കമ്മ്യൂണിസം മതനിരാസത്തില്‍ അധിഷ്ഠിതമാണ്. ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന് ഒരിക്കലും മതവിശ്വാസിയാവാന്‍ കഴിയില്ല. ലോകത്ത് എവിടെയായാലും അവര്‍ അവരുടെ ആശയം പ്രചരിപ്പിക്കും. ക്യാമ്പസുകളില്‍ എസ്.എഫ്.ഐ മുസ്ലിം വിദ്യാര്‍ത്ഥികളെ ലിബറലിസത്തിലേക്കും മതനിഷേധത്തിലേക്കും നയിക്കുന്നത് അതിന്റെ ഭാഗമാണ്.
തട്ടമിട്ട മുസ്ലിം പെണ്‍കുട്ടികളെ കൊണ്ട് മലപ്പുറത്ത് ഫ്‌ലാഷ് മോബ് കളിപ്പിച്ചതും മുസ്ലിം പെണ്‍കുട്ടികളുടെ തട്ടം ഒഴിവാക്കാന്‍ സി.പി.എം പ്രവര്‍ത്തിച്ചു എന്ന് പാര്‍ട്ടി നേതാവ് അനില്‍കുമാര്‍ ഇന്നലെ തിരുവനന്തപുരം പറഞ്ഞതും തമ്മില്‍ വൈരുദ്ധ്യമില്ല. പരസ്യമായി മലപ്പുറത്ത് നടു റോഡില്‍ ഇറങ്ങി മുസ്ലിം പെണ്‍കുട്ടികള്‍ ഫ്‌ലാഷ് മോബ് കളിക്കുന്നുവെന്ന് അറിയിക്കണമെങ്കില്‍ ഇസ്ലാമിക ചിഹ്നമായ തട്ടം അവര്‍ ഇടണമല്ലോ. ലിബറലിസത്തിലേക്ക് മുസ്ലിം പെണ്‍കുട്ടികളെ ഞങ്ങള്‍ക്ക് കൊണ്ടുപോകാന്‍ കഴിയുന്നുവെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തണമെങ്കില്‍ അവരുടെ തട്ടമഴിപ്പിച്ചു എന്ന് പറയുകയും വേണം.
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ കുഴപ്പമാണിത്. കമ്മ്യൂണിസ്റ്റ് ആശയം ഉള്‍ക്കൊണ്ടവര്‍ മത നിഷേധികളാണ്. സൈദ്ധാന്തികമായി കമ്മ്യൂണിസം പഠിക്കുകയും പാര്‍ട്ടിയില്‍ ഉയര്‍ന്നു പോവുകയും ചെയ്യുന്നവര്‍ ക്രമേണ മതത്തില്‍ നിന്ന് പുറത്ത് പോകേണ്ടിവരും. കമ്മ്യൂണിസ്റ്റ് ആശയം ഉള്‍ക്കൊണ്ട് മതത്തില്‍ നിന്ന് പുറത്തുപോയി മരണപ്പെട്ടവരെ ഈ ലേഖകന് നേരിട്ടറിയാം.
സാന്ദര്‍ഭികമായി പറയട്ടെ ഈ വിനീതന്റെ ഒരു വീഡിയോയുടെ ഒരു കഷണം മുറിച്ചെടുത്ത് കമ്മ്യൂണിസത്തെ വെള്ളപൂശി എന്ന് പ്രചരിപ്പിക്കുന്നവരോട് സവിനയം ഉണര്‍ത്തട്ടെ ആ വീഡിയോ താഴെയുണ്ട്. അതൊന്നു കാണുക അതില്‍ എവിടെയാണ് കുഴപ്പമെന്ന് നിങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാം. അതിലൊരു പരാമര്‍ശം ഉണ്ട്. കേരളത്തിലെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടികള്‍ ഇവിടത്തെ മതേതര ജനാധിപത്യ ഗവര്‍മെന്റുമായി സഹകരിച്ച് കൊണ്ട് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ഒരു മതേതര പാര്‍ട്ടിയെ പോലെ പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. അത് വാസ്തവമല്ലേ.?പ്രത്യുത ചൈനയെ പോലെയോ ക്യൂബയെ പോലെയോ കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതി രാഷ്ട്രത്തില്‍ നടപ്പിലാക്കുകയല്ലല്ലോ അവരിവിടെ ചെയ്യുന്നത്.നിലവിലുള്ള ഇന്ത്യന്‍ വ്യവസ്ഥിതിയില്‍ അതവര്‍ക്ക് സാധ്യവുമല്ല.
കമ്മ്യൂണിസം നടപ്പാക്കുകയാണ് ഇവിടെ കമ്മ്യൂണിസ്റ്റുകള്‍ ചെയ്യുന്നതെങ്കില്‍ അവരോട് നാം എങ്ങനെ മുന്നണി ബന്ധമുണ്ടാക്കും.? അവര്‍ നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റിനോട് മുസ്ലീങ്ങള്‍ എങ്ങനെ സഹകരിക്കും?
കടുത്ത തെറ്റാകില്ലേ അത്?
മറ്റൊരു കാര്യം , കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുഴുവന്‍ മതനിഷേധികളാണെന്ന് പറയാന്‍ പറ്റില്ല. വിവിധ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ആ പാര്‍ട്ടിയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉണ്ടാകാം. അതേസമയം കമ്മ്യൂണിസം ഒരു മുസ്ലിം ഉള്‍ക്കൊണ്ടാല്‍ അവന്‍ മതത്തില്‍ നിന്ന് തന്നെ പുറത്തു പോകും. എന്റെ സഹപ്രവര്‍ത്തകന്‍ സമദ് പൂക്കോട്ടൂരും ഇക്കാര്യം വ്യക്തമായി പറയുന്നു. 'പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുഴുവന്‍ മതവിശ്വാസികളെല്ലെന്ന് പറയുന്നില്ല അരിക്കും തുണിക്കും പണിക്കും വേണ്ടി കമ്മ്യൂണിസ്റ്റായ ആളുകളുണ്ട്. മുസ്ലിം ലീഗില്‍ സ്ഥാനം കിട്ടാത്തതിന്റെ പേരിലോ അവഗണന നേരിട്ടതിനാലോ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലേക്ക് പോയവരുണ്ട്. അവര്‍ മതവിശ്വാസികള്‍ അല്ലെന്ന് പറയാന്‍ കഴിയില്ല.'
മതപരമായി ഇങ്ങനെ പറയാനേ പറ്റൂ. ഒരു കാര്യം ഉറപ്പ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ പങ്കാളികളാകുന്നവരോടൊപ്പം അവര്‍ അവരുടെ ഹിഡന്‍ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്നതാണ് അനില്‍കുമാറിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്. നാം അതീവ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.