കരുവന്നൂര്‍ മുഖ്യപ്രതി സതീഷ്കുമാര്‍ 11 ലക്ഷം പിടിച്ചുപറിച്ചെന്ന് വീട്ടമ്മ

തൃശൂര്‍ - കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ മുഖ്യ പ്രതി സതീഷ് കുമാറിന്റെ കൊള്ളയുടെ കൂടുതല്‍ വെളിപ്പെടുത്തലുമായി ടേക്ക് ഓവര്‍ തട്ടിപ്പിന് ഇരയായ സിന്ധു എന്ന വീട്ടമ്മ രംഗത്ത്. 18 ലക്ഷം വായ്പയുണ്ടായിരുന്ന ഭൂമി, 35 ലക്ഷത്തിന് സതീഷ് മറിച്ചുവെച്ച് പറ്റിച്ചെന്നാണ് പരാതി. വായ്പയെടുത്ത് കയ്യില്‍ കിട്ടിയ 11 ലക്ഷം സതീഷ് ബലമായി പിടിച്ചു വാങ്ങിയെന്നും രേഖകള്‍ തട്ടിയെടുത്തെന്നും സിന്ധു പറഞ്ഞു.  
മുണ്ടൂര്‍ ജില്ലാ സഹകരണ ബാങ്കില്‍നിന്ന് 18 ലക്ഷം രൂപ ലോണെടുത്തിരുന്നുവെന്ന് സിന്ധു പറയുന്നു. അസുഖത്തെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങി. ഭര്‍ത്താവിന്റെ സുഹൃത്ത് വഴിയാണ് സതീഷ് എന്ന ആളുടെയടുത്ത് ചെന്നുപെട്ടത്. വായ്പ ഏറ്റെടുക്കാമെന്ന് പറഞ്ഞു. ടെയ്ക്ക് ഓവര്‍ ചെയ്യുമ്പോള്‍ ബ്ലാങ്ക് ചെക്കിലൊക്കെ ഇയാള്‍ ഒപ്പിട്ടുവാങ്ങിച്ചെന്ന് സിന്ധു പറയുന്നു.
19 ലക്ഷം മുടക്കി ആധാരം എടുത്ത സതീഷ് അത് ജില്ലാ സഹകരണ ബാങ്കിന്റെ പെരിങ്ങണ്ടൂര്‍ ശാഖയില്‍ 35 ലക്ഷത്തിന് മറിച്ചുവച്ചു. 11 ലക്ഷം ബാങ്ക് സിന്ധുവിന്റെ പേരില്‍ നല്‍കി. ബാങ്കില്‍ നിന്നു പുറത്തിറങ്ങും മുന്‍പ് സതീഷ് ഇത് ബലമായി പിടിച്ചു പറിച്ചെന്ന് സിന്ധു പറയുന്നു. സ്വത്ത് വിറ്റ് ആധാരം തിരികെയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അത് മറന്നേക്കെന്ന് സതീഷ് ഭീഷണിപ്പെടുത്തിയെന്നും സിന്ധു വെളിപ്പെടുത്തി.
പിന്നെ എന്താണ് ഉണ്ടായതെന്ന് അറിയില്ല. ബുധനാഴ്ച വീട്ടില്‍നിന്ന് ഇറക്കിവിടുമെന്നാണ് പറയുന്നത്. സതീഷ് കുമാര്‍ ചതിക്കുകയായിരുന്നെന്ന് പിന്നീടാണ് മനസ്സിലായതെന്ന് സിന്ധു പറഞ്ഞു.

സതീഷ് നടത്തിയത് പിടിച്ചുപറിയെന്ന് അനില്‍ അക്കര

തൃശൂര്‍-  സതീഷ്  കുമാര്‍ നടത്തിയത് കള്ളപ്പണം വെളുപ്പിക്കലും പിടിച്ചുപറിയുമെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര പറഞ്ഞു. കരുവന്നൂരില്‍ മാത്രമല്ല, മറ്റ് സഹകരണ സംഘങ്ങളിലും തട്ടിപ്പ് നടന്നു. സതീശനും വിജയനും വിളപ്പായ സ്വദേശിനിയില്‍ നിന്നു 35 ലക്ഷം പിടിച്ചുപറിച്ചിട്ടുണ്ട്. വീട്ടിലെത്തിയും വധഭീഷണി നടത്തിയെന്ന് അനില്‍ അക്കര പറഞ്ഞു.
150 ഓളം  ലോണ്‍ ടേക്കോവറുകള്‍ സതീഷ് നടത്തിയിട്ടുണ്ടെന്ന് അനില്‍ അക്കര പറഞ്ഞു. ഇതിന്റെ തുക 500 കോടി കവിയും. ഇത് ടേക്ക് ഓവറല്ല, കൊള്ളയാണ്. വടക്കാഞ്ചേരി എം.എല്‍.എ സേവ്യര്‍ ചിറ്റിലപ്പിള്ളി പദയാത്ര നടത്തുകയല്ല വേണ്ടത്. ഇരകളെ സഹായിക്കുകയാണ് ചെയ്യേണ്ടത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സതീഷിനെ സഹായിക്കുകയാണ്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.

 

Latest News