- സ്വർണ വില 6 മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ
യുഎസ് ഡോളറിന്റെ കരുത്തും അവിടെ സർക്കാർ ബോണ്ട് നേട്ടത്തിലുണ്ടായ കുതിപ്പും സ്വർണ വില 6 മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തിച്ചു. കൂടിയ പലിശ നിരക്ക് അനിശ്ചിതമായി തുടരുന്ന സാഹചര്യം യുഎസ് ആസ്തികളുടെ ഡിമാന്റ് വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ രൂപ ദുർബലമായിരുന്നിട്ടും ആഭ്യന്തര സ്വർണ വിപണിയിൽ വിലക്കുറവ് പ്രതിഫലിക്കുകയുണ്ടായി. മുംബൈ ഉൽപന്ന വിപണിയിൽ 10 ഗ്രാം സ്വർണത്തിന്റെ വില 57,500 രൂപയായി കുറഞ്ഞു. 2023 മാർച്ചിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്.
ആദ്യത്തെ 5 മാസം 13 ശതമാനം വില വർധന രേഖപ്പെടുത്തിയ ഉറച്ച തുടക്കമായിരുന്നു സ്വർണത്തിന് ഈ വർഷം. തുടർന്ന് വിലയിൽ ഏകീകരണം സംഭവിക്കുകയും പോയവാരം ഔൺസിന് 1880 ഡോളർ എന്ന പരിധിയിൽ നിന്ന് പുറത്തു കടക്കുകയും ചെയ്തു. ഈയിടെയായി സ്വർണ വിലയുടെ പ്രധാന ചാലക ശക്തി യഥാർത്ഥ പലിശ നിരക്കാണ്. ദീർഘകാലത്തേക്ക് ഗുണകരമെങ്കിലും ഹ്രസ്വകാലയളവിൽ സ്വർണം യാതൊരു ലാഭവും നൽകുന്നില്ല. ഹ്രസ്വകാല നിക്ഷേപകർ ആപേക്ഷികമായി കൂടുതൽ ലാഭം നൽകുന്ന സർക്കാർ കടപ്പത്രങ്ങളിലും കറൻസിയിലും നിക്ഷേപിക്കാനാണ് താൽപര്യപ്പെടുന്നത്.
യുഎസിലെ ഉയർന്ന പലിശ നിരക്ക് അനിശ്ചിത കാലത്തേക്ക് തുടർന്നേക്കാമെന്ന പ്രതീതിയാണ് യുഎസ് ആസ്തികളുടെ മൂല്യം ഉയരാൻ ഇടയാക്കിയത്. യുഎസിന്റെ 10 വർഷ ബോണ്ട് നേട്ടം പതിറ്റാണ്ടിലെ ഏറ്റവും കൂടിയ ഉയരത്തിലെത്തി. വർഷത്തിന്റെ ആദ്യ രണ്ടു പാദങ്ങളിൽ മാറ്റമില്ലാതെ തുടർന്ന യുഎസ് കറൻസി മൂല്യം പെട്ടെന്നാണ് വർധിക്കാനാരംഭിച്ചത്. യുഎസ് കറൻസിയുടെ മൂല്യം കണക്കാക്കുന്ന ഡോളർ സൂചിക ജൂലൈ പകുതിക്കു ശേഷം 7 ശതമാനത്തിലേറെ വർധന രേഖപ്പെടുത്തി. ഇപ്പോഴത് 106 നു മുകളിലാണ്.
സ്വർണവും യുഎസ് ഡോളറും തമ്മിലുള്ള ബന്ധം എപ്പോഴും പരസ്പര വിരുദ്ധമാണ്. ഡോളർ കരുത്താർജിക്കുമ്പോൾ സ്വർണ വില കുറയുകയും ദുർബലമാകുമ്പോൾ വർധിക്കുകയും ചെയ്യും. ലോകമെങ്ങും സ്വർണ വില കണക്കാക്കുന്നത് യുഎസ് ഡോളറിലായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഡോളറിന്റെ മൂല്യം വർധിക്കുമ്പോൾ ഒരേ അളവ് സ്വർണം വാങ്ങാൻ ചെലവാകുന്ന ഡോളർ കുറയുന്നതാണ് സ്വർണ വില കുറയാനിടയാക്കുന്നത്.
ഡോളറിന്റെ കരുത്ത് യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് നിശ്ചയിക്കുന്ന കൂടിയ പലിശ നിരക്കുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. കൂടിയ പലിശ നിരക്ക് നിക്ഷേപകരെ കൂടുതൽ ലാഭം നൽകുന്ന സമാന്തര നിക്ഷേപങ്ങളായ കടപ്പത്രങ്ങളിലേക്കും ബാങ്കു നിക്ഷേപങ്ങളിലേക്കും ആകർഷിക്കുന്നു. പലിശ നിരക്കു വർധിക്കുമ്പോൾ പലിശ രഹിത ആസ്തികളായ സ്വർണം കൈവശം വെയ്ക്കുന്നതിനുള്ള ചെലവും വർധിക്കുന്നതിനാൽ സ്വർണത്തിന്റെ ഡിമാന്റ കുറയാനും അതിടയാക്കുന്നു.
സാമ്പത്തിക പ്രതിസന്ധിയും വിപണിയിൽ അസ്ഥിരതയും ഉടലെടുക്കുമ്പോൾ സുരക്ഷിത ആസ്തിയായ സ്വർണത്തിലേക്കു തിരിയാൻ നിക്ഷേപകർ പ്രേരിതരാകുന്നു. യുഎസ് ഡോളറിന്റെ കരുത്ത് സ്വാഭാവികമായും യുഎസ് സമ്പദ്‌വ്യവസ്ഥയേയും ധന വിപണികളേയും ഉത്തേജിപ്പിക്കും. സുരക്ഷിത ആസ്തികൾ വിട്ട് റിസ്‌കുള്ളതെങ്കിലും ലാഭകരമായ കടപ്പത്രങ്ങളിലേക്കും ഓഹരികളിലേക്കും മാറാൻ നിക്ഷേപകരെ ഇത് പ്രേരിപ്പിക്കുന്നു.
സ്വർണത്തിന്റെ പിന്തുണയുള്ള ഇടിഎഫുകളും സമാനമായ ഉൽപന്നങ്ങളും കൈവശം വെയ്ക്കുന്നതിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇടിഎഫിലേക്കുള്ള പണമൊഴുക്ക് സ്വർണത്തിൽ നിക്ഷേപിക്കാനുള്ള താൽപര്യത്തിന്റെ സൂചകമായാണ് കണക്കാക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ കൈവശമുള്ള ആസ്തി ഈയിടെ 4 ശതമാനം ഇടിഞ്ഞത് സ്വർണ നിക്ഷേപത്തിലുള്ള താൽപര്യം കുറയുന്നതിന്റെ സൂചനയാണ് നൽകുന്നത്.
സ്വർണ നിക്ഷേപത്തിൽ താൽപര്യം കുറയുമ്പോൾ പ്രധാന വിപണികളായ ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള വൻ ഡിമാന്റ് പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്. സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ വർധിക്കുന്നതിനാൽ ചൈനയിൽ നിന്നുള്ള ഡിമാന്റ് വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭാവിയിലും യുഎസ് പലിശ സ്വർണത്തിന് സമ്മർദം തീർക്കുമെങ്കിലും ഇന്ത്യ, ചൈന വിപണികളിൽ നിന്നുള്ള ഡിമാന്റ് കാര്യമായ വിലയിടിച്ചിൽ തടയും. ചൈനയിൽ വർഷത്തിന്റെ ആദ്യ പകുതിയിൽ സ്വർണക്കട്ടിക്കും സ്വർണ നാണയത്തിനുമുള്ള ഡിമാന്റ് 30 ശതമാനത്തോളം വർധിച്ചതായാണ് കണക്ക്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ ഉപയോക്താക്കളായ ഇന്ത്യയിൽ ഉത്സവ, വിവാഹ സീസൺ തുടങ്ങാനിരിക്കേ സ്വർണത്തിന്റെ ഡിമാന്റ് കൂടുമെന്നും വില വർധിക്കുമെന്നുമാണ് പ്രതീക്ഷ.
(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി മേധാവിയാണ് ലേഖകൻ)