റിയാദ് - നാലാമത് പ്രാദേശിക ഫാൽക്കൻ പ്രദർശനവും ലേലവും നഗരത്തിന്റെ വടക്ക് ഭാഗത്തെ മൽഹം ഫാൽക്കൻ ക്ലബ് ആസ്ഥാനത്ത് തുടങ്ങി. നവംബർ 15 ന് അവസാനിക്കും.
ദേശാടനത്തിന്റെ ഭാഗമായി സൗദി അറേബ്യയുടെ ആകാശത്തിലൂടെ പറന്നു പോകുന്ന ഷാഹീൻ ഫാൽക്കനുകളെ വേട്ടയാടാൻ അനുമതിയുണ്ട്. എന്നാൽ അൽഹുർറ് ഫാൽക്കനുകളെ വേട്ടയാടൽ നിരോധിച്ചിരിക്കുകയാണ്. എല്ലാ ദിവസവും വൈകുന്നേരം നാലു മണിക്ക് പ്രദർശനം തുടങ്ങും. രാത്രി എട്ട് മണിക്കാണ് ലേലം. ലേലം തത്സമയം സാമൂഹിക മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യും. പ്രാദേശിക ഉടമകൾക്ക് മേളയിൽ ഇത് വിൽക്കാനുള്ള അനുമതിയുണ്ട്. ഇതിന് ഫീസ് ഈടാക്കുന്നില്ല.
സൗദി ഫാൽക്കനുകളുടെ ഈ മേളയാണ് രാജ്യത്തെ ഏറ്റവും വലിയ പ്രാദേശിക ഫാൽക്കൻ മേള. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫാൽക്കൻ പ്രേമികളും ഇതിൽ പങ്കെടുക്കാറുണ്ട്. ഫാൽക്കനുകളെ വളർത്തൽ, അവയെ വേട്ടക്കുപയോഗിക്കൽ തുടങ്ങി വിവിധ വർക്ക്‌ഷോപ്പുകളും ഇവിടെ സംഘടിപ്പിക്കുന്നുണ്ട്.