സ്‌നേഹത്തിന്റെ പാരമ്പര്യമുള്ള, ഗാന്ധിയൻ ഗന്ധമുള്ള ആശയത്തെ തകർക്കാൻ എ.കെ. ആന്റണിയുടെ വീട്ടിൽനിന്ന് തന്നെ കോടാലി വേണമായിരുന്നു ആർ.എസ്.എസിന്. ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിന് കോപ്പുകൂട്ടുമ്പോൾ, പൊതുവിൽ അഹിന്ദുക്കൾക്ക് രണ്ടാം തരം പൗരത്വ പട്ടിക തയാറാക്കപ്പെടുമ്പോൾ ചിലരുടെ പേരുകൾ ഒഴിവാക്കപ്പെടും. അത്തരമൊരു രാഷ്ട്രീയ ഭാവിക്ക് മുൻകൂറായി ചീട്ടെടുത്ത ഒറ്റുകാരായി അനിലും അമ്മയും ചരിത്രത്തിൽ ഇടം പിടിക്കും.
മലപ്പുറത്തെ ഒരു സാധാരണ വനിതയാണ് ഷീന. അവർ ചെയ്ത ഒരു സാധാരണ പ്രവൃത്തിക്ക് അഭൂതപൂർവമായ ഖ്യാതി ലഭിച്ചിരിക്കയാണ്. വീട്ടിലെത്തിയും ഫോണിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും അഭിനന്ദനാശ്രുക്കൾ പ്രവഹിക്കുകയാണ് ഷീനാവിലാസത്തിലേക്ക്. അപ്പോഴും അവർ പറയും, 'നമ്മൾ ഇങ്ങനെയൊക്കെ തന്നെയല്ലേ വളർന്നത്. എന്നെ അമ്മ പഠിപ്പിച്ചത് അതാണല്ലോ' എന്ന്. എന്നാൽ അനിൽ എന്ന 39 കാരൻ തനിക്ക് വന്നുചേർന്ന സൗഭാഗ്യത്തെ നിലനിർത്താൻ പാടുപെടുകയാണ്. അനിലിന്റെ അമ്മ, ബ്രഹ്മസ്വവും ഗൃഹസ്ഥവും കഴിഞ്ഞ തന്റെ മകനെ വാനപ്രസ്ഥത്തിലേക്കയക്കുവാൻ മറ്റൊരമ്മയുടെ കാൽക്കൽ തുണ്ടുവെച്ച് സായൂജ്യമടയുകയാണ്.
കൃപാസനം ധ്യാനകേന്ദ്രത്തിൽ മരിയൻ ഉടമ്പടി പ്രാർത്ഥനയിൽ എലിസബത്ത് ആന്റണി മകന് വേണ്ടി കൊടുത്ത തുണ്ട് സ്വീകരിക്കപ്പെടുകയും അച്ഛന് പോലും എതിർപ്പേതുമില്ലാതെ മകൻ ബി.ജെ.പിയിൽ അംഗത്വമെടുക്കുകയും അഖിലേന്ത്യ സെക്രട്ടറി പദവി നൽകി ബി.ജെ.പി അനിലിനെ രാഷ്ട്രീയ സോപാനത്തിലേക്ക് ഉയർത്തുകയും ചെയ്തു. അതത്രയും കുഴപ്പമില്ല. എന്നാൽ മകന്റെ ആലയത്തിൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന പദവി നിലനിർത്തുവാനും ആഗ്രഹിക്കുന്നതെല്ലാം നേടുവാനും കേരളം അഹിതമെന്ന് കൽപിക്കുന്ന മതസൗഹാർദത്തിന്റെ കടക്കൽ കത്തിവെക്കേണ്ടി വരും.
ഒരു പട്ടാളക്കാരൻ ചെയ്ത അറപ്പുളവാക്കുന്ന നെറികേടിനെ ഉയർത്തിക്കാണിച്ച്, ന്യായീകരിച്ച്, മെഴുകി ഇസ്‌ലാമോഫോബിക് ആക്കുവാൻ എ.കെ. ആന്റണിയുടെ പുത്രന് മനോധൈര്യമുണ്ടായതിൽ കേരളം ലജ്ജിക്കുന്നു. ഇത്തരം ക്രൂരതക്കും സാമൂഹ്യ ദ്രോഹത്തിനും ആ നേതാവിന്റെ വീട്ടിൽ തന്നെ ഇടമുണ്ടെന്നത് ദുഃഖിപ്പിക്കുന്നു. ഒരു ജനതയെ അപരവൽക്കരിക്കുന്നതിന്, എന്ത് സ്വകാര്യ ലാഭത്തിനാണേലും ഒരു ശരാശരി മലയാളി അമ്മ കൂട്ടുനിൽക്കുന്നത് നാമെത്തി നിൽക്കുന്ന ഭയാനക കാലഘട്ടത്തെ സൂചിപ്പിക്കുന്നുണ്ടെന്ന തിരിച്ചറിവ് ഉൾക്കിടിലമുണ്ടാക്കുന്നു. മക്കൾ നന്നാവാൻ അമ്മമാരുടെ ചിന്താഗതി നന്നാവണം എന്ന് ഷീനയുടെ അമ്മയുടെയും അനിലിന്റെ അമ്മയുടെയും ഉദാഹരണങ്ങൾ മതിയാകും.
ആർ.എസ്.എസിനു വേണ്ടി ഒരു വിഭാഗത്തെ തീവ്രവാദികളാക്കുകയാണ് അനിലിന്റെ ജോലി. സ്വന്തം പിതാവിനെ പണയപ്പെടുത്തിയതിന് പ്രതിഫലമായി ലഭിച്ച പദവികൾ അദ്ദേഹത്തിന് അഭിമാനമായി തോന്നുമായിരിക്കും. എന്നാൽ ആ പിതാവിന് മുഖ്യമന്ത്രിക്കസേരയിൽ ഇരിപ്പുറപ്പിക്കാൻ നിയമസഭയിലേക്ക് ജയിപ്പിച്ചെടുത്തത് ഒറ്റ ക്രിസ്ത്യൻ വോട്ടറുമില്ലാത്ത മലപ്പുറത്തെ തിരൂരങ്ങാടി മണ്ഡലത്തിൽ നിന്നായിരുന്നു. സ്വന്തം രാഷ്ട്രീയ ഭാവിക്കും ബിസിനസ് മോഹങ്ങൾക്കും ഇപ്പോഴത്തെ കൂടാരം അഭിലഷണീയമാകുമ്പോൾ അനിൽ ചരിത്രം മറക്കാതിരിക്കുക.
അനിലുമാരും എലിസബത്തുമാരും ഉണ്ടാകുന്നതാണ് ഷീനമാരുടെ പ്രസക്തി വർധിപ്പിക്കുന്നത്. അവർ ഊതിക്കെടുത്തിയ ശാന്തി വിളക്കിന് തിരി തെളിയിക്കുവാൻ ഇത്തരം കാഴ്ചകൾ നാം ആഘോഷിക്കേണ്ടി വരികയാണ്. ഷീന അണിയിച്ച നോട്ടുമാല നിർമാല്യം കണക്കേ പരിശുദ്ധമാകുന്നത് അതുകൊണ്ടാണ്. അവർ ആ കുഞ്ഞുകവിളിൽ നൽകിയ മുത്തം പുതിയ പുലരിയുടെ പൊൻ കിരണമാവുകയാണ്.
അനിലാവട്ടെ, ഒരു കോടാലിയാവുകയാണ്. സ്‌നേഹത്തിന്റെ പാരമ്പര്യമുള്ള, ഗാന്ധിയൻ ഗന്ധമുള്ള ആശയത്തെ തകർക്കാൻ എ.കെ. ആന്റണിയുടെ വീട്ടിൽനിന്നു തന്നെ കോടാലി വേണമായിരുന്നു ആർ.എസ്.എസിന്. ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിന് കോപ്പുകൂട്ടുമ്പോൾ, പൊതുവിൽ അഹിന്ദുക്കൾക്ക് രണ്ടാം തരം പൗരത്വ പട്ടിക തയാറാക്കപ്പെടുമ്പോൾ ചിലരുടെ പേരുകൾ ഒഴിവാക്കപ്പെടും. അത്തരമൊരു രാഷ്ട്രീയ ഭാവിക്ക് മുൻകൂറായി ചീട്ടെടുത്ത ഒറ്റുകാരായി അനിലും അമ്മയും ചരിത്രത്തിൽ ഇടം പിടിക്കും.
അനിൽ ഒരു കാര്യം മനസ്സിലാക്കണം: ദൽഹിയിൽ ഇക്കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ടത് ബുദ്ധിസ്ഥിരതയില്ലാതിരുന്ന ഒരു ചെറുപ്പക്കാരനാണ്. അവൻ അബദ്ധത്തിൽ കൊല്ലപ്പെട്ടതല്ല. ആട്ടിത്തെളിച്ച് വെളിച്ചം നൽകുന്ന വൈദ്യുതിക്കാലിൽ കെട്ടിയിട്ട് മരണം വരെ അവനെ മർദിച്ച് കൊല്ലുകയായിരുന്നു. ആ ദൃശ്യങ്ങൾ പകർത്തിയത് കൊലയാളികൾ തന്നെയാണ്. അതിൽ ഏറെയും ഇരുപത് വയസ്സ് വരുന്ന ചെറുപ്പക്കാരായിരുന്നു. മണിപ്പൂരിലും ഇതു തന്നെ ആവർത്തിച്ചുകൊണ്ടിരുന്നു. ഹരിയാനയിൽ ഒരു ജില്ലയിൽ കൂടുതൽ ജനങ്ങൾ മുസ്‌ലിംകളായത് കാരണം അവിടെ വംശഹത്യ നടത്തുകയാണെന്നും അതവസാനിപ്പിക്കണമെന്നും ചണ്ഡീഗഢ് ഹൈക്കോടതി ഉത്തരവിട്ടു. ഇതേ ജില്ലയിൽ തന്നെയാണ് വർഷങ്ങൾക്ക് മുമ്പ് ജുനൈദ് പെരുന്നാൾ തലേന്ന് ട്രെയിനിൽ മൃഗീയമായി കൊല്ലപ്പെട്ടത്.
പെഹ്ലുഖാൻ കൊല്ലപ്പെട്ടത് ജാർഖണ്ഡിലാണ്. അഹ്ലാഖ് ആൾക്കൂട്ട കൊലക്കിരയായത് ഉത്തർ പ്രദേശിലാണ്. 2000 മുസ്‌ലിംകൾ വംശഹത്യക്ക് വിധേയമായത് ഗുജറാത്തിലാണ്. റെയിൽവേ സൈനികൻ മൂന്ന് പേരെ ട്രെയിനിനകത്ത് തെരഞ്ഞുപിടിച്ച് കൊന്നത് ഈയിടെയാണ്. എല്ലാം ബി.ജെ.പി ഭരിച്ചിരുന്നപ്പോൾ ഉണ്ടായ സംഭവങ്ങളാണ്. ആരും ശിക്ഷിക്കപ്പെട്ടില്ല. നീതി നടപ്പാക്കപ്പെട്ടില്ല. ഇരകൾക്ക് വേണ്ടി വാദിച്ചവർ ഇരുമ്പഴികൾക്കുള്ളിലാണ്. ഇങ്ങനെ വെറുതെ കൊല്ലുകയും കൊല്ലുന്നവരെ പരസ്യമായി അനുമോദിക്കുകയും കൊല്ലാനുള്ള ആഹ്വാനം നൽകുന്നവർക്ക് ഉന്നത പദവികൾ കൊടുത്തുകൊണ്ടേയിരിക്കുകയും ചെയ്യുന്ന പ്രത്യശാസ്ത്രത്തിനകത്ത് അനിലിന് എന്ത് റോളാണ് വഹിക്കാനുള്ളത്, വിഷം വമിപ്പിക്കുകയും കൊല്ലുന്നവരെ ന്യായീകരിക്കുകയുമല്ലാതെ? ഇതൊക്കെ പറഞ്ഞുകൊടുക്കേണ്ടുന്ന വീട്ടകത്ത് രാഷ്ട്രീയം അരുതെന്ന് വിലക്കിയിട്ടുണ്ടെന്നാണ് അനിലമ്മ പറയുന്നത്.
സ്റ്റാൻഫോർഡ് യൂനിവേഴ്‌സിറ്റി ബിരുദമുള്ള മകൻ പറയുന്നത് മോഡിയുടെ കീഴിൽ രാജ്യം വൻ കുതിപ്പ് നടത്തിയിട്ടുണ്ടെന്നാണ്. എവിടെ നോക്കിയാണ് നിങ്ങളിത് പറയുന്നത്? 2013 ൽ 55 ശതകോടീശ്വരന്മാരുണ്ടായിരുന്ന ഇന്ത്യയിൽ അവരുടെയെണ്ണം മൂന്നിരട്ടി വർധിച്ചു, ഇപ്പോൾ 169 പേരായിരിക്കുന്നു. പത്ത് കൊല്ലം മുമ്പ് ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ആസ്തി 288 ബില്യൺ ഡോളറായിരുന്നത് 719 ആയി വർധിച്ചു. 150 ശതമാനത്തിന്റെ വർധന. ജർമനി, ഇറ്റലി, കാനഡ, യു.കെ, ഓസ്ട്രേലിയ, ഫ്രാൻസ്, സ്വിറ്റ്‌സർലാന്റ്, ജപ്പാൻ തുടങ്ങിയ സമ്പന്ന രാജ്യങ്ങളിൽ ഉള്ളതിനേക്കാൾ ശതകോടീശ്വരന്മാർ ഇന്ത്യയിലാണ്. രാജ്യത്തിന്റെ 75% ആസ്തിയും ഇവരുടെ കൈവശമാണ്. ഇതാണ് 'നമ്മൾ' ലോകത്തെ മൂന്നാം ശക്തിയാവാൻ കാരണം.
മക്കൾ മഹോന്നതരാവുകയെന്നത് വലിയ കാര്യമാണ്. എന്നാൽ രാജ്യത്തിന്റെ പൈതൃകവും ഐക്യവും അഖണ്ഡതയും അവഗണിച്ചുകൊണ്ട് അകലെയുള്ള അധികാരങ്ങളോ സ്ഥാനമാനങ്ങളോ തേടിപ്പോകുന്നതിലല്ല രാഷ്ട്രീയ പ്രവർത്തനത്തിന്റെ അകക്കാമ്പ് കുടികൊള്ളുന്നത്. വിജയം വരിക്കാൻ വീട്ടിനകത്ത് നിന്നുള്ള കൃത്യമായ ഉദ്‌ബോധനങ്ങൾ ലഭിക്കേണ്ടതുണ്ട്. ആരുടെയെങ്കിലും മകനാകുന്നതിൽ സ്വാഭാവിക തെരഞ്ഞെടുപ്പ് കാംക്ഷിക്കുന്നത് രാഷ്ട്രീയ ധർമത്തിനെതിരാണ്. രാഷ്ട്രമുണ്ടാകുന്നത് ഉൾക്കൊള്ളലിലൂടെയാണ്. അതിനെ തള്ളുന്ന പ്രത്യയശാസ്ത്രങ്ങളെ വെറുക്കുന്നതിലൂടെയാണ്. പി.എം.ഒയുടെ ക്ഷണം നിരസിക്കുന്നതിലൂടെയാണ്. അതാണ് ഷീനയുടെ അമ്മ പഠിപ്പിച്ച ഇന്ത്യ.