Sorry, you need to enable JavaScript to visit this website.

വിദ്യാഭ്യാസമുള്ള തട്ടമിട്ട തലമുറ:  കെ.ടി  ജലീലിന്റെ കുറിപ്പ് പങ്കുവെച്ച് എ എം ആരിഫ് 

ആലപ്പുഴ- സിപിഎം നേതാവ് കെ അനില്‍ കുമാറിന്റെ വിവാദമായ തട്ടം പ്രസ്താവനയ്ക്കെതിരായ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവെച്ച് ആലപ്പുഴ എംപി എ എം ആരിഫ്.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ കൂടി ഫലമായാണ് തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് എന്ന അനില്‍ കുമാറിന്റെ പ്രസ്താവനയാണ് വിവാദമായത്. 
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല എന്നതായിരുന്നു ജലീലിന്റെ പോസ്റ്റ്. വ്യക്തിയുടെ അഭിപ്രായം പാര്‍ട്ടിയുടേതായി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തുമെന്നും വിദ്യാഭ്യാസമുള്ള തട്ടമിട്ട തലമുറയാണ് മലപ്പുറത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്തെന്നും ജലീല്‍ പ്രതികരിച്ചു. ഇതടങ്ങുന്ന കുറിപ്പാണ് എ എം ആരിഫ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.
അതിനിടെ, കെ അനില്‍ കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ സമസ്തയും രംഗത്തുവന്നു. 'തട്ടം തട്ടി മാറ്റല്‍' പുരോഗതി അല്ല അധോഗതിയാണെന്ന് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍ വിമര്‍ശിച്ചു. വോട്ട് രാഷ്ട്രീയത്തിന് വേണ്ടി അനില്‍ കുമാര്‍ സ്വന്തം അഭിപ്രായമാണ് പറഞ്ഞതെന്ന് നാളെ പറഞ്ഞേക്കാം. എന്നാല്‍ സിപിഎം നിലപാടാണ് ഇതിലൂടെ വ്യക്തമാക്കിയിരിക്കുന്നതെന്നും അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ഈ പ്രസ്താവനയിലൂടെ സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്തായത്. കമ്മ്യൂണിസത്തിന്റെ അടിസ്ഥാനം മതനിഷേധമെന്നും അദ്ദേഹം പ്രതികരിച്ചു.  നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സി രവിചന്ദ്രന്റെ നേതൃത്വത്തില്‍ യുക്തിവാദ സംഘടനയായ എസ്സന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ് 23 നാസ്തിക സമ്മേളനത്തിലാണ് അനില്‍ കുമാറിന്റെ പരാമര്‍ശം. ഇതിനെതിരെയാണ് ജലീല്‍ പ്രതികരിച്ചത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.

Latest News