ഇംറാന്‍ ഖാന്റെ സത്യപ്രതിജ്ഞക്ക് ആമിര്‍ഖാനും കപില്‍ദേവിനും ഗവാസ്‌കര്‍ക്കും ക്ഷണം

ഇസ്ലാമാബാദ്- പാക്കിസ്ഥാനിലെ നിയുക്ത പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബോളിവുഡ് താരം ആമിര്‍ ഖാനും മുന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ദേവിനും സുനില്‍ ഗവാസ്‌കര്‍ക്കും ക്ഷണം. ഇംറാന്‍ ഖാന്റെ പാര്‍ട്ടിയായ പാക്കിസ്ഥന്‍ തെഹ്‌രീകെ  ഇന്‍സാഫ് (പി.ടി.ഐ) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.  ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറിയുമായി പി.ടി.ഐ നേതാക്കള്‍ നടത്തിയ ചര്‍ച്ചക്കു പിന്നാലെയാണ് ആമിര്‍ഖാനെയും കപില്‍ദേവിനെയും ഗവാസ്‌കറെയും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. സാര്‍ക്ക് രാഷ്ട്രത്തലവന്മാരെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിക്കാന്‍ പി.ടി.ഐ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് നേരത്തെ പുറത്തുവന്നത്. എന്നാല്‍, വിദേശ രാഷ്ട്രത്തലവന്മാരെ സത്യപ്രതിജ്ഞക്ക് ക്ഷണിക്കുന്നത് ഗൗരവമേറിയ വിഷയമാണെന്നും എല്ലാ വശങ്ങളും പരിഗണിച്ചശേഷമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂ എന്നുമാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം പ്രധാനമന്ത്രി മോഡി നിരസിച്ചാല്‍ പാക്കിസ്ഥാന് അത് കനത്ത തിരിച്ചടിയാകുമെന്ന് വിദേശകാര്യ മന്ത്രാലയം കരുതുന്നുണ്ടെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Latest News