സമദൂരമെന്ന് മായാവതി, ഇന്ത്യയോട് സഖ്യമില്ല

ലഖ്‌നൗ - ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയില്‍നിന്നും പ്രതിപക്ഷ മുന്നണി 'ഇന്ത്യ'യില്‍നിന്നും അകലം പാലിക്കുമെന്നു ബി.എസ്.പി നേതാവും മുന്‍ യു.പി മുഖ്യമന്ത്രിയുമായ മായാവതി. പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി മുതിര്‍ന്ന നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണു മായാവതി നിലപാട് വ്യക്തമാക്കിയത്.
പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കണം. വ്യാജവാര്‍ത്തകളെക്കുറിച്ചു ജാഗ്രത ഉണ്ടാവണം. രാഷ്ട്രീയ ഗൂഢാലോചനകളില്‍ ബി.എസ്.പി വിരുദ്ധത ഇപ്പോഴുമുണ്ട്. ഇതിനെതിരായ മുന്‍കരുതല്‍ എല്ലാതലത്തിലും സ്വീകരിക്കണം- മായാവതി പറഞ്ഞതായി ബി.എസ്.പിയുടെ യു.പി യൂണിറ്റ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പണപ്പെരുപ്പം, തൊഴിലില്ലായ്മ, അതിദാരിദ്ര്യം, വരുമാനം കുറവ്, മികച്ച ആരോഗ്യ വിദ്യാഭ്യാസ സൗകര്യങ്ങളില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ നിലവിലുണ്ട്. ഇവയൊക്കെ തിരഞ്ഞെടുപ്പില്‍ പ്രധാന വിഷയങ്ങളാകുമോ എന്നതു സംശയമാണ്. പൊതുജനക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വരുമ്പോള്‍ ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും സമീപനം ഒരുപോലെയാണെന്നും അത് ജനവിരുദ്ധമാണെന്നും മായാവതി കുറ്റപ്പെടുത്തി.

 

Latest News