റിയാദ് - റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) ഓണാഘോഷം സംഘടിപ്പിച്ചു, യൂനിറ്റ് തലത്തിൽ നടന്ന അത്തപ്പൂക്കള മത്സരത്തിൽ, സുമേശി യൂനിറ്റ് വിജയികളായി. തിരുവാതിരക്കളി, വഞ്ചിപ്പാട്ട്, മാവേലിയെ വരവേൽക്കൽ, കുട്ടികൾക്കായുള്ള വിവിധ തരം കലാകായിക മത്സരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആഘോഷത്തിൽ റിയ അംഗങ്ങൾ, അവരുടെ ഫാമിലി ഉൾപ്പെടെ 300 ലേറെ ആളുകൾ പങ്കെടുത്തു. ടി.എൻ.ആർ നായർ, ബിനു, അബ്ദുൽ സലാം, രാജേഷ് എന്നിവർ വിഭവ സമൃദ്ധമായ ഓണസദ്യക്ക് നേതൃത്വം നൽകി.
റിയ പ്രസിഡന്റ് ഡെന്നി ഇമ്മട്ടി അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം മുൻ പ്രസിഡന്റ് പോളേട്ടൻ നിർവഹിച്ചു. റിയാദിലെ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, റിയാദ് തമിഴ് സംഘം പ്രസിഡന്റ് വെട്രിവേൽ, റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഭാരവാഹി ഷിബു ഉസ്മാൻ എന്നിവർ ആശംസകൾ നേർന്നു. ജീവകാരുണ്യ പ്രവർത്തനത്തിൽ സാമ്പത്തിക സഹായം നൽകിയ സംഘടനയുടെ യൂനിറ്റുകളെ ആദരിച്ചു. നാട്ടിലേക്ക് മടങ്ങുന്ന ജീവ കാരുണ്യ വിഭാഗം ജോയന്റ് കൺവീനർ മുദസ്സിറിന് പോളേട്ടൻ ഉപഹാരം നൽകി. സെക്രട്ടറി ഉമ്മർ കുട്ടി സ്വാഗതം പറഞ്ഞു. മീരാ മഹേഷ് ഓണസന്ദേശം നൽകി.
റിയയുടെ കുട്ടികളും മുതിർന്നവരും ഒരുക്കിയ കലാവിരുന്ന് ആഘോഷങ്ങൾക്ക് നിറം ചാർത്തി. കായിക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. നിഖിൽ മോഹൻ, ഹബീബ് റഹ്മാൻ, മഹേഷ് മുരളീധരൻ, അജുമോൻ, ബിജു ജോസഫ് എന്നിവർ നേതൃത്വം നൽകി.