തിരുവനന്തപുരം - കൃത്രിമം നടത്തിയ ബാങ്കുകള്‍ക്ക് കേരള ബാങ്ക് സഹായം നല്‍കില്ലെന്നും കരുവന്നൂരിലെ നിക്ഷേപകര്‍ക്ക് പണം നല്‍കേണ്ട ബാധ്യത കേരള ബാങ്കിന് ഇല്ലെന്നും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍. കരുവന്നൂര്‍ സഹകരണ ബാങ്കിന് കേരള ബാങ്കിന്റെ സഹായം വേണമെന്ന ഒരു അഭ്യര്‍ത്ഥനയോ, കത്തോ നിര്‍ദേശമോ വന്നിട്ടില്ലെന്നും ആരും ഇതുവരെ അങ്ങനെ ഒരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എ കെ ജി സെന്ററിലേക്ക് വിളിപ്പിച്ചത് കാശ് കൊടുപ്പിക്കാനാണ് എന്ന മാധ്യമവാര്‍ത്തകള്‍ വിചിത്രമാണ്. ആര്‍ ബി ഐയുടെയും നബാര്‍ഡിന്റെയും നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ കേരള ബാങ്ക് പ്രവര്‍ത്തിക്കു. കേരള ബാങ്കിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തില്‍ ഇന്നുവരെ പാര്‍ട്ടി ഇടപെട്ടിട്ടില്ല. സഹകരണ വകുപ്പിന് അങ്ങനെ എന്തെങ്കിലും വേണമെങ്കില്‍ വകുപ്പിന് പറയാമല്ലോയെന്നും സഹായനിധി രൂപീകരിക്കുന്നതിന് കേരള ബാങ്കിനെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ക്രമക്കേട് നടത്തിയ ഞങ്ങളെ സഹായിക്കണമെന്ന് പറഞ്ഞ് ആരും അഭയം തേടുമെന്ന് കരുതുന്നില്ല. അല്ലാത്ത എല്ലാ സംഘങ്ങളെയും സഹായിച്ചിട്ടുണ്ട്, ഇടപെട്ടിട്ടുണ്ട്. കൃത്രിമം നടത്തി വെട്ടിലായ സംഘങ്ങളെ, നിങ്ങള്‍ ഇങ്ങു വാ ഞങ്ങള്‍ കരകയറ്റാം എന്ന് പറയില്ല. അതില്‍ ഞങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കരുവന്നൂരില്‍ എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു.