തൃശൂരില്‍ ടൂറിസ്റ്റ് ഹോമില്‍ വന്‍മയക്കുമരുന്ന് വേട്ട, പ്രതികള്‍ കടന്നു കളഞ്ഞു

തൃശൂര്‍ - തൃശൂരില്‍ ടൂറിസ്റ്റ് ഹോമില്‍ വന്‍മയക്കുമരുന്ന് വേട്ട.  മാരക മയക്കുമരുന്നായ  56.65 ഗ്രാം എം ഡി എം എ ആണ് തൃശൂര്‍ വോള്‍വോ ടൂറിസ്റ്റ് ഹോമില്‍ നിന്ന് എക്‌സൈസ്  സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി ഐ പി.ജുനൈദിന്റ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. നേരത്തെ എം ഡി എം എ യുമായി പിടിയിലായ കണ്ണംകുളങ്ങര സ്വദേശി ശ്രീജിത്തില്‍ നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. വെങ്ങിണിശേരി സ്വദേശി ശരത്, അമ്മാടം സ്വദേശി ഡിനോയുമാണ് ടൂറിസ്റ്റ് ഹോം കേന്ദ്രമാക്കി മയക്കുമരുന്ന് വ്യാപാരം നടത്തിയത്. എക്‌സൈസ് സംഘമെത്തിയപ്പോഴേക്കും പ്രതികള്‍ കടന്നു കളഞ്ഞു. 56 ഗ്രാം എം ഡി എം എ, വെയിംഗ് മെഷീന്‍, മൂന്ന്  ബണ്ടില്‍ സിബ് ലോക്ക് കവര്‍, ഹാഷിഷ് ഓയില്‍ അടങ്ങിയ ഗ്ലാസ്, പാക്ക് ചെയ്യാന്‍ ഉപയോഗിച്ച 111 പ്ലാസ്റ്റിക് ഡബ്ബകള്‍ എന്നിവയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

 

Latest News