കൊച്ചി- ഐ.പി.എൽ ക്രിക്കറ്റിന്റെ മാതൃകയിൽ ചുണ്ടൻ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗ് മൂന്നാം സീസണിൽ പിറവത്ത് നടന്ന നാലാം മത്സരം വള്ളംകളി ചരിത്രത്തിലെ തന്നെ അപൂർവ ടൈയ്ക്ക് സാക്ഷിയായി. പള്ളാത്തുരുത്തി ബോട്ട് ക്ലബ് (ട്രോപ്പിക്കൽ ടൈറ്റൻസ്) തുഴഞ്ഞ വീയപുരവും യു.ബി.സി കൈനകരി (കോസ്റ്റ് ഡോമിനേറ്റേഴ്‌സ്) തുഴഞ്ഞ നടുഭാഗം ചുണ്ടനും ഒരേ സമയത്ത് ഫിനിഷ് ചെയ്തു. ഇരു ടീമുകളും 4മിനിറ്റ് 16 സെക്കന്റ് 5 മൈക്രോസെക്കന്റിനാണ് ഫിനിഷ് ചെയ്തത്.
വിജയിയെ തീരുമാനിക്കാൻ സെക്കന്റിനെ പതിനായിരമായി വിഭജിച്ചിട്ടും ഇരു ടീമുകളുടെയും സമയം തുല്യമായിരുന്നുവെന്ന് സി.ബി.എൽ മാനേജിംഗ് കമ്മിറ്റി അറിയിച്ചു. ഇതോടെ വള്ളംകളിയുടെ നൂറ്റാണ്ടുകൾ നീണ്ട ചരിത്രത്തിലെ അപൂർവതയ്ക്ക് പിറവത്തെ മുവാറ്റുപുഴയാർ സാക്ഷിയായി. പോലീസ് ബോട്ട് ക്ലബ് (റേജിംഗ് റോവേഴ്‌സ്) തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. (4.23.2 മിനിറ്റ്). തുടർച്ചയായി പെയ്ത മഴയിൽ കുത്തൊഴുക്കിനെതിരെ പടപൊരുതി ഒമ്പത് വള്ളങ്ങളും മികച്ച പ്രകടനം നടത്തി.
ഫൈനൽ തുഴയലിൽ തുടക്കം മുതൽ അൽപം മുമ്പിലായിരുന്ന യുബിസി നടുഭാഗം ഒരു ഘട്ടത്തിൽ പോലും വിട്ടുകൊടുക്കാൻ ഒരുക്കമല്ലായിരുന്നു. അവസാന നൂറു മീറ്ററിൽ അവിശ്വസനീയമായ കുതിപ്പിന് പേരു കേട്ട പിബിസി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒരേ സമയത്തിനാണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ രണ്ട് സീസണിലെ അപേക്ഷിച്ച് ഇത്തവണ യുബിസി കൈനകരിയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബിന് കനത്ത വെല്ലുവിളി ഉയർത്തിക്കൊണ്ടിരിക്കുന്നത്. ഇതോടെ സി.ബി.എല്ലിന്റെ തുടർ മത്സരങ്ങൾ അത്യന്തം ആവേശമാവുകയാണ്.