ഗാന്ധിജയന്തി ദിനത്തില്‍ സുവര്‍ണക്ഷേത്രത്തില്‍ പാത്രം കഴുകി രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി- ഗാന്ധിജയന്തി ദിനത്തില്‍ അമൃത സറിലെ സുവര്‍ണക്ഷേത്രത്തിലെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ഒപ്പമുണ്ടായിരുന്നു. ക്ഷേത്രത്തില്‍ രണ്ടു ദിവസം സേവനത്തിനായി തിങ്കളാഴ്ച ഉച്ചയോടെയാണ് രാഹുലെത്തിയത്. പഞ്ചാബിലെ പാര്‍ട്ടി നേതാക്കളെപോലും അറിയിക്കാതെയുള്ള സ്വകാര്യസന്ദര്‍ശനമായിരുന്നു.

ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം ഗുരുഗ്രന്ഥ സാഹിബിന് പട്ടു സമര്‍പ്പിച്ചു. ഭക്തര്‍ വെള്ളം കുടിക്കുന്ന ഗ്ലാസുകളും പാത്രങ്ങളും സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം മണ്ണുകൊണ്ടും വെള്ളം കൊണ്ടും രാഹുലും വേണുഗോപാലും കഴുകി. വൈകിട്ട് ശുചീകരണ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. രാത്രി അവിടെ തങ്ങിയ ശേഷം ചൊവ്വാഴ്ചയും സേവന പ്രവര്‍ത്തനം തുടരുമെന്ന് കെ.സി. വേണുഗോപാല്‍ അറിയിച്ചു.

ഭക്തര്‍ക്ക് പ്രശ്‌നങ്ങളുണ്ടാവാതിരിക്കാന്‍ വരി നിന്നു തന്നെയാണ് രാഹുലും ക്ഷേത്ര ദര്‍ശനം നടത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരെയും ഒഴിവാക്കി. നീല തലക്കെട്ടും രാഹുല്‍ ധരിച്ചിരുന്നു. ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി ജനുവരിയിലും രാഹുല്‍ സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. രാഹുലിന്റേത് സ്വകാര്യസന്ദര്‍ശനമായതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഹാജരായി ബുദ്ധിമുട്ടിക്കരുതെന്ന് പി.സി.സി. അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജ വാറിങ്ങും അഭ്യര്‍ഥിച്ചു.

 

Latest News