ദമാം- തലശ്ശേരി മാഹി ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ദമാമിൽ സംഘടിപ്പിച്ച പ്രഥമ മലബാർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ സ്മാഷ് തലശ്ശേരി ജേതാക്കളായി. പ്രവിശ്യയിലെ പ്രബലരായ എട്ടു ടീമുകൾ മാറ്റുരച്ച വാശിയേറിയ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ക്യാപ്റ്റൻ നിഖിലിന്റെ തന്ത്രപരമായ നീക്കങ്ങളിലൂടെ എതിരാളികളായ സറീക്ക് മലപ്പുറത്തെ മുപ്പത്തിയൊന്ന് റൺസിന് മുട്ടുകുത്തിച്ചാണ് സ്മാഷ് തലശ്ശേരി കപ്പിൽ മുത്തമിട്ടത്.
ടൂർണമെന്റിൽ പങ്കെടുത്ത എട്ട് ടീമുകളിൽ കാസ്‌ക്ക് ദമാം, സ്മാഷ് തലശ്ശേരി, സറീക്ക് മലപ്പുറം, ജെ.കെ.സി.സി വയനാട് എന്നീ നാലു ടീമുകളാണ് സെമിയിൽ പ്രവേശിച്ചത്. സറീക്ക് മലപ്പുറം കാസ്‌ക്കിനെയും സ്മാഷ് തലശ്ശേരി ജെ.കെ.സി.സി വയനാടിനെയും തോൽപിച്ച് ഫൈനലിൽ കടന്നു. ബെസ്റ്റ് ബാറ്റ്‌സ്മാനായി റാഷിദിനെയും, ബെസ്റ്റ് ബൗളറായും മാൻ ഓഫ് ദ പ്ലെയറായും ആഷിഫിനെയും തെരഞ്ഞെടുത്തു. സംഘാടക സമിതി ചെയർമാൻ നിമറിൽ നിന്ന് ജേതാക്കളായ സ്മാഷ് തലശ്ശേരി ടീം മാനേജർ മുസ്തഫ തലശ്ശേരിയും ഓണർ ഫൈസൽ സ്മാഷും ട്രോഫി ഏറ്റുവാങ്ങി.