ദമാം - പ്രമുഖ കമ്പനിയുടെ പേരിൽ വാട്‌സ് ആപ്പിലൂടെ വ്യാജ തൊഴിൽ പരസ്യം നൽകി യുവതികളെ കെണിയിൽ വീഴ്ത്തി അവിഹിതബന്ധം സ്ഥാപിക്കാൻ ശ്രമിച്ച സൗദി യുവാവിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ നിയമ നടപടികൾ സ്വീകരിക്കുന്നു. പരസ്യത്തിൽ തന്റെ മൊബൈൽ ഫോൺ നമ്പർ നൽകിയും കമ്പനിയുടെ പേരിൽ യുവതികളുമായി വ്യാജ തൊഴിൽ കരാറുകൾ ഒപ്പുവെച്ചുമാണ് പ്രതി ലക്ഷ്യസാക്ഷാൽക്കാരത്തിന് ശ്രമിച്ചത്. തങ്ങളുടെ പേര് ദുരുപയോഗം ചെയ്ത് ഒരാൾ വനിതകൾക്കുള്ള തൊഴിലവസരങ്ങൾ പരസ്യം ചെയ്ത് സ്വന്തം മൊബൈൽ ഫോൺ നമ്പർ പരസ്യത്തിനു താഴെ രേഖപ്പെടുത്തിയതായി പ്രമുഖ കമ്പനി പബ്ലിക് പ്രോസിക്യൂഷനിൽ പരാതിപ്പെടുകയായിരുന്നു.
യുവതികളുമായി ബന്ധം സ്ഥാപിക്കുന്നതിനാണ് താൻ ഈ തന്ത്രം പയറ്റിയതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചിരുന്നു. പരസ്യം കണ്ട് ബന്ധപ്പെട്ട യുവതികളിൽ ഒരാളുമായി ഷോപ്പിംഗ് മാളിൽ വെച്ച് കമ്പനിയുടെ പേരിലുള്ള വ്യാജ തൊഴിൽ കരാർ ഒപ്പുവെച്ചതായും പ്രതി സമ്മതിച്ചു. പ്രതിക്ക് അഞ്ചു വർഷം തടവും മുപ്പതു ലക്ഷം റിയാൽ പിഴയും വിധിക്കണമെന്നും മൊബൈൽ ഫോൺ കണ്ടുകെട്ടുന്നതിന് ഉത്തരവിടണമെന്നും കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.