കരുത്തുറ്റ ഇസ്ലാം വിമര്‍ശകന്‍ പിണറായി; ഉദാഹരണം ബോഡി വേസ്റ്റ്, പോസ്റ്റുമായി ഹരീഷ് വാസദേവന്‍

കൊച്ചി-തട്ടമിടാത്ത മുസ്ലിം പെണ്‍കുട്ടികള്‍ മലപ്പുറത്തോ കാസര്‍കോടോ ഉണ്ടെങ്കില്‍ അത് പുരോഗമന സമൂഹത്തിന്റെ ലക്ഷണം തന്നെയാണെന്ന് പരിസ്ഥിതി വാദിയും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍. തട്ടിമിടല്‍ വിവാദത്തില്‍ സി.പി.എം നേതാവിനെ അനുകൂലിച്ചുകൊണ്ടാണ് പാര്‍ട്ടി കപട പരിസ്ഥിതിവാദിയെന്ന് ആരോപിക്കാറുള്ള ഹരീഷ് വാസുദേവന്റെ ഫേസ് ബുക്ക് പോസ്റ്റ്.

കുറിപ്പ് വായിക്കാം

പ്രവാചകന്റെ ആയാലും മുടി ഒരു ബോഡി വേസ്റ്റ് ആണെന്ന് തുറന്നടിച്ചു പറയാന്‍ പിണറായി വിജയന്‍ കാണിച്ച ധൈര്യമാണ് സത്യത്തില്‍ കാലമാവശ്യപ്പെടുന്ന കമ്യൂണിസ്റ്റു മാര്‍ക്‌സിസ്റ്റു പ്രവര്‍ത്തകന്റെ മുഖമുദ്ര, ഭൗതികവാദം.
ഹൈന്ദവവിശ്വാസങ്ങളെ വിമര്‍ശിക്കുന്നത് പോലെയാവില്ല സെമെറ്റിക്ക് മതങ്ങളെ വിമര്‍ശിച്ചാല്‍  എന്നൊരു തെറ്റിദ്ധാരണ ആര്‍ക്കെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അത് മാറ്റിയ കരുത്തുറ്റ ജനനേതാക്കളാണ് വി എസ്സും പിണറായിയും ഒക്കെ. ആര്യാടന്‍ മുഹമ്മദു പോലുള്ള പേരുകളും ഉണ്ട്.

ബോധ്യമായ സത്യം പറയാന്‍ ഒരുത്തനെയും പേടിക്കേണ്ട എന്ന ബോധ്യത്തില്‍ വളര്‍ന്ന തലമുറയുടെ വക്താക്കളാണ് അവര്‍. അതിനുശേഷവും അവര്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു, ഇസ്‌ലാം മതവിശ്വാസികളുടെകൂടി വോട്ടുവാങ്ങി ജയിച്ചു. വസ്തുത പറയുന്നവരെ അംഗീകരിക്കുന്ന പ്രബുദ്ധമായ ജനതയാണ് കേരളത്തില്‍.

എന്നാല്‍ ഇസ്‌ലാം വിമര്‍ശനം ഇന്നത്തെ സി.പി.എമ്മി നോ കോണ്‍ഗ്രസ്സിനോ പറഞ്ഞിട്ടുള്ള പരിപാടിയല്ല. ആ മതത്തിന്റെ പേരില്‍ നടക്കുന്ന എന്ത് റിഗ്രസീവ് പരിപാടിയെയും വിമര്‍ശിക്കാതെ തലോടി പോകേണ്ടത് പണ്ട് കോണ്‍ഗ്രസിന്റെ ആവശ്യമായിരുന്നെങ്കില്‍ ഇന്നത് സി.പി.എമ്മിന്റെ പോലും ആവശ്യമാണ്. വോട്ട് ബാങ്ക് കക്ഷിരാഷ്ട്രീയ കാലത്തെ പ്രായോഗിക ആവശ്യം ആണെന്ന് ഇരുകൂട്ടരും കരുതുന്നു. തത്വശാസ്ത്രത്തിനല്ല വോട്ടുബാങ്കിനാണ് കാര്യമെന്ന സ്ഥിതി കഷ്ടം എന്നേ പറയേണ്ടൂ.

തട്ടമിടാത്ത മുസ്ലിം പെണ്‍കുട്ടികള്‍ മലപ്പുറത്തോ കാസറഗോഡോ ഒക്കെയുണ്ടെങ്കില്‍ അത് പുരോഗമന സമൂഹത്തിന്റെ ലക്ഷണം തന്നെയാണ്. മതചിഹ്നങ്ങള്‍ ഇല്ലാതെ ഇസ്ലാമിലെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് പുരോഗമനം തന്നെയാണ്.

വേണ്ടവര്‍ തട്ടം ഇടട്ടെ, വിശ്വസിക്കട്ടെ അതുപോലെ വേണ്ടാത്തവര്‍ക്ക് തട്ടം ഇടാതിരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം, ഇരുകൂട്ടര്‍ക്കും ഒരേ സ്റ്റാറ്റസ് ലഭിക്കണം, അതാണ് പുരോഗമനം. അതാണ് സ്വാതന്ത്ര്യം.

ഭരണഘടന അത് തന്നെയാണ് അനുശാസിക്കുന്നത്. എല്ലാ മതങ്ങളിലെയും സ്ത്രീവിരുദ്ധത എത്ര വെള്ള പൂശിയാലും ഇക്കാലത്ത് പുറത്തുകാണും. ചങ്ങല സ്വാതന്ത്ര്യത്തിന്റെ ലക്ഷണമാണെന്ന് ഏത് ഗതികെട്ട തടവുപുള്ളിയെക്കൊണ്ടു എത്രവട്ടം സാക്ഷ്യം പറയിച്ചാലും അസ്വാതന്ത്ര്യത്തിന്റെ പ്രതീകമായി ചങ്ങല ചരിത്രത്തില്‍ എന്നുമുണ്ടാകും.

 

Latest News