Sorry, you need to enable JavaScript to visit this website.

റൂട്ട്മാപ്പ് പുറത്തുവിട്ട മാധ്യമങ്ങൾക്ക്  വൈദ്യുതി വകുപ്പിന്റെ മുന്നറിയിപ്പ് 

തിരുവനന്തപുരം- ഇടുക്കി ഡാം തുറക്കുന്നതു സംബന്ധിച്ച് നിയമം ലംഘിച്ച് റൂട്ട്മാപ്പ് പുറത്തുവിട്ട മാധ്യമങ്ങൾക്ക് വൈദ്യുതി വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ റൂട്ട് മാപ്പ് സംപ്രേഷണം ചെയ്ത സ്വകാര്യ ന്യൂസ് ചാനലുകൾക്കും പത്രങ്ങൾക്കുമെതിരെ നടപടി എടുക്കാതെ വൈദ്യുതി ബോർഡ് മുന്നറിയിപ്പിൽ മാത്രം ഒതുക്കുകയായിരുന്നു. തന്ത്രപ്രധാനവും അതീവ സുരക്ഷാ മേഖലയായി കണക്കാക്കുന്ന പ്രദേശങ്ങളുടെ ചിത്രങ്ങളും സാങ്കേതിക വിശദീകരണവും അടക്കമാണ് മാധ്യമങ്ങൾ വാർത്തകൾ സംപ്രേഷണം ചെയ്ത്. എന്നാൽ നിയമ നടപടികൾ സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. ജലവൈദ്യുതി നിലയങ്ങളും ജലസംഭരണികളും ഉൾപ്പെടുന്ന പ്രദേശങ്ങൾ ഒഫീഷ്യൽ സീക്രട്ട്‌സ് ആക്റ്റ്-1923 അനുസരിച്ച് നിരോധിത മേഖലയിൽ പെട്ടതായി പ്രഖ്യാപിച്ചിട്ടുള്ളതും അവിടങ്ങളിൽ ചിത്രങ്ങൾ എടുക്കുന്നതും പ്രദർശിപ്പിക്കുന്നതും ആക്റ്റ് പ്രകാരം നിരോധിച്ചിട്ടുള്ളതുമാണ്. എന്നാൽ സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളായ ഇടുക്കി, ചെറുതോണി തുടങ്ങിയ ഡാമുകളിലെ തന്ത്രപ്രധാനമായ ഭാഗങ്ങളുടെ ചിത്രങ്ങളും സാങ്കേതിക വിശദീകരണവും അടക്കം ചില ദൃശ്യ-പത്ര മാധ്യമങ്ങൾ വാർത്തകളുടെ ഭാഗമായി സംപ്രേഷണം ചെയ്യുകയായിരുന്നു. ഇത് നിയമ ലംഘനത്തിൽപ്പെടുന്നതാണ്.
ജലവൈദ്യുതി നിലയങ്ങളെയും ഡാമുകളെയും സംബന്ധിച്ച വാർത്തകൾ നൽകുമ്പോൾ രാജ്യ സുരക്ഷക്ക് വിഘാതമാകാത്ത തരത്തിലും ഒഫീഷ്യൽ സീക്രട്ട്‌സ് ആക്റ്റ്-1923 ന്റെ ലംഘനമില്ലാത്ത തരത്തിലുമുള്ള ചിത്രങ്ങൾ മാത്രമേ പ്രസിദ്ധീകരിക്കാനോ സംപ്രേഷണം ചെയ്യാനോ പാടുള്ളൂ. ഇത്തരത്തിൽ റൂട്ട്മാപ്പ് പുറത്തുവിട്ട മാധ്യമങ്ങൾക്കെതിരെ നിലവിൽ നിയമ നടപടികൾക്ക് ഒരുങ്ങില്ലെന്ന സൂചന നൽകുന്നതാണ് മുന്നറിയിപ്പ് നൽകിയതിലൂടെ ബോർഡ് നൽകുന്നത്.
സാറ്റലൈറ്റ് ചിത്രങ്ങളും വീഡിയോകളും ഉൾപ്പടെ ഗ്രാഫിക്‌സിന്റെ സഹായത്തോടെ പുറത്തുവിട്ട മാധ്യമങ്ങളെ സാമൂഹ്യ മാധ്യമങ്ങൾ കണക്കിന് പരിഹസിച്ചു. 

Latest News