ന്യൂദല്‍ഹി - ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ശുചീകരണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഫിറ്റ്‌നസ് ഇന്‍ഫ്‌ളുവന്‍സര്‍ അങ്കിത് ബൈയന്‍പുരിയയോടൊപ്പമാണ് മോഡി ശുചീകരണ പ്രവൃത്തികള്‍ നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
ഇന്നു രാജ്യം ശുചിത്വത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അങ്കിത് ബൈയന്‍പുരിയയും ഞാനും അതാണ് ചെയ്തത്. ശുചിത്വത്തിനുപരി കായിക ക്ഷമതക്കും ക്ഷേമത്തിനും ശ്രദ്ധ നല്‍കുന്നു. സ്വച്ഛ് ഭാരത്, സ്വസ്ത് ഭാരത് എന്നിവക്കു വേണ്ടിയാണ് ഇതെല്ലാം.- വീഡിയോ പങ്കുവച്ചുകൊണ്ട് മോഡി എക്‌സില്‍ കുറിച്ചു.
മഹാത്മാഗാന്ധിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒക്ടോബര്‍ ഒന്നിന് ഒരു മണിക്കൂര്‍ ശുചീകരണത്തിനായി മാറ്റിവെക്കണമെന്ന് പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ ആഹ്വാനം ചെയ്തിരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി.
അഹമ്മദാബാദില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേതൃത്വം നല്‍കി. 'സ്വച്ഛത കി സേവ' പരിപാടിയുടെ ഭാഗമായാണ് അമിത് ഷായും മറ്റു മന്ത്രിമാരും തെരുവ് വൃത്തിയാക്കിയത്. സീതപുരില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശുചീകണപ്രവൃത്തിയില്‍ പങ്കെടുത്തു.
2014 ഒക്ടോബര്‍ 2നാണ് സ്വച്ഛ് ഭാരത് മിഷന്‍ ആരംഭിച്ചത്. വെളിയിട വിസര്‍ജനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.






