തബൂക്ക്- സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി തബൂക്ക് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വടംവലി മത്സരവും ബ്ലഡ് ഡൊണേഷൻ ക്യാമ്പും സംഘടിപ്പിച്ചു. വ്യാഴം രാത്രി എലൈറ്റ് ഫ്ലഡ്ലെറ്റ് സ്റ്റേഡിയത്തിൽ നടന്ന വടംവലി മത്സരത്തിൽ ബ്ലാക്ക് ആന്റ് വൈറ്റ് തബൂക്കിനെ പരാജയപ്പെടുത്തി ഒ.ഐ.സി.സി തബൂക്ക് ചാമ്പ്യന്മാരായി.
തബൂക്കിലെ പ്രമുഖ ടീമുകളായ ഫോക്ക് തബൂക്ക്, ബ്ലാക്ക് ആന്റ് വൈറ്റ് തബൂക്ക്, ലയൺസ് തബൂക്ക്, ഒ.ഐ.സി.സി തബൂക്ക്, യുനൈറ്റഡ് എഫ്.സി, ഫ്രഷ് ഫിഷ് ഷാറലാം, എഫ്.സി തബൂക്ക്, ഡൈനാമറ്റ്‌സ് തബൂക്ക് തുടങ്ങിയ 8 ടീമുകൾ അണിനിരന്നു. ഉദ്ഘാടന ചടങ്ങിലും, സമാപന സമ്മാനദാന ചടങ്ങിലും തബൂക്കിലെ വിവിധ സംഘടനാ നേതാക്കളും, കായിക പ്രേമികളും പങ്കെടുത്തു.
അൽഅംരി ഗ്രൂപ്പ് അൽ അറബ് റെസ്റ്റോറന്റ് സ്‌പോൺസർ ചെയ്ത വിന്നേഴ്‌സ് ട്രോഫിയും മുട്ടനാടും അൽ അംരി ഗ്രൂപ്പ് ചെയർമാൻ സജീബ് ജേതാക്കളായ ഒ.ഐ.സി.സി ടീമിന് സമ്മാനിച്ചു. റമൂസ് താസജ് തബൂക്കും, ഫ്രെഷ് ഫിഷ് ടൗൺ ടീമും സംയുക്തമായി സ്‌പോൺസർ ചെയ്ത റണ്ണേഴ്‌സ് ട്രോഫിയും മുട്ടനാടും റമൂസ് താസജ് ജി.എം സുൽഫീക്കറും ടൗൺ ടീം മനേജർ കബീർ പൂച്ചാമവും ചേർന്ന് റണ്ണേഴ്‌സായ ടീം ബ്ലാക്ക് ആന്റ് വൈറ്റിന് നൽകി. വിജയികൾക്കുള്ള മെഡലുകളും ഉപഹാരങ്ങളും കെ.എം.സി.സി ഭാരവാഹികൾ നൽകി.
വെള്ളി വൈകുന്നേരം 4 മണി മുതൽ 9 മണി വരെ തബൂക്ക് കിംഗ് ഖാലിദ് ഹോസ്പിറ്റലുമായി സഹകരിച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. അന്നം നൽകുന്ന നാടിന് ജീവരക്തം സമ്മാനം എന്ന പ്രമേയത്തിൽ നടത്തിയ പ്രോഗ്രാമിൽ 30 ഓളം പേർ ബ്ലഡ് നൽകി. കിംഗ് ഖാലിദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് സെക്ഷൻ മേധാവി കരീം അൽ അനസി കേക്ക് മുറിച്ച് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി നടത്തുന്ന ഇതുപോലുള്ള പ്രവർത്തനങ്ങൾ മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരു പ്രോഗ്രാമുകൾക്കും കെ.എം.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സമദ് ആഞ്ഞിലങ്ങാടി, ഫസൽ എടപ്പറ്റ, സിറാജ് കാഞ്ഞിരമുക്ക്, വീരാൻകുട്ടി, അലി വെട്ടത്തൂർ, ഖാദർ ഇരിട്ടി, ഗഫൂർ പുതുപൊന്നാനി, റിയാസ് പപ്പായി, ആഷിഖ് ഹലീസ്, കബീർ പൂച്ചാമം തുടങ്ങിയവരും, സെൻട്രൽ കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗങ്ങളും നേതൃത്വം നൽകി.