ജീവനക്കാരിയെ അധിക്ഷേപിച്ച കമ്പനി  37.5 ലക്ഷം നഷ്ടപരിഹാരം നല്‍കി 

ലണ്ടന്‍-പരമാവധി ലാഭം എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുമ്പോള്‍ സ്വന്തം ജീവനക്കാരുടെ മൗലിക അവകാശങ്ങള്‍ പോലും ഹനിക്കുന്ന കമ്പനികള്‍ക്ക് മുന്നറിയിപ്പ് പോലെ ഒരു വാര്‍ത്ത വരികയാണ് സ്‌കോട് ലാന്റില്‍ നിന്നും. കഴിഞ്ഞ 28 വര്‍ഷമായി തിസില്‍ മറൈന്‍ എന്ന കമ്പനിയില്‍ ജോലി ചെയ്തുവരുകയായിരുന്ന കാരെന്‍ ഫാര്‍ഗ്വേഴ്സണ്‍ എന്ന വനിതയ്ക്കാണ് ദുരനുഭവം.  ആര്‍ത്തവ വിരാമത്തോടനുബന്ധിച്ചുള്ള ശാരീരിക പ്രശ്നങ്ങള്‍ ഉള്ളതായി 2021ല്‍ തന്നെ അവര്‍ കമ്പനിയെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യുകയാണെന്ന് കാരെന്‍ കമ്പനിയെ അറിയിച്ചു. രക്തസ്രാവം കൂടിയതും വിഷാദവുമെല്ലാം ബാധിച്ചതാണ് വര്‍ക്ക് ഫ്രം ഹോം ചെയ്യാന്‍ അവരെ നിര്‍ബന്ധിതയാക്കിയത്. കനത്ത മഞ്ഞുവീഴ്ച മൂലം ആ ദിവസങ്ങളില്‍ കാലാവസ്ഥയും ദുഷ്‌കരമായിരുന്നു. മൂന്നാം ദിവസം ഓഫീസിലെത്തിയ കാരെനെ കമ്പനി ഉടമതന്നെ അധിക്ഷേപിച്ചു സംസാരിക്കുകയായിരുന്നു.
മറ്റ് ജീവനക്കാരുടെ മുന്നില്‍ വച്ച് അപഹസിക്കുകയും ശാരീരിക വേദനയുള്ള പലരും ഓഫീസിലെത്തുന്നുണ്ടെന്നും പറഞ്ഞ് വളരെ മോശമായി കാരെനോട് കമ്പനിയുടമ പെരുമാറി. താന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിശദീകരിക്കാന്‍ കാരെന്‍ ശ്രമിച്ചെങ്കിലും കമ്പനിയുടമയായ 72 വയസുകാരന്‍ ജിം ക്ലര്‍ക്ക് അവയെല്ലാം തള്ളിക്കളയുകയും പരിഹാസം തുടരുകയും ചെയ്തു. ഇതില്‍ പരാതിപ്പെട്ട കാരെന്റെ വര്‍ക്ക് ഫ്രം ഹോം സംവിധാനം കമ്പനി അവസാനിച്ചു.
ഇതോടെ കമ്പനിയില്‍ നിന്ന് രാജിവച്ച അവര്‍ ട്രൈബ്യൂണലിനെ സമീപിക്കുകയും കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. താന്‍ നിഷ്‌കളങ്കമായാണ് കാരെനോട് സംസാരിച്ചതെന്നും തന്റെ കയ്യില്‍ നിന്ന് പണം തട്ടാനാണ് ജീവനക്കാരി ശ്രമിക്കുന്നതെന്നും ജിം ക്ലര്‍ക്ക് വാദിച്ചു. എന്നാല്‍ ഈ വാദം നിരസിച്ച ജഡ്ജിമാര്‍ 37000 പൗണ്ട്  നഷ്ടപരിഹാരമായി കാരെന് നല്‍കാന്‍ വിധിക്കുകയായിരുന്നു. സ്വയം വളര്‍ന്നു വന്ന ബിസിനസുകാരനാണെങ്കിലും ജീവനക്കാരിയോട് സഹാനുഭൂതിയോടെ പെരുമാറുന്നതില്‍ ജിം ക്ലര്‍ക്ക് പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു.

Latest News