൻ പൂർണ അവകാശമുണ്ടായിരിക്കും. താമസിക്കുന്ന കെട്ടിടവും വസ്തുവകകളും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം വാടകക്കാരനാണ്. വാടക കുടിശ്ശിക വരുത്തിയാൽ ഉടമക്ക് നിയമനടപടി സ്വീകരിക്കാനുമാകും.

വാടകക്കാരനും കെട്ടിട ഉടമയും തമ്മിലുണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കാൻ പാർപ്പിട കാര്യമന്ത്രാലയം നിയമാവലി ആവിഷ്‌കരിച്ചിട്ടുണ്ട്. കെട്ടിട ഉടമകൾ, വാടകക്കാർ, റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ, നിക്ഷേപകർ എന്നിവരുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വാടക മേഖല സന്തുലിതമായി പരിഷ്‌കരിക്കുന്നതിനാണ് പാർപ്പിടകാര്യ മന്ത്രാലയം ഈജാർ സിസ്റ്റം വികസിപ്പിച്ചത്.
കരാർ കാലയളവിൽ തോന്നിയത് പോലെ, വാടക നിരക്ക് ഉയർത്തുന്നത് തടഞ്ഞ് ഉപയോക്താവിനെ ചൂഷണത്തിൽനിന്ന് രക്ഷപ്പെടുത്തുന്നതും ഈജാർ നെറ്റ്‌വർക്കിന്റെ ലക്ഷ്യമാണെന്ന് മന്ത്രാലയം വിശദമാക്കുന്നു. 
പാർപ്പിട കരാർ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് വാടകക്കാരനും കെട്ടിട ഉടമയും കാലാവധിക്കുള്ളിൽ ധാരണയിലെത്തുകയാണ് വേണ്ടത്. കരാർ സ്വമേധയാ പുതുക്കപ്പെടുമെന്നോ നിശ്ചിത സമയത്തിന് ശേഷം പുതുക്കാമെന്നോ വ്യവസ്ഥ ചെയ്യാൻ ഈജാറിൽ വകുപ്പുണ്ട്. നാഷണൽ അഡ്രസ് സ്വാഭാവികമായി ഈജാറിൽ ബന്ധിപ്പിക്കപ്പെടുമെന്നും പാർപ്പിടകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച ചോദ്യത്തോട്  പ്രതികരിച്ചു. 

Latest News