Sorry, you need to enable JavaScript to visit this website.

നിപ്പ  പ്രതിരോധം: ചരിത്രം രചിച്ച് കോഴിക്കോട്

വെന്റിലേറ്ററിൽ പ്രവേശിക്കപ്പെട്ടിട്ടുള്ള നിപ്പ രോഗബാധിതനായ രോഗി  ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് അത്യപൂർവമാണെന്നാണ് ആസ്റ്റർ കെയർ നോർത്ത് കേരള ക്ലസ്റ്റർ ഡയരക്ടറും ഈ രോഗികളുടെ ചികിത്സക്ക് നേതൃത്വം നൽകിയ  വിദഗ്ധനുമായ ഡോ.  അനൂപ് കുമാർ എ.എസ് പറയുന്നത്.  അങ്ങനെ ഒരു റിപ്പോർട്ട് ഒരു മെഡിക്കൽ ജേണലിലും  പ്രസിദ്ധീകരിച്ചതായി പോലും ഇതുവരെ കണ്ടിട്ടില്ല. 

നിപ്പ  പ്രതിരോധത്തിൽ കേരളം  പ്രത്യേകിച്ച് കോഴിക്കോട് അഭിമാനാർഹമായ വിജയം കൈവരിച്ച ദിവസങ്ങളാണ് കഴിഞ്ഞു പോകുന്നത്.  നിപ്പ വൈറസ് ബാധിച്ച് മരിച്ച കുറ്റിയാടി കള്ളാട് സ്വദേശിയുടെ മകൻ  ഒമ്പതു വയസ്സുകാരൻ ഉൾപ്പെടെ ചികിത്സയിലുണ്ടായിരുന്ന നാല് പേരും അഞ്ച് ദിവസത്തെ ഇടവേളയിൽ നടത്തിയ രണ്ട് പരിശോധനകളിലും നെഗറ്റിവായി രോഗമുക്തരായതായി സ്ഥിരീകരിച്ചിരുന്നു.  കഴിഞ്ഞ ദിവസം  നാല് പേരും  വീട്ടിലേക്ക് മടങ്ങി. ഇവരിൽ കുറ്റിയാടി സ്വദേശിയുടെ മകന് പുറമെ ഭാര്യ സഹോദരനും കോഴിക്കോട് ആസ്റ്റർ മിംസിലായിരുന്നു ചികിത്സ തേടിയത്. ഇഖ്‌റ ആശുപത്രിയിൽ ചികിത്സ തേടിയ ആരോഗ്യ പ്രവർത്തകനും കോഴിക്കോട്  ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട ചെറുവണ്ണൂർ സ്വദേശിയും ആശുപത്രി വിട്ടിട്ടുണ്ട്.  ഇവരെല്ലാം  പൂർണമായും രോഗവിമുക്തരായാണ് വീടുകളിലേക്ക് മടങ്ങിയത്.   വീടുകളിൽ ഇവർ മാറിത്താമസിക്കും. നിപ്പ രോഗത്തിന്റെ ഇൻക്യൂബേഷൻ സമയത്തിന്റെ പരിധി 21 ദിവസമാണെന്ന് ആരോഗ്യ രംഗം സ്ഥിരീകരിച്ചതാണ്. കഴിഞ്ഞ രണ്ടാഴ്ചയായി പുതിയ രോഗികൾ ഇല്ല. ഇൻക്യൂബേഷൻ സമയം കഴിയാൻ ഒക്ടോബർ 5 വരെ കാത്തിരിക്കണം.   മരണ നിരക്ക്  കൂടിയ  ബംഗ്ലാദേശി നിപ്പയുടെ വകഭേദമാണ്  കേരളത്തിൽ കണ്ടെത്തിയവയെല്ലാം.   കേരളത്തിൽ ഉണ്ടായിട്ടുള്ള എല്ലാ നിപ്പ അണുബാധകളിലും  വവ്വാലുകളിൽ നിന്നും ശേഖരിച്ച സാമ്പിളുകളിലും ഇതേ തരത്തിൽപെട്ട വൈറസിനെ തന്നെയാണ് പുനെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയും  കണ്ടെത്തിയത്.   രോഗബാധിതരാകുന്നവരിൽ 90% വരെ ആളുകളുടെ മരണത്തിന്  വൈറസ് കാരണമാകുന്നു.   ഇത്തവണ കോഴിക്കോട്ടുണ്ടായ രോഗാണുബാധയിൽ ആറ് പേരിൽ രണ്ട് പേരാണ് മരിച്ചത്.   33.3% എന്ന താരതമ്യേന കുറഞ്ഞ മരണ നിരക്കാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ആശ്വാസ പൂർവം പറയുന്നു.  രോഗികളെ താരതമ്യേന നേരത്തെ കണ്ടെത്താനും ആന്റിവൈറൽ മരുന്നുകൾ ഉപയോഗിച്ച് ചികിത്സിക്കാനും കഴിഞ്ഞതായിരിക്കാം മരണ നിരക്ക് കുറഞ്ഞതിന് കാരണം എന്നാണ് മന്ത്രിയുടെ നിഗമനം. ആദ്യ രോഗി ഉൾപ്പെടെ ആറ് രോഗികളിൽ അഞ്ചു രോഗികളെയും കണ്ടെത്തിയത് സർക്കാർ സംവിധാനം നേരിട്ടോ അല്ലെങ്കിൽ സർക്കാർ സംവിധാനത്തിന്റെ നിർദേശം അനുസരിച്ച് സ്വകാര്യ ആശുപത്രികളിൽ നിന്ന് അയച്ച സാമ്പിളുകളിൽ നിന്നോ ആണെന്ന കാര്യം മന്ത്രി പ്രത്യേകം എടുത്തു പറയുന്നുണ്ട്.  കുറ്റിയാടിയിലെ  ഒമ്പതു വയസ്സുകാരൻ ദിവസങ്ങളോളം  ആസ്റ്റർ മിംസിലെ വെന്റിലേറ്ററിലായിരുന്നു. നിപ്പ പോസിറ്റിവായി വെന്റിലേറ്ററിലായിരുന്ന രോഗി ജീവിതത്തിലേക്ക് തിരിച്ചുവന്നു എന്നത്  ലോകമെങ്ങുമുള്ള ആരോഗ്യ രംഗം ശ്രദ്ധയോടെയായിരിക്കും വീക്ഷിക്കുന്നത്.   മുൻപുണ്ടായ രണ്ട് നിപ്പ അണുബാധകളിൽ നിന്നായി മൂന്നുപേർ രോഗാവസ്ഥയിലൂടെ കടന്നുപോയതിന് ശേഷം  രക്ഷപ്പെട്ടിരുന്നു.  ഇത്തവണ അത്   നാലുപേർ.  ആകെ ഏഴ് പേർ കേരളത്തിൽ നിപ്പ രോഗത്തിന്റെ പിടിയിൽ നിന്നും രോഗബാധ ഉണ്ടായതിന് ശേഷവും രക്ഷപ്പെട്ടു. വെന്റിലേറ്ററിൽ പ്രവേശിക്കപ്പെട്ടിട്ടുള്ള നിപ്പ രോഗബാധിതനായ രോഗി  ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് അത്യപൂർവമാണെന്നാണ് ആസ്റ്റർ കെയർ നോർത്ത് കേരള ക്ലസ്റ്റർ ഡയരകട്‌റും ഈ രോഗികളുടെ ചികിത്സക്ക് നേതൃത്വം നൽകിയ  വിദഗ്ധനുമായ ഡോ.  അനൂപ് കുമാർ എ.എസ് പറയുന്നത്.  അങ്ങനെ ഒരു റിപ്പോർട്ട് ഒരു മെഡിക്കൽ ജേണലിലും  പ്രസിദ്ധീകരിച്ചതായി പോലും ഇതുവരെ കണ്ടിട്ടില്ല. 
രോഗാണുബാധ അത് ആദ്യം പ്രത്യക്ഷപ്പെടുന്ന ഇടത്ത് തന്നെ വേഗത്തിൽ കണ്ടെത്താൻ ട്രൂനാട്ട് ടെസ്റ്റ് സംവിധാനം  കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ ഹൈറിസ്‌ക് മേഖലകളിലും സ്ഥാപിക്കാനുള്ള ഉദ്യമം തുടങ്ങിക്കഴിഞ്ഞതായി ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ട്.   ചില പ്രത്യേക ഇനം വവ്വാലുകളിൽ അപൂർവമായി കണ്ടുവരുന്നതായി തെളിവുകളുള്ള നിപ്പ വൈറസിന്റെ  വകഭേദം ഏത് രീതിയിലാണ് മനുഷ്യനിലേക്ക് എത്തുന്നത് എന്നത് ഇന്നും ഐ.സി.എം.ആറിനും ഉത്തരമില്ലാത്ത ചോദ്യമാണ്. അത് കണ്ടെത്തുന്നതിനും നിപ്പ അണുബാധ കാരണം മനുഷ്യ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം പൂർണമായും ഒഴിവാക്കുന്നതിനുമായി വൺ ഹെൽത്ത് പ്രവർത്തനങ്ങൾ കോഴിക്കോട് ജില്ലയിലേക്ക് വ്യാപിപ്പിക്കുകയും ഗവേഷണ പ്രവർത്തനങ്ങൾ ശാക്തീകരിക്കുകയും ചെയ്യുമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചിട്ടുണ്ട്. ആദ്യമായി നിപ്പ കണ്ടെത്തിയ 2018 ൽ നിന്ന് കേരളം ഇപ്പോൾ ഏറെ മാറിയിരിക്കുന്നു.  2018 ൽ  മരിച്ച വ്യക്തിയെ കോഴിക്കോട്ട് ഖബറടക്കിയ രംഗമൊക്കെ ഇപ്പോഴും ആളുകൾ ഭീതിയോടെയായിരിക്കും ഓർക്കുന്നുണ്ടാവുക.  കോവിഡിന്റെ വരവും വ്യാപനവും  മരണങ്ങളും ആ ഭീതിയൊക്കെ കുറച്ചൊക്കെ അകറ്റിയിട്ടുണ്ടാകാം.  
അതീവ ജാഗ്രത പുലർത്തേണ്ട രോഗങ്ങളുടെ പട്ടികയിലും ബ്ലൂ പ്രിന്റ് ഡിസീസസ് ലിസ്റ്റിലും ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിരിക്കുന്ന രോഗമാണ് നിപ്പ. കേരളത്തിൽ 2018 ലാണ് ആദ്യമായി നിപ്പ റിപ്പോർട്ട് ചെയ്തത്. അന്ന്  ചികിത്സിച്ച അഞ്ചു രോഗികളെയും മരണം കീഴ്‌പെടുത്തിയ കാര്യം ഏറെ വേദനയോടെ ഡോ.  അനൂപ് കുമാർ എ.എസ് ഓർക്കുന്നു. അന്ന് മസ്തിഷ്‌ക ജ്വരമായായിരുന്നു വൈറസ് ബാധയുടെ ലക്ഷണം. ഇത്തവണ അത് പനിയും ചുമയുമായി മാറിയിട്ടുണ്ട്. ഇത് വൈറസിന്റെ ഘടനാ മാറ്റം കാരണമാകുമോ?  വൈദ്യശാസ്ത്രം ഒന്നും ഉറപ്പ് പറയുന്നില്ല. പുതിയ ഗവേഷണങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കുമായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മനുഷ്യർ.    

Latest News