റിയാദ്- രോഗിയായ വൃദ്ധന്റെ സ്വത്ത് വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത കേസില്‍ ഏഴ് സൗദി പൗരന്മാരെ പബ്ലിക് പ്രോസിക്യൂഷന്‍ അറസ്റ്റ് ചെയ്തു.
സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.
അഭിഭാഷകനായി ആള്‍മാറാട്ടം നടത്തിയ ബിസിനസുകാരന്‍, ലൈസന്‍സുള്ള അഭിഭാഷകന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, ടെലികോം കമ്പനിയിലെ ജീവനക്കാരന്‍, റിയല്‍ എസ്റ്റേറ്റ് ഓഫീസിലെ ഉദ്യോഗസ്ഥന്‍ എന്നിവരടക്കം ഏഴു പേരാണ് അറസ്റ്റിലായത്.
ആള്‍മാറാട്ടം നടത്തിയ ബിസിനസുകാരന് ഇരയുടെ സാമ്പത്തിക, ആരോഗ്യ നില നേരത്തെ അറിയാമായിരുന്നു. ഈ അവസരം മുതലെടുത്തായിരുന്നു ഇയാളുടെ നീക്കം. ഇരയുടെ പേരില്‍ വ്യാജ വാണിജ്യ കരാറുണ്ടാക്കിയ ശേഷം സര്‍ക്കാര്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ സ്വാധീനിച്ച് സര്‍ക്കാര്‍ ഓണ്‍ലൈന്‍ സേവനവുമായി ബന്ധപ്പെട്ട ഇദ്ദേഹത്തിന്റെ മൊബൈല്‍ നമ്പര്‍ മാറ്റി. ഇരയുടെ പേരില്‍ ടെലികോം കമ്പനിയില്‍ നിന്ന് പുതിയ സിം കാര്‍ഡ് എടുക്കുകയും ചെയ്തു.
പിന്നീട് വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് ഇരയെ കോടതിയില്‍ പ്രതിനിധീകരിച്ച അഭിഭാഷകന്റെ പങ്കാളിത്തത്തോടെ ഇയാള്‍ ഇലക്ട്രോണിക് ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുകയായിരുന്നു. റിയല്‍ എസ്റ്റേറ്റ് ഓഫീസ് ജീവനക്കാരന്റെ സഹായത്തോടെ വ്യാജ സൈറ്റുകള്‍ വഴി വ്യാപാര വസ്തുക്കള്‍ വാങ്ങിയതായി രേഖയുണ്ടാക്കി കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. ഇരയ്‌ക്കെതിരായ ഈ സംഘടിത സാമ്പത്തിക തട്ടിപ്പിന്റെ ഫലമായി 23 മില്യണ്‍ റിയാല്‍ ഇവര്‍ കവര്‍ന്നെടുത്തു. അഭിഭാഷകനായി ആള്‍മാറാട്ടം നടത്തിയ വ്യക്തി ലൈസന്‍സില്ലാതെ അഭിഭാഷക ഓഫീസ് തുറന്നിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിലേക്ക് മാറ്റി.






