തൃശൂർ- കനത്ത മഴയിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം അപകടകരമാം രീതിയിൽ കുതിച്ചൊഴുകുന്നു. ഇതേത്തുടർന്ന് അതിരപ്പിള്ളിയിൽ ടൂറിസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അതിരപ്പിള്ളി ടിക്കറ്റ് കൗണ്ടർ വരെ മാത്രമെ ടൂറിസ്റ്റുകളെ അനുവദിക്കുന്നുള്ളൂ. ചാർപ്പയിൽ പഴയ പാലം തകരാറിലായതിനാൽ ഇതുവഴി ഗതാഗതം അനുവദിക്കുന്നില്ല. വനം വകുപ്പും പോലീസും ടിക്കറ്റ് കൗണ്ടറിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. വാഴച്ചാൽ ഭാഗത്തേക്ക് വാഹനങ്ങളെ കടത്തി വിടുന്നില്ല. തകർന്ന ചാർപ്പ പഴയ പാലത്തിന്റെ പണികൾ വേഗത്തിൽ പൂർത്തിയാക്കി പാലം തുറന്നു കൊടുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. അതിരപ്പിള്ളിയിലേക്ക് ടൂറിസ്റ്റുകൾ ഇപ്പോഴും എത്തുന്നുണ്ട്.