Sorry, you need to enable JavaScript to visit this website.

സെന്‍സസില്‍ കുലുങ്ങി മോഡി, രാജ്യവ്യാപകമാക്കണമെന്ന് ഇന്ത്യ സഖ്യം

ന്യൂദല്‍ഹി - ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിഹാര്‍  ജാതി സെന്‍സസിന്റെ ഫലം പുറത്തുവിട്ടത് ബി.ജെ.പിക്ക് തിരിച്ചടിയായി. കോടതിയില്‍നിന്നടക്കമുള്ള തടസ്സങ്ങളെ അതിജീവിച്ചാണ് ബിഹാര്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സംസ്ഥാനത്ത് പിന്നോക്ക വിഭാഗം 63 ശതമാനത്തിലേറെയെന്ന് സെന്‍സസ് കണ്ടെത്തുന്നു. സെന്‍സസ് ഫലങ്ങളെ സ്വാഗതം ചെയ്ത് ഇന്ത്യ സഖ്യം രംഗത്തുവന്നപ്പോള്‍, പ്രതിപക്ഷം ജാതി ചിന്ത ഉയര്‍ത്താന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രസ്താവനയിറക്കി.
ഏതൊക്കെയാണ് ജാതികള്‍, വിവിധ ജാതികളുടെ സാമൂഹിക-സാമ്പത്തിക തൊഴില്‍ വിദ്യാഭ്യാസ അവസ്ഥകള്‍ എന്തൊക്കെയാണ്, ഭരണകൂടത്തിന്റെ കൈകള്‍ എത്താത്തത് എവിടെ, വിഭവങ്ങളുടെ വിതരണം ഏതുനിലക്കാണ് നടക്കുന്നത് എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങള്‍ക്ക് സൂക്ഷ്മമായ ഉത്തരം നല്‍കാന്‍ സഹായിക്കുന്നതാണ് ജാതി സെന്‍സസ്. ഇന്ത്യന്‍ ജനതയില്‍ 75 ശതമാനത്തിലധികം വരുന്ന പിന്നോക്ക വിഭാഗങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ് ജാതി സെന്‍സസ്. ജനസംഖ്യയിലെ മുക്കാല്‍ പങ്ക് വരുന്ന ആളുകള്‍ ആവശ്യപ്പെട്ടിട്ടും നടപ്പാക്കാന്‍ ഇതുവരെ ഒരു ഭരണകൂടവും തയാറായില്ല.

ബിഹാറിലെ ജാതിസെന്‍സസ് പുറത്തുവന്നതോടെ രാജ്യത്തുടനീളം ജാതി സെന്‍സസ് വേണമെന്ന് ഇന്ത്യ സഖ്യം ആവശ്യപ്പെട്ടു. ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ബിഹാറിലെ ജാതി സെന്‍സസ് അനുസരിച്ച് ഒബിസിയും പട്ടികജാതി-വര്‍ഗ വിഭാഗങ്ങളും ചേര്‍ന്ന് ജനസംഖ്യയുടെ 84 ശതമാനം വരുന്നു. എന്നാല്‍ കേന്ദ്ര സെക്രട്ടറിയേറ്റിലെ 90 സെക്രട്ടറിമാരില്‍ മൂന്നു പേര്‍ മാത്രമാണ ഒബിസിക്കാര്‍. ഇന്ത്യയില്‍ ജാതിയുടെ കണക്ക് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ വേണമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ജനസംഖ്യ വലുതാകുമ്പോള്‍ അവകാശങ്ങളും വലുതാകും- എക്‌സിലിട്ട പോസ്റ്റില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
ബ്രിട്ടീഷ് ഇന്ത്യയില്‍ 1931 വരെ ജാതി സെന്‍സസ് നടന്നിട്ടുണ്ട്. 1955 ലെ കാകാ കലേക്കര്‍ കമീഷന്‍ സര്‍ക്കാറിനു മുമ്പാകെവെച്ച ശുപാര്‍ശകളില്‍ ആദ്യേത്തത് 1961 മുതല്‍ ജാതി സെന്‍സസ് എടുക്കണമെന്നുള്ളതായിരുന്നു. എന്നാല്‍, ഇതുവരെയും അങ്ങനെയൊന്ന് നടന്നില്ല. എണ്‍പതുകളില്‍ മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കുശേഷം ജാതി സെന്‍സസ് വീണ്ടും സജീവ ചര്‍ച്ചാവിഷയമായി. 2011 ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ കാലത്ത് സോഷ്യോ ഇക്കണോമിക് ആന്‍ഡ് കാസ്റ്റ് സെന്‍സസ് (എസ്.ഇ.സി.സി) എന്നപേരില്‍ അത് നടത്തിയെങ്കിലും റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പിന്നോക്ക സമൂഹങ്ങളുടെ യഥാര്‍ഥ അവസ്ഥയെന്തെന്ന് വെളിപ്പെടുത്തുന്നതാണ് ജാതി സെന്‍സസ്. അധികാരങ്ങളും വിഭവങ്ങളും ആരാണ് കൈവശം വെച്ചിരിക്കുന്നത് എന്നതിന്റെ ആധികാരിക രേഖകള്‍ ഇതോടെ പുറത്തുവരും. സ്വാതന്ത്ര്യം ലഭിച്ച് മുക്കാല്‍ നൂറ്റാണ്ടായിട്ടും സാമൂഹിക നീതിയുടെ കാര്യത്തില്‍ രാജ്യം എവിടെനില്‍ക്കുന്നുവെന്ന കാര്യവും വെളിപ്പെടും. ജാതി സെന്‍സസിനെതിരെ ബി.ജെ.പി രംഗത്തുവരാനുള്ള പ്രധാന കാരണം ഇതാണ്.

 

Latest News