റിയാദ് - സൗദി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഫയാദ് അൽറുവൈലിയും ബഹ്‌റൈൻ സംയുക്ത സേന മേധാവി ജനറൽ ദിയാബ് അൽനുഅയ്മിയും തമ്മിൽ ചർച്ച. സൈനിക, പ്രതിരോധ മേഖലകളിൽ സൗദി അറേബ്യയും ബഹ്‌റൈനും തമ്മിലുള്ള ബന്ധങ്ങളും ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും ഇരുവരും വിശകലനം ചെയ്തു. സൗദി സംയുക്ത സേന കമാണ്ടറും ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫുമായ ജനറൽ മുത്‌ലഖ് അൽഅസൈമിഉം കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
കഴിഞ്ഞയാഴ്ച സൗദി അതിർത്തിയിൽ ഹൂത്തികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ് റിയാദ് പ്രിൻസ് സുൽത്താൻ മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയുന്ന ബഹ്‌റൈനി സൈനികരെ ജനറൽ ദിയാബ് അൽനുഅയ്മി പിന്നീട് സന്ദർശിച്ചു. ജനറൽ ഫയാദ് അൽറുവൈലിയും ജനറൽ മുത്‌ലഖ് അൽഅസൈമിഉം ബഹ്‌റൈൻ സംയുക്ത സേന മേധാവിയെ അനുഗമിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് യെമൻ അതിർത്തിക്കു സമീപം സൗദിയിൽ തമ്പടിച്ച സഖ്യസേനയുടെ ഭാഗമായി സേവനമനുഷ്ഠിക്കുന്ന ബഹ്‌റൈനി സൈനികരെ ലക്ഷ്യമിട്ട് ഹൂത്തി മിലീഷ്യകൾ ഡ്രോൺ ആക്രമണം നടത്തിയത്. ആക്രമണത്തിൽ രണ്ടു പേർ തൽക്ഷണം വീരമൃത്യു വരിക്കുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടു ബഹ്‌റൈനി സൈനികർ പിന്നീട് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.






