Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ വാഹന ഇന്‍ഷുറന്‍സ് നിരക്കുകള്‍ കുത്തനെ കൂട്ടി, 50 ശതമാനം വരെ വര്‍ധന

ജിദ്ദ - കാലാവധിയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത വാഹനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനം നടപ്പാക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നതിനു പിന്നാലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ വാഹന ഇന്‍ഷുറന്‍സ് പോളിസി നിരക്കുകള്‍ 50 ശതമാനം വര്‍ധിപ്പിച്ചു. ഈ മാസം ഒന്നു മുതല്‍ പുതിയ സംവിധാനം നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സൗദിയില്‍ വാഹനാപകട മരണ നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്‍ഷുറന്‍സ് നിരക്കുകള്‍ കമ്പനികള്‍ കുത്തനെ ഉയര്‍ത്തുകയായിരുന്നു.
വാഹനത്തിന്റെ ഇനത്തിനും മോഡലിനും ഉടമ താമസിക്കുന്ന നഗരത്തിനും അനുസരിച്ച്  900 റിയാല്‍ മുതല്‍ 2,500 റിയാല്‍ വരെയാണ് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി നിരക്കുകള്‍. ദേശീയദിനം പ്രമാണിച്ച് രണ്ടു കമ്പനികള്‍ 750 റിയാല്‍ മുതല്‍ 800 റിയാല്‍ വരെ സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് നല്‍കിയിരുന്നു. സമഗ്ര ഇന്‍ഷുറന്‍സ് പോളിസി നിരക്ക് ആയി 2,000 റിയാല്‍ മുതല്‍ 4,500 റിയാല്‍ വരെയാണ് ഒരു വര്‍ഷത്തേക്ക് കമ്പനികള്‍ ഈടാക്കുന്നത്. മുഴുവന്‍ ഇന്‍ഷുറന്‍സ് കമ്പനികളും തേഡ് പാര്‍ട്ടി, സമഗ്ര ഇന്‍ഷുറന്‍സ് പോളിസി നിരക്കുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. 30 വയസില്‍ കുറവ് പ്രായമുള്ളവരുടെ പേരിലുള്ള വാഹനങ്ങള്‍ക്കുള്ള പോളിസി നിരക്കുകളാണ് കമ്പനികള്‍ ഏറ്റവുമധികം ഉയര്‍ത്തിയിരിക്കുന്നത്. വാഹനാപകടങ്ങളുടെ എണ്ണം വര്‍ധിച്ചതും സ്‌പെയര്‍ പാര്‍ട്‌സിന്റെ വിലക്കയറ്റവും കാരണം ഇന്‍ഷുറന്‍സ് നിരക്കുകള്‍ പഴയപടിയിലേക്ക് കുറയാന്‍ സാധ്യത കുറവാണെന്ന് ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
ഇന്‍ഷുറന്‍സ് നിരക്കുകള്‍ പുനഃപരിശോധിക്കണമെന്ന് സാമ്പത്തിക വിദഗ്ധന്‍ ഡോ. അബ്ദുല്ല അല്‍മഗ്‌ലൂത്ത് കമ്പനികളോട് ആവശ്യപ്പെട്ടു. ഉപയോക്താക്കളുടെ മേല്‍ അധികഭാരം കെട്ടിവെച്ച് കമ്പനികള്‍ തങ്ങളുടെ നഷ്ടം നികത്തരുത്. ഇന്‍ഷുറന്‍സ് നിരക്കുകള്‍ വലിയ തോതില്‍ ഉയര്‍ത്തുന്നത് പോളിസികള്‍ വാങ്ങുന്നതില്‍ നിന്ന് മടിച്ചുനില്‍ക്കാന്‍ വാഹന ഉടമകളെ പ്രേരിപ്പിക്കുമെന്നും  ഡോ. അബ്ദുല്ല അല്‍മഗ്‌ലൂത്ത് പറഞ്ഞു.
അപകടങ്ങള്‍ വര്‍ധിച്ചതിന്റെ ഫലമായി ചെലവുകള്‍ ഉയര്‍ന്നെന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെ ന്യായീകരണം ആശ്ചര്യപ്പെടുത്തുന്നതായി സാമ്പത്തിക വിദഗ്ധന്‍ മുഹമ്മദ് അല്‍യഹ്‌യ പറഞ്ഞു. സമീപ കാലത്ത് വാഹനാപകടങ്ങളുടെയും അപകടങ്ങളില്‍ മരണപ്പെടുന്നവരുടെയും എണ്ണം കുറഞ്ഞതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. പുതിയ ട്രാഫിക് നിയമം അനുസരിച്ച് കാലാവധിയുള്ള ഇന്‍ഷുറന്‍സ് പോളിസിയില്ലാത്ത വാഹനങ്ങള്‍ക്ക് ഓരോ പതിനഞ്ചു ദിവസത്തിലും 100 റിയാല്‍ തോതില്‍ പിഴ ചുമത്തുമെന്നും മുഹമ്മദ് അല്‍യഹ്‌യ പറഞ്ഞു. സൗദിയിലെ എല്ലാ പ്രവിശ്യകളിലും പതിനഞ്ചു ദിവസത്തില്‍ ഒരിക്കല്‍ വീതം കാലാവധിയുള്ള ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്ന രീതി ഈ മാസം ഒന്നു മുതല്‍ നിലവില്‍വന്നിട്ടുണ്ട്.

 

Latest News