Sorry, you need to enable JavaScript to visit this website.

സിയാലിന്റെ വളർച്ച ലോകത്തിന് മാതൃക -മുഖ്യമന്ത്രി

കൊച്ചി വിമാനത്താവളത്തിൽ ഏഴ് പദ്ധതികൾ ഉദ്ഘാടനം ചെയ്തു

നെടുമ്പാശ്ശേരി - വിമാനത്താവളങ്ങൾ നടത്താൻ സ്വക്യാര മേഖലയ്ക്ക് മാത്രമേ കഴിയൂവെന്ന വാദത്തെ അപ്രസ്തമാക്കുന്ന ബദലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള (സിയാൽ) മെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിയാലിന്റെ ഏഴ് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സമൂഹത്തിനാകെ ഉപകരിക്കുന്ന വ്യവസായങ്ങൾ നടത്തുന്നതോ, കമ്പോളത്തിൽ ഇടപെടുന്നതോ സർക്കാരിന്റെ കടമയല്ലെന്ന ഉദാരവൽക്കരണ ചിന്തയ്ക്ക് ബദലാണ് കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങൾ. വിമാനത്താവളങ്ങൾ ഉൾപ്പെടെ തന്ത്രപ്രധാന പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്ന ഈ കാലഘട്ടത്തിൽ സിയാലിന്റെ വളർച്ച ആഗോളതല മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വികസന കാഴ്ചപ്പാടും മൂലധന നിക്ഷേപവും പ്രൊഫഷണൽ മികവും നിലനിറുത്താൻ കഴിഞ്ഞാൽ പൊതുമേഖലയിൽ അഭിമാനകരമായ നേട്ടം ഉണ്ടാക്കുവാൻ കഴിയുമെന്ന് സിയാൽ തെളിയിച്ചു. ആഗോള തലത്തിൽ ആദ്യമായി ആരംഭിച്ച സൗരോർദ സംവിധാനവും കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ തുടങ്ങിയ അരിപ്പാറ ജലവൈദ്യുത നിലയവും പയ്യന്നൂർ സൗരോർജ നിലയവും ബിസിനസ് ജെറ്റ് ടെർമിനലും ഇതിന് മാതൃകയാണ്.
സിയാലിന്റെ പുതിയ ഇൻപോർട്ട് കാർഗോ ടെർമിനൽ, ഡിജി യാത്ര സോഫ്റ്റ്‌വെയർ, അഗ്‌നിശമന സേന നവീകരണം എന്നിവയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഒന്നാം ഘട്ട രാജ്യാന്തര ടെർമിനൽ വികസനം, ഗോൾഫ് ടൂറിസം, എയ്‌റോലോഞ്ച്, ചുറ്റുമതിൽ സുരക്ഷ വലയം എന്നിവയുടെ ശിലാസ്ഥാപനവും നിർവഹിച്ചു. ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷനായിരുന്നു. മന്ത്രിമാരായ കെ. രാജൻ, മുഹമ്മദ് റിയാസ്, എം.പിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, ചീഫ് സെക്രട്ടറി വി. വേണു, ജനപ്രതിനിധികളായ മാത്യു തോമസ്, പി.കെ. കുഞ്ഞ്, വി.എം. ഷംസുദ്ദീൻ, ഗ്രെയ്‌സി സദാനന്ദൻ, ശോഭ ഭരതൻ, സിയാൽ ഡയറക്ടർമാരായ ഇ.കെ. ഭരത് ഭൂഷൺ, അരുണ സുന്ദരരാജൻ, എൻ.വി. ജോർജ്, ഡോ. പി. മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. സിയാൽ ഡയറക്ടർ എം.എ. യൂസഫലി ആമുഖ പ്രഭാഷണം നടത്തി. മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് സ്വാഗതവും കമ്പനി സെക്രട്ടറിയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സജി കെ. ജോർജ് നന്ദിയും പറഞ്ഞു
 

Latest News