മതേതരത്വമെന്നത് പ്രകടിപ്പിച്ച് കാണിക്കേണ്ട ഒന്നാണെന്ന അവസ്ഥയിലേക്ക് തീവ്രവാദികൾ കാര്യങ്ങളെ കൊണ്ടു ചെന്നെത്തിച്ചിട്ടുണ്ട്. എല്ലാ മതവിശ്വാസികളും തടസ്സങ്ങളിലാതെ അവരുടെ വിശ്വാസം പിന്തുടരുന്നതോടൊപ്പം മറ്റു മതസ്ഥരുമായി സ്‌നേഹത്തോടെയും സാഹോദര്യത്തോടെയും ജീവിച്ചു പോകുകയെന്നത് നമ്മുടെ നാട് ശീലിച്ച കാര്യമാണ്. പെരുന്നാളിന് അയൽപക്കത്തെ മുസ്‌ലിം വീട്ടുകാർക്കൊപ്പം ബിരിയാണി കഴിക്കുന്ന ഹിന്ദുമത വിശ്വാസിയും ഓണത്തിന് അയൽപക്കത്തെ വീട്ടിലെത്തി സദ്യയുണ്ണുന്ന മുസ്‌ലിം കുടുംബവും മലബാറിൽ സാധാരണമായ ചിത്രമാണ്. അതിനെ അപൂർവമായ സംഭവമാക്കി മാറ്റിയെന്നതാണ് തീവ്രവാദികൾ സമൂഹത്തിൽ ചെയ്ത അപകടം.
മലപ്പുറം ജില്ലയിലെ വലിയാട് ഗ്രാമം ജനശ്രദ്ധയിലേക്കുയർന്നത് ഒരു ചുംബനത്തിലൂടെയാണ്. ആ ചുംബനം ലോകത്താകെ പരത്തിയത് സ്‌നേഹത്തിന്റെ മന്ത്രമാണ്. മതസൗഹാർദദ്ദത്തിന്റെ കളങ്കമേശാത്ത സന്ദേശമാണ്.
മലപ്പുറം നഗരത്തിനും കോട്ടക്കലിനും ഇടയിൽ ഗ്രാമീണ ലാളിത്യത്തിന്റെയും നന്മയുടെയും പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന വലിയാട് ഗ്രാമത്തിൽ ദിവസങ്ങൾക്ക് മുമ്പ് നടന്ന നബിദിന റാലി കേരളത്തിലങ്ങോളമിങ്ങോളം നടന്ന നബിദിന റാലികളിൽ നിന്ന് ഏറെയൊന്നും വിഭിന്നമായിരുന്നില്ല. രാവിലെ നാട്ടിലെ മദ്രസയിൽ പതാക ഉയർത്തിയും കുട്ടികളുടെ ഘോഷയാത്ര സംഘടിപ്പിച്ചും ഉച്ചക്ക് പള്ളിയിൽ പ്രവാചക സ്മരണയിൽ അന്നദാനം നടത്തിയും രാത്രിയിൽ കലാമൽസരങ്ങൾ നടത്തിയും പൂർത്തിയായ ആഘോഷങ്ങൾ. അതിനിടയിൽ വലിയാട് സ്വദേശിനിയായ ഷീന എന്ന യുവതി പ്രകടിപ്പിച്ച നിഷ്‌കളങ്കമായ സ്‌നേഹമാണ് ഇത്തവണത്തെ നബിദിനത്തിന്റെ മുഖചിത്രം, മതതര കേരളത്തിന്റെ യഥാർഥ ദൃശ്യം.
വലിയാട് ഗ്രാമത്തിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജീവനക്കാരിയായ ഷീന എന്ന യുവതി തന്റെ മകളെയും കൂട്ടി നബിദിന റാലിക്കൊപ്പമെത്തുന്നിടത്തു നിന്നാണ് ആ സാഹോദര്യത്തിന്റെ സന്ദേശം പരന്നു തുടങ്ങുന്നത്. മദ്രസയിലെ വിദ്യാർഥികൾ നടത്തുന്ന റാലി കാണാനെത്തിയ അമുസ്‌ലിം ആയ ഷീന മകളുമൊത്ത് എത്തുമ്പോൾ കൈയിൽ ഒരു സമ്മാനവും കരുതിയിരുന്നു. റാലി നയിക്കുന്ന കുട്ടിക്യാപ്റ്റനെ അണിയിക്കാൻ ഒരു നോട്ടുമാല. നാട്ടുകാരായ കുട്ടികൾ നടത്തുന്ന പ്രവാചക ജന്മദിന റാലിയോടുള്ള തന്റെ ഐക്യദാർഢ്യവും സ്വന്തം മക്കളെ പോലെ കരുതുന്ന ആ കുട്ടികൾക്ക് ഒരു പ്രോൽസാഹനവുമാണ് ആ നോട്ടുമാലയിലൂടെ ഷീന ലക്ഷ്യമിട്ടത്. ചാറ്റൽ മഴയെ വകവെക്കാത ആ യുവതിയും മകളും അടുത്തെത്തി റാലിയുടെ ക്യാപ്റ്റനായ കുട്ടിയുടെ കഴുത്തിൽ നോട്ട് മാലയണിയിച്ചു. ശേഷം ഷീന ആ കുട്ടിയുടെ കവിളിൽ സ്‌നേഹത്തിന്റെ നിർമലമായ ചുംബനം നൽകി. വർഗീയ ധ്രുവീകരണത്തന്റെ കാലത്ത് മാനവികതയുടെ ഉദാത്തമായ സ്‌നേഹപ്രകടനമായിരുന്നു ആ മുത്തം. അവിടെയുണ്ടായിരുന്നവർ ഈ ദൃശ്യം മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് മലപ്പുറത്തെ ഈ ഉൾനാടൻ ഗ്രാമത്തിലെ മതസൗഹാർദത്തിന്റെ യഥാർഥ ചിത്രം ലോകം കണ്ടത്. ലോകത്തിന് മുന്നിൽ മനുഷ്യ സ്‌നേഹത്തിന്റെ സന്ദേശം പരത്തി ഷീനക്കും കുടുംബത്തിനും അഭിനന്ദനങ്ങളുടെ പ്രവാഹം ഇപ്പോഴും തുടരുകയാണ്.
ഷീനയുടെ സ്‌നേഹത്തിന്റെ വീഡിയോ ലോകം മുഴുവൻ പരന്നു തുടങ്ങുമ്പോൾ തന്നെയാണ്, മലപ്പുറം ജില്ലയിലെ തന്നെ തിരൂരങ്ങാടി ചെറുമുക്കിൽ കർഷകനായ രാജൻ നബിദിന റാലിക്കെത്തിയവർക്ക് പായസം വിതരണം ചെയ്തത്. ഈ സംഭവവും സാഹോദര്യത്തിന്റെ സന്ദേശമായി പ്രചരിക്കുന്നുണ്ട്.
പരസ്പരം അറിയുന്ന നാട്ടുകാർക്കിടയിൽ ഇത്തരം സ്‌നേഹപ്രകടങ്ങൾ സാധാരണമല്ലേയെന്ന ചോദ്യം പ്രസക്തമാണ്. എന്നാൽ ഗ്രാമങ്ങളിൽ പോലും മതങ്ങളെ തമ്മിലടിപ്പിക്കാൻ വർഗീയ ശക്തികൾ രഹസ്യ അജണ്ടകളുമായി നീങ്ങുമ്പോൾ ഇത്തരം സംഭവങ്ങൾ അസാധാരണമാവുകയാണ്. അനേകരിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടുന്ന സ്‌നേഹത്തിന്റെ സന്ദേശവും അതിലുണ്ട്. മതത്തിന്റെ വേർതിരിവുകൾ എന്തെന്നറിയാത്ത കാലം നമ്മുടെ നാട്ടിലുണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി മാത്രം മതങ്ങളെ തമ്മിലടിപ്പിച്ച് ഭിന്നധ്രുവങ്ങളിലേക്ക് മാറ്റുന്നതിൽ വർഗീയവാദികൾ വിജയിക്കുമ്പോൾ സാഹോദര്യത്തിന്റെ മുത്തങ്ങളുമായി ഷീനമാരും രാജൻമാരും മുന്നോട്ടു വന്നുകൊണ്ടിരിക്കും. നാടിന്റെ കൂട്ടായ്മയും മനുഷ്യ ഹൃദയങ്ങളുടെ അടുപ്പവും നിലനിർത്തുന്നതിൽ അതിന് വലിയ പങ്കുണ്ട്.
മലബാറിന്റെ, പ്രത്യേകിച്ച് മലപ്പുറത്തിന്റെ മതസൗഹാർദത്തെ തകർക്കാൻ ഏറെക്കാലമായി രഹസ്യ നീക്കങ്ങൾ നടക്കുന്നുണ്ട്. മലബാർ കലാപത്തെ വർഗീയ ലഹളയായി ചിത്രീകരിക്കുന്ന ബൗദ്ധിക കുപ്രചരണം മുതൽ മലബാറിൽ ഹിന്ദുക്കൾ സുരക്ഷിതരല്ലെന്നുള്ള പ്രചാരണം വരെ രഹസ്യമായി നടക്കുന്നു. ജനസംഖ്യയിൽ മുസ്‌ലിംകളാണ് മലബാറിലെ ചില ജില്ലകളിൽ കൂടുതൽ എന്നുള്ളതുകൊണ്ട് ഇതര മതസ്ഥർ ഇവിടെ പീഡിപ്പിക്കുപ്പെടുകയാെണന്ന പ്രചാരണം നടക്കുന്നു. അടുത്ത കാലത്ത് ഈ പ്രചാരണം തുടങ്ങിയത് ജില്ലയിലെ ക്രിസ്ത്യൻ മേഖലകളിലാണ്. ക്രിസ്മസിന് മലപ്പുറം ജില്ലയിൽ ക്രിസ്മസ് സ്റ്റാർ വിൽക്കാൻ അനുവാദമില്ലെന്ന തരത്തിൽ ക്രിസ്ത്യൻ മതവിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയ പോസ്റ്റുകൾ നിറഞ്ഞിരുന്നു. മസ്ജിദുകൾക്ക് മുന്നിലുള്ള കടകളിൽ പോലും ഡിസംബർ മാസത്തിൽ ക്രിസ്മസ് നക്ഷത്രങ്ങൾ വിൽപനക്കായി തൂങ്ങിയാടുമ്പോഴാണ് ഇന്റർനെറ്റിൽ ഇത്തരം കള്ളപ്രചരണങ്ങൾ നടന്നത്. മലപ്പുറത്തെ വിവിധ മതവിഭാഗക്കാർ ഇത് അവഗണിച്ചെങ്കിൽ, മലപ്പുറത്ത് മറ്റെന്തോ ആണ് നടക്കുന്നതെന്ന് തെറ്റിദ്ധരിച്ച അന്യദേശക്കാരുടെ മനസ്സിൽ ഇത് വർഗീയതയുടെ വിഷ വിത്തുകൾ പാകി. അത്തരം നുണപ്രചാരണങ്ങൾ ശരിയാണെന്ന് വിശ്വസിച്ച് ജീവിക്കുന്ന ഒട്ടേറെ സാധാരണക്കാർ ഇന്ന് നമ്മുടെ നാട്ടിലുണ്ട്. ഒളിഞ്ഞിരുന്ന് പ്രചാരണം നടത്തിയരും ലക്ഷ്യമിട്ടത് അതു തന്നെയായിരുന്നു. ഇടക്കിടെ മലപ്പുറം ജില്ലയിൽ ക്ഷേത്രങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ പലതും സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്ന് പിൽക്കാലത്ത് കണ്ടെത്തിയിട്ടുണ്ട്.
ഇത്തരത്തിൽ മലബാർ ജില്ലകളിലെ അമുസ്‌ലിംകളുടെ ജീവിതം അരക്ഷിതമാണന്ന പ്രചാരണം നടത്തുന്നത് പലപ്പോഴും മലബാറിന് പുറത്തള്ള കേന്ദ്രങ്ങളിൽ നിന്നാണ്. മലബാറിൽ എല്ലാ മതവിഭാഗങ്ങൾക്കും ആരാധനാലയങ്ങളുണ്ട്. അവിടെയെല്ലാം മുടങ്ങാതെ ആരാധന നടക്കുന്നുണ്ട്. ആഘോഷങ്ങൾ നടക്കാറുണ്ട്. ആ ആഘോഷങ്ങളിൽ ജാതിമതഭേദമില്ലാതെ എല്ലാവരും പങ്കെടുക്കുന്നുമുണ്ട്. യാഥാർഥ്യം ഇതായിരിക്കേ, മതങ്ങളെ ഭിന്നിപ്പിക്കാനായി ചിലർ നടത്തുന്ന ശ്രമങ്ങൾക്കെതിരെ എല്ലാ വിഭാഗങ്ങൾക്കിടയിലും ജാഗ്രത ശക്തിപ്പെടേണ്ടതുണ്ട്.
മതേതരത്വമെന്നത് പ്രകടിപ്പിച്ച് കാണിക്കേണ്ട ഒന്നാണെന്ന അവസ്ഥയിലേക്ക് തീവ്രവാദികൾ കാര്യങ്ങളെ കൊണ്ടു ചെന്നെത്തിച്ചിട്ടുണ്ട്. എല്ലാ മതവിശ്വാസികളും തടസ്സങ്ങളില്ലാതെ അവരുടെ വിശ്വാസം പിന്തുടരുന്നതോടൊപ്പം മറ്റു മതസ്ഥരുമായി സ്‌നേഹത്തോടെയും സാഹോദര്യത്തോടെയും ജീവിച്ചു പോകുകയെന്നത് നമ്മുടെ നാട് ശീലിച്ച കാര്യമാണ്. പെരുന്നാളിന് അയൽപക്കത്തെ മുസ്‌ലിം വീട്ടുകാർക്കൊപ്പം ബിരിയാണി കഴിക്കുന്ന ഹിന്ദുമത വിശ്വാസിയും ഓണത്തിന് അയൽപക്കത്തെ വീട്ടിലെത്തി സദ്യയുണ്ണുന്ന മുസ്‌ലിം കുടുംബവും മലബാറിൽ സാധാരണമായ ചിത്രമാണ്. അതിനെ അപൂർവമായ സംഭവമാക്കി മാറ്റിയെന്നതാണ് തീവ്രവാദികൾ സമൂഹത്തിൽ ചെയ്ത അപകടം. കുപ്രചാരണങ്ങളിലൂടെ വിശ്വാസികളുടെ മനസ്സിൽ വിഷവിത്തുകളെറിഞ്ഞ് സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്നതിൽ അവർ രഹസ്യമായി വിജയിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതിനെ സ്‌നേഹം നിറയുന്ന ഇടപെടലുകളിലൂടെ പ്രതിരോധിക്കുകയാണ് മതേതര സമൂഹത്തിന്റെ ഉത്തരവാദിത്തം.






