ജാമ്യത്തിലിറങ്ങിയ പ്രതി സഹതടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ചു, 15 കൊല്ലം കഠിന തടവ്

മഞ്ചേരി- ജയിലില്‍ ഒപ്പം കഴിഞ്ഞിരുന്ന തടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പതിനഞ്ചുവര്‍ഷം കഠിനതടവും 15,000 രൂപ പിഴയും ശിക്ഷ.

മഞ്ചേരി കരുവമ്പ്രം ചാടിക്കല്ല് മങ്കരത്തൊടി മുഹമ്മദിനെയാണ് (47) മഞ്ചേരി രണ്ടാം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. 2022 സെപ്റ്റംബര്‍ പതിനാലിനാണ് കേസിനാസ്പദമായ സംഭവം.

സഹോദരന്റെ മകനെ പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ മഞ്ചേരി സബ് ജയിലില്‍ കഴിയവേ പരിചയത്തിലായ സഹതടവുകാരന്റെ ഭാര്യയെ ജാമ്യത്തിലിറങ്ങിയശേഷം വാടക വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതി പിഴ അടച്ചില്ലെങ്കില്‍ ആറുമാസം സാധാരണ തടവുകൂടി അനുഭവിക്കണം. പിഴയടച്ചാല്‍ തുക അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി വിധിച്ചു. മഞ്ചേരി പോലീസ്സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടറായ റിയാസ് ചാക്കീരിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

പോലീസിന്റെ അപേക്ഷപ്രകാരം പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കേയാണ് വിചാരണനടത്തി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. എ.എന്‍. മനോജ് ഹാജരായി.

 

Latest News