തൃശൂർ - ധനകാര്യ ഇടപാടുകൾ നടത്തുന്ന സ്ഥലത്ത് കുറ്റകൃത്യം ചെയ്താൽ നടപടിയെടുക്കണമെന്നും അതിൽ ആർക്കാണ് തർക്കമുള്ളതെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും സി.ഐ.ടി.യു സംസ്ഥാന ജനറൽസെക്രട്ടറിയുമായ എളമരം കരീം പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ ഇ.ഡി ചോദ്യംചെയ്യൽ നടപടി നേരിടുന്ന കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണനെ വേദിയിലിരുത്തിയായിരുന്നു എളമരം കരീമിന്റെ പരാമർശം.
ഇ.ഡി, ഏത് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണെന്ന് നോക്കിയിട്ടല്ല നടപടി എടുക്കേണ്ടത്. ചട്ടവിരുദ്ധമായി ആരു പ്രവർത്തിച്ചാലും അവർക്കെതിരെ നടപടി വേണം. കുറ്റവാളികളെ ആരും സംരക്ഷിക്കില്ല. ഇ.ഡി വരുന്നതിനു ഒരു വർഷം മുമ്പേ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തുവെന്നും തൃശൂർ നടത്തറയിലെ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണത്തിൽ അദ്ദേഹം പറഞ്ഞു.
സി.പി.എം വിരോധത്തിൽ കരുവന്നൂരും പറഞ്ഞ് ഇ.ഡിയെ വല്ലാതെ സോപ്പിടേണ്ട. ഇ.ഡിയെ പിന്തുണയ്ക്കുന്നത് കോൺഗ്രസിന് സ്വന്തം ശവക്കുഴി തോണ്ടുന്നതിന് സമാനമാകുമെന്നും എളമരം ഓർമിപ്പിച്ചു.