Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊച്ചി മെട്രോ ഐ.ടി ഹബിലേക്ക്‌

കൊച്ചിയിൽ വന്നാൽ മെട്രോ റെയിലിൽ കയറാതെ സഞ്ചാരം പൂർണമാകില്ല. കൊച്ചിയുടെ 'ഠ' വട്ടത്തിലാണ് മെട്രോ റെയിലിന്റെ കറക്കമെങ്കിലും നഗരത്തിന്റെ പ്രധാന ആകർഷണമാണ് കൊച്ചി മെട്രോ. കൊച്ചിയിൽ കുടുംബവുമായി ദൂരദേശങ്ങളിൽ നിന്നെത്തുന്നവർക്ക് കൊച്ചി മെട്രോയിൽ കയറി ഒന്ന് കറങ്ങുന്നത് ഒരു ഹരമായി മാറിയിട്ടുണ്ട്.  എയർകണ്ടീഷൻ ചെയ്ത ആകാശ പാതയിലൂടെ കുറഞ്ഞ ചെലവിൽ ലക്ഷ്യസ്ഥാനത്ത് കുതിച്ചെത്തുന്ന കൊച്ചി മെട്രോ മലയാളികളുടെയാകെ യാത്രാസങ്കൽപങ്ങളെ മാറ്റിമറിച്ചു കഴിഞ്ഞു. നമ്മുടെ നാട്ടിലും ഇതുപോലൊരു മെട്രോ റെയിൽ വേണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികളുണ്ടാകില്ല. രോഗാതുരമായ കൊച്ചി നഗരസഞ്ചാര പാതകളുടെ നാഡീവ്യൂഹത്തിലെ  കേന്ദ്ര ധമനി ഇന്ന് മെട്രോ റെയിലാണ്. മന്ദം മന്ദമാണെങ്കിലും മെട്രോ ഓരോ നാഴികക്കല്ലും പിന്നിട്ട് കൊച്ചിയുടെ പ്രാന്ത നഗരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. എറണാകുളം ജില്ലയിലെ പ്രധാന നഗരങ്ങളെല്ലാം മെട്രോ റെയിലിനാൽ ബന്ധിക്കപ്പെടുന്ന നാളുകൾ ജനങ്ങളുടെ സ്വപ്നമാണ്. കൊച്ചി നഗരത്തിൽ നിന്ന് ഇടപ്പള്ളി, കളമശ്ശേരി, ആലുവ, തൃപ്പൂണിത്തുറ എന്നീ നഗരങ്ങളിലേക്കാണ് നിലവിൽ മെട്രോ റെയിലിൽ യാത്ര ചെയ്യാൻ കഴിയുന്നതെങ്കിൽ അനതിവിദൂര ഭാവിയിൽ തന്നെ കാക്കനാട്, നെടുമ്പാശ്ശേരി, അങ്കമാലി, ഫോർട്ട്കൊച്ചി നഗരങ്ങളിലേക്കും പല ഘട്ടങ്ങളായി മെട്രോ റെയിൽ പാത നിലവിൽവരും. സമീപ ജില്ലകളിലേക്കും മെട്രോ ശൃംഖല വ്യാപിക്കുന്ന കാലം അതിവിദൂരത്തല്ല.
ആറു വർഷം പിന്നിട്ടിട്ടും ഒന്നാം ഘട്ടം പൂർത്തിയാകാതെ മന്ദഗതിയിലുള്ള നിർമാണ പുരോഗതിയും ചെലവിന് ആനുപാതികമായ വരുമാനമില്ലാതെ നഷ്ടത്തിൽ നിന്ന് കൂടുതൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന സാമ്പത്തിക സ്ഥിതിയും കൊച്ചി മെട്രോയുടെ ഭാവിക്ക് മേൽ ഇത്രയും കാലം കരിനിഴൽ വീഴ്ത്തിയിരുന്നു. എന്നാൽ പതനത്തിലേക്ക് എന്ന് തോന്നിച്ചിടത്ത് നിന്ന് വിജയക്കുതിപ്പ് നടത്തുകയാണ് കൊച്ചി മെട്രോ. യാത്രക്കാരെ ആകർഷിക്കുന്നതിനുള്ള വൈവിധ്യമുള്ള നിരവധി പദ്ധതികൾ ആവിഷ്‌കരിക്കുകയും പ്രവർത്തന ചെലവ് ഗണ്യമായി കുറക്കുകയും ചെയ്തുകൊണ്ടാണ് മെട്രോ അപൂർവ നേട്ടം കൈവരിച്ചിരിക്കുന്നത്. മെട്രോ റെയിൽ കൂടുതൽ നഗരങ്ങളിലേക്കു വ്യാപിപ്പിക്കാനുള്ള ഭാവി പദ്ധതികൾക്ക് ഊർജം പകരുന്നതാണ് ഈ നേട്ടം. അസാധ്യമെന്ന് കരുതിയ നേട്ടം കഠിനാധ്വാനത്തിലൂടെ കൈയെത്തിപ്പിടിച്ചത് പുതിയ സാരഥിയായ ലോക്നാഥ് ബെഹ്റ കൊണ്ടുവന്ന പരിഷ്‌കാരങ്ങളിലൂടെയാണ്.
ദൈനംദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം എന്ന മാജിക്കൽ ഫിഗർ കടന്നത് വരുമാനം ഉയരുന്നതിനും സഹായകമായി. 2020-21 കാലത്ത് 12.90 കോടി രൂപയായിരുന്ന വരുമാനം 2022-23 സാമ്പത്തിക വർഷത്തിൽ 75.49 കോടി രൂപയിലേക്കുയർന്നു. 2020-21 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 485 ശതമാനം വർധനയാണിത്. യാത്ര നിരക്കിന് പുറമേയുള്ള വരുമാനത്തിനും മികച്ച വളർച്ചയാണുണ്ടായത്. നോൺ ഫെയർ  വരുമാനം 2020-21 സാമ്പത്തിക വർഷം 41.42 കോടി രൂപയിൽ നിന്ന് 2022-23 വർഷത്തിൽ 58.55 കോടി രൂപയായി ഉയർന്നു. രണ്ടു വരുമാനങ്ങളും കൂട്ടുമ്പോൾ 2020-21 വർഷത്തിലെ ഓപറേഷണൽ റവന്യൂ 54.32 കോടി രൂപയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 134.04 കോടി രൂപയായി ഉയർന്നു. 145 ശതമാനം വളർച്ചയാണിത്. തൃപ്പൂണിത്തുറ ടൗൺ വരെയുള്ള ഒന്നാം ഘട്ടം ആഴ്ചകൾക്കകം പൂർത്തിയാകുകയാണ്. മെട്രോ റെയിൽ തൃപ്പൂണിത്തുറ ടൗണിലെത്തുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ ഇനിയും ഗണ്യമായ വർധന പ്രതീക്ഷിക്കുന്നു.  
കൊച്ചി മെട്രോ രണ്ടാംഘട്ടം അനന്തമായി വൈകുന്നതിന് പിന്നിൽ പ്രതിദിന മെട്രോ യാത്രക്കാരുടെ എണ്ണത്തിലെ കുറവാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. പ്രതിദിനം ഒരു കോടിയോളം നഷ്ടത്തിലാണ് കൊച്ചി മെട്രോ ഓടിക്കൊണ്ടിരിുന്നത്. യാത്രക്കാർ വർധിക്കാതെ പദ്ധതി ലാഭകരമാകില്ലെന്ന് ചൂണ്ടിക്കാട്ടി രാജ്യാന്തര ഏജൻസികളും കേന്ദ്ര സർക്കാരും ഫണ്ട് അനുവദിക്കാൻ തയാറാകാതിരുന്നത് രണ്ടാം ഘട്ടത്തിന് തടസ്സമായി നിന്നു. പദ്ധതിക്കായി വായ്പ നൽകാമെന്ന് ഏറ്റിരുന്ന ഫ്രഞ്ച് വികസന ബാങ്ക് പദ്ധതിയിൽ നിന്ന് പിന്മാറി. സ്ഥലമേറ്റെടുപ്പിന് ശേഷം റോഡിന്റെ വീതി കൂട്ടാനുള്ള നടപടികൾ തുടങ്ങിയതിന് ശേഷമാണ് ഫ്രഞ്ച് വികസന ഏജൻസി ഫണ്ടിംഗിൽ നിന്നും പിന്മാറിയത്. എന്നാൽ എല്ലാ പ്രതിസന്ധികളെയും മറികടന്ന് മെട്രോ റെയിൽ ലാഭത്തിലായതോടെ വായ്പ സാധ്യതകൾ തുറക്കുകയാണ്.
മെട്രോയുടെ ആധുനികവൽക്കരണത്തിന് വിവിധ പദ്ധതികൾ പരിഗണനയിലുണ്ടെന്ന് കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു. യാത്രക്കാരെ ആകർഷിക്കാൻ പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കി വരികയാണ്. കൊച്ചി മെട്രോ ടിക്കറ്റ് ഡിജിറ്റലൈസ് ചെയ്യാൻ നടപടികൾ ആരംഭിച്ചു. ഡിസംബർ 31 ഓടെ ഡിജിറ്റലൈസേഷൻ പൂർത്തിയാകും. കൊച്ചി മെട്രോ റെയിലിനെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വരും മാസങ്ങളിൽ കാര്യമായ വർധനയുണ്ടാകുമെന്നാണ് കെ.എം.ആർ.എല്ലിന്റെ പ്രതീക്ഷ. കനത്ത മഴയും കൊടുംചൂടും മാറിമാറി വരുന്നതും കൂടുതൽ യാത്രക്കാരെ മെട്രോയിലേക്ക് ആകർഷിക്കുന്നുണ്ട്. സ്ഥിരം യാത്രക്കാരെയും ന്യൂജനറേഷനെയും കൂടുതലായി ആകർഷിക്കാനായി വ്യത്യസ്തമായ പദ്ധതികൾ നടപ്പാക്കിയതും അതിൽ ജനപങ്കാളിത്തം ഉറപ്പാക്കിയതും പ്രയോജനം ചെയ്തു. വിവിധ ഇളവുകളും യാത്ര പാസുകളും സ്ഥിരം യാത്രികരെ ആകർഷിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ടെന്ന് മെട്രോ അധികൃതർ പറയുന്നു.
ദിവസം 10,000 വിദ്യാർത്ഥികൾ മെട്രോയിൽ യാത്ര ചെയ്യുന്ന തരത്തിലാണ് പദ്ധതികൾ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിദ്യാർഥികൾക്കായി പുതിയ ട്രാവൽ കാർഡ് പുറത്തിറക്കി. 495 രൂപക്ക് വാങ്ങുന്ന വിദ്യ 45 എന്ന കാർഡ് ഉപയോഗിച്ച് 45 ദിവസം ദൂരപരിധിയില്ലാതെ 50 യാത്ര ചെയ്യാം. ഒരു യാത്രക്ക് 10 രൂപയിൽ താഴെയേ വരുന്നുള്ളൂ എന്നതാണ് കാർഡിന്റെ പ്രത്യേകത. തിരക്ക് വർധിക്കുന്നത് കണക്കിലെടുത്ത് ഞായറാഴ്ചകളിൽ കൊച്ചി മെട്രോയിൽ 7.30 മുതൽ സർവീസ് നടത്തുന്നുണ്ട്. മുൻപ് ഞായറാഴ്ചകളിൽ എട്ട് മണിക്കായിരുന്നു മെട്രോയുടെ സർവീസ് തുടങ്ങിയിരുന്നത്. ഓൺലൈൻ സർവേ അഭിപ്രായങ്ങൾ പരിഗണിച്ചാണ് പുതിയ സമയക്രമം നിശ്ചയിച്ചത്.
2013 ജൂണിലാണ് മെട്രോ നിർമാണം തുടങ്ങിയത്. 2017 ജൂൺ 17 ന് 13.2 കിലോമീറ്റർ ദൂരം 11 സ്റ്റേഷനുകളുള്ള ആലുവ-പാലാരിവട്ടം പാത തുറന്നു. ഒക്ടോബർ മൂന്നിന് പാലാരിവട്ടം മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെ 4.96 കിലോമീറ്റർ പാത കൂടി തുറന്നു. ആകെ സ്റ്റേഷനുകൾ 16. സൗത്ത് റെയിൽവേ സ്റ്റേഷനും വൈറ്റില ജംഗ്ഷനും കടന്ന് 2019 സെപ്റ്റംബർ മൂന്നിന് മെട്രോ തൈക്കൂടത്തെത്തി. 5.5 കിലോമീറ്റർ പാതയിൽ അഞ്ച് സ്റ്റേഷനുകൾ. 25.16 കിലോമീറ്റർ പാതയിലെ അവസാന സ്റ്റേഷനായ പേട്ടയിലേക്കുള്ള സർവീസ് 2020 സെപ്റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പേട്ട-എസ്.എൻ ജംഗ്ഷൻ പാതയുടെ ഉദ്ഘാടനം കഴിഞ്ഞ സെപ്റ്റംബറിൽ പ്രധാനമന്ത്രി നടത്തിയതോടെ ആകെ മെട്രോ പാതയുടെ നീളം 26.24 ആയി. ആകെ സ്റ്റേഷനുകൾ 24. രാവിലെ ആറ് മുതൽ രാത്രി 10.30 വരെ യാത്രത്തിരക്കിനെ അടിസ്ഥാനമാക്കി 7-8 മിനിറ്റ് ഇടവേളയിലാണ് സർവീസ്.

ജില്ല ആസ്ഥാനത്തേക്ക് രണ്ടാം ഘട്ടത്തിന് തുടക്കം

ജവാഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷൻ മുതൽ കാക്കനാട് വരെ നീളുന്ന കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കേ  രണ്ടാം ഘട്ടത്തിലെ മൂന്ന് സ്റ്റേഷൻ നിർമാണത്തിനുള്ള ടെൻഡർ ക്ഷണിച്ചു കഴിഞ്ഞു. കിൻഫ്ര പാർക്ക്, ഇൻഫോപാർക്ക്, ചിറ്റേത്തുകര എന്നീ സ്റ്റേഷനുകളുടെ നിർമാണത്തിനായുള്ള ടെൻഡറുകളാണ് ക്ഷണിച്ചിരിക്കുന്നത്. 2025 നവംബർ മാസത്തോടെ കാക്കനാട്-ഇൻഫോപാർക്ക് റൂട്ടിൽ മെട്രോ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ആറ് സ്ഥലങ്ങളിൽ ഒരേ സമയം നിർമാണം കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനോടൊപ്പം ഒരേസമയം നാല് സ്റ്റേഷനുകളുടെയും നിർമാണവും നടത്താനാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്കായി കേന്ദ്ര സർക്കാർ  338.75 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാർ 555.18 കോടി രൂപയും നൽകും. ഇതിന് പുറമെ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് (എ.ഐ.ഐ.ബി) 1016.24 കോടി രൂപയും പദ്ധതി പൂർത്തീകരണത്തിനായി മാറ്റിവെക്കും.
കാക്കനാട് സ്പെഷ്യൽ ഇക്കണോമിക് സോണിന് സമീപം വരുന്ന മെട്രോ സ്റ്റേഷന്റെ എൻട്രി, എക്സിറ്റ് നിർമാണം ആരംഭിച്ചിട്ടുണ്ട്. ഇവയുടെ പൈലിംഗ് വർക്കുകളാണ് ഇപ്പോൾ നടക്കുന്നത്. കാക്കനാട് ജംഗ്ഷനിലും താമസിയാതെ പൈലിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തുടങ്ങും. പ്രീകാസ്റ്റ് രീതി ഉപയോഗിക്കുന്നതുകൊണ്ട് ഏഴ് മാസത്തിനുള്ളിൽ തന്നെ സ്റ്റേഷൻ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാകുമെന്നാണ് കണക്കുകൂട്ടൽ.  രണ്ടാം ഘട്ടത്തിനായി പാലാരിവട്ടം മുതൽ കുന്നുംപുറം വരെയുള്ള സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായിട്ടുണ്ട്. സ്റ്റേഡിയം മുതൽ പാലാരിവട്ടം വരെ 90 ശതമാനം ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. അടുത്ത മാസം അവസാനത്തോടെ ഈ മേഖലയിൽ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കെ.എം.ആർ.എൽ പ്രതീക്ഷിക്കുന്നത്.
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിൽ ജെ.എൽ.എൻ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ 11 സ്റ്റേഷനുകളാണ് ഉണ്ടാകുക. കലൂർ സ്റ്റേഡിയം സ്റ്റേഷനിൽ നിന്നും പാലാരിവട്ടം ജംഗ്ഷൻ, പാലാരിവട്ടം ബൈപാസ്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ, കാക്കനാട് ജംഗ്ഷൻ, കൊച്ചി സെസ്സ്, ചിറ്റേട്ടുകര, കിൻഫ്രാ പാർക്ക്, ഇൻഫോപാർക്ക് 1, ഇൻഫോപാർക്ക് 2 എന്നിവയാണ് നിർദിഷ്ട സ്റ്റേഷനുകൾ. കാക്കനാട് പാതയുടെ നിർമാണം തുടങ്ങുന്നതോടൊപ്പം സീപോർട്ട് എയർപോർട്ട് റോഡ് വഴി തൃപ്പൂണിത്തുറയും കാക്കനാടും കളമശ്ശേരിയും മെട്രോ വഴി ബന്ധിപ്പിക്കാനുള്ള പദ്ധതിയും കൊച്ചി മെട്രോക്കുണ്ട്.  എന്നാൽ ഇവ രണ്ടാം ഘട്ടം പൂർത്തിയായ ശേഷം മാത്രമാകും പരിഗണിക്കുക.
നിലവിലെ മെട്രോ സ്റ്റേഷനുകളുടെ പല അപാകതകളും തീർത്തായിരിക്കും പുതിയ സ്റ്റേഷനുകൾ നർമിക്കുക. നിലവിലെ മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് കവാടത്തിൽനിന്ന് പ്ലാറ്റ്ഫോമിലെത്താൻ അഞ്ചോ ആറോ മിനിറ്റ് സമയമെടുക്കുന്നുണ്ട്. ഗ്രൗണ്ട് ഫ്ളോറിൽ നിന്ന് തന്നെ ടിക്കറ്റെടുത്ത് ലിഫ്റ്റിൽ നേരിട്ട് പ്ലാറ്റ്ഫോമിൽ എത്താനുള്ള സൗകര്യം ഭൂരിഭാഗം സ്റ്റേഷനുകളിലുമില്ല. ഒന്നാം നിലയിലാണ് ടിക്കറ്റ് കൗണ്ടറുകൾ സജ്ജീകരിച്ചിരിക്കുന്നത്. എന്നാൽ യാത്രക്കാരെ മൂന്ന് മിനിറ്റിൽ പ്ലാറ്റ്ഫോമിലെത്തിക്കാനുള്ള രൂപകൽപനയായിരിക്കും രണ്ടാം ഘട്ടത്തിലെ സ്റ്റേഷനുകളുടെ പ്രത്യേകത. ഇതിനായി താഴത്തെ നിലയെയും പ്ലാറ്റ്ഫോമിനെയും നേരിട്ടു ബന്ധിപ്പിക്കുന്ന പ്രത്യേക ലിഫ്റ്റുകളടക്കം തയാറാക്കും.
വാണിജ്യാവശ്യത്തിനായി വാടകക്കു കൊടുക്കാനായി നിലവിലെ സ്റ്റേഷനുകൾ ആവശ്യത്തിലധികം വലിപ്പത്തിലാണ് നിർമിച്ചിട്ടുള്ളത്. എന്നാൽ മിക്ക സ്റ്റേഷനുകളിലും വാടകക്കാരെ കണ്ടെത്താൻ ഇനിയും കെ.എം.ആർ.എല്ലിനു കഴിഞ്ഞിട്ടില്ല. ഉള്ള കച്ചവട സ്ഥാപനങ്ങളിൽ വലിയ തോതിൽ ബിസിനസും നടക്കുന്നില്ല. ഈ സാഹചര്യത്തിൽ രണ്ടാം ഘട്ടത്തിലെ സ്റ്റേഷനുകൾ വലിപ്പം കുറച്ചായിരിക്കും നിർമിക്കുക. പദ്ധതിയുടെ ചെലവു കുറയ്ക്കാൻ ഇത് സഹായിക്കും.
നിലവിലെ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ട്രെയിനുകളുടെ സമയം അറിയാൻ പ്ലാറ്റ്ഫോമിലെത്തണം. എന്നാൽ പുതിയ സ്റ്റേഷനുകളുടെ കവാടത്തിൽ ഇരുദിശകളിലേക്കും അടുത്ത ട്രെയിനുകൾ എത്തുന്ന സമയം കവാടത്തിൽ തന്നെ പ്രദർശിപ്പിക്കാനുള്ള സംവിധാനവും ഒരുക്കും. ഇതുവഴി പ്ലാറ്റ്ഫോമിലെ തിരക്കും കാത്തിരിപ്പ് സമയവും കുറയ്ക്കാനാകും. പ്രായമായ യാത്രക്കാർക്കായി കൂടുതൽ സൗകര്യങ്ങളും കുടിവെള്ള കയോസ്‌കുകളും ഒരുക്കം. കൂടാതെ സ്റ്റേഷന് മുന്നിൽ വെളളക്കെട്ടുണ്ടാകാത്ത തരത്തിലായിരിക്കും സ്റ്റേഷനുകളുടെ നിർമിതി. എം.ജി റോഡ്, വൈറ്റില സ്റ്റേഷനുകളുടെ മുന്നിലുണ്ടാകുന്നതു പോലുള്ള വെള്ളക്കെട്ട് പുതിയ സ്റ്റേഷനുകളിൽ ഉണ്ടാകില്ല.
ഇൻഫോപാർക്ക് വരെ നീളുന്ന പാതയിലെ അഞ്ച് ജംഗ്ഷനുകൾ നവീകരിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. പുതിയ പാതയിലെ പാലാരിവട്ടം ബൈപാസ്, പടമുകൾ, കാക്കനാട്, ചിറ്റേത്തുകര, ഇടച്ചിറ സ്റ്റേഷനുകളോടു ചേർന്ന് ജംഗ്ഷനുകൾ കാൽനട യാത്രക്കാർക്കു കൂടി സുരക്ഷ ഉറപ്പു വരുത്തുന്ന തരത്തിൽ ഇടപ്പള്ളി ജംഗ്ഷനിൽ നടത്തിയതുപോലെ വികസിപ്പിക്കാനാണ് തീരുമാനം. ഭാവിയിൽ കൂടുതൽ കേന്ദ്രങ്ങളിലേക്ക് മെട്രോ ദീർഘിപ്പിക്കാനുള്ള സൗകര്യത്തിനായി അലൈൻമെന്റിലും സ്റ്റേഷനുകളുടെ രൂപകൽപനയിലും മാറ്റങ്ങൾ വരുത്തും. ഭാവിയിൽ സ്മാർട്ട് സിറ്റിയിലേക്ക് മെട്രോ നീട്ടാൻ കഴിയുംവിധം ഇടച്ചിറയിലെ മെട്രോ സ്റ്റേഷൻ പുനഃക്രമീകരിക്കും. പൊതുജനങ്ങൾക്കു കൂടി കൂടുതൽ പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും ഇടച്ചിറ സ്റ്റേഷന്റെ സ്ഥാനം. ഐ.ടി ജീവനക്കാർക്കും പ്രദേശവാസികൾക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന തരത്തിലായിരിക്കും സ്റ്റേഷന്റെ രൂപകൽപന.

മൂന്നാം ഘട്ടം അങ്കമാലി വരെ നീട്ടാൻ പദ്ധതി

ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വരെ നിർമിക്കാൻ നിശ്ചയിച്ചിട്ടുള്ള കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടം അങ്കമാലിയിലെ നിർദിഷ്ട ഗിഫ്റ്റ്്സിറ്റി വരെ നീട്ടാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നു. ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് വിമാനത്താവളത്തിലേക്ക് 12 കിലോമീറ്ററാണ് ദൂരം. ഇവിടെ നിന്ന് വീണ്ടും 12 കിലോമീറ്ററോളം മെട്രോ പാത നിർമിച്ചാൽ മാത്രമേ ഗിഫ്റ്റ് സിറ്റിയിൽ എത്തിച്ചേരാൻ സാധിക്കൂ. നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് ഒരു കിലോമീറ്റർ മെട്രോ പാത നിർമിക്കാൻ 100 കോടി രൂപയിലധികം ചെലവുണ്ട്. ഗിഫ്റ്റ് സിറ്റിയുടെ പേരിൽ മെട്രോ പാത 24 കിലോമീറ്ററോളം നീട്ടുന്നത് അടക്കമുള്ള പദ്ധതികൾക്ക് കേന്ദ്ര സർക്കാർ നിലപാട് നിർണായകമാണ്. അങ്കമാലി വരെയുള്ള മൂന്നാം ഘട്ടം കഴിഞ്ഞാൽ ടൂറിസ്റ്റുകളുടെ പറുദീസയായ ഫോർട്ട് കൊച്ചിയിലേക്കാകും മെട്രോ കുതിക്കുക.

Latest News