കണ്ണൂർ- ജില്ലയിൽ കോളേജ് യൂനിയൻ തെരഞ്ഞെടുപ്പിൽ തങ്ങളുടെ കുത്തകകൾ തകർന്നതിൽ അരിശം പൂണ്ട എസ്.എഫ്.ഐ ക്രിമിനലുകൾ യു.ഡി.എസ്.എഫ് പ്രവർത്തകർക്ക് നേരേ അഴിച്ചുവിടുന്ന അക്രമങ്ങൾ നിർത്തിയില്ലെങ്കിൽ അതിനെ ശക്തമായി നേരിടുമെന്ന് മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ.ടി. സഹദുല്ലയും പറഞ്ഞു.
തങ്ങളുടെ കാൽക്കീഴിലെ മണ്ണിളകി പോകുന്നതിൽ അരിശം പൂണ്ട് എം.എസ്.എഫിന്റെയും കെഎസ്.യുവിന്റെയും പ്രവർത്തകർക്ക് നേരെ കുതിര കയറിയിട്ട് കാര്യമില്ല. ഭരണവർഗത്തോട്, യുവജനങ്ങൾകാണിക്കുന്ന പ്രതിഷേധത്തിന്റെ അലയൊളികളാണ് കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ കോളേജുകളിൽ യു.ഡി.എസ്.എഫിന്റെ കുതിച്ചു കയറ്റത്തിന് കാരണമാക്കിയത്. കൃഷ്ണമേനോൻ ഗവൺമെന്റ് വനിതാ കോളേജിൽ നിരവധി വർഷങ്ങളായി എസ്.എഫ്.ഐ കുത്തകയാക്കി വെച്ചിരുന്ന യൂനിയൻ ചെയർപേഴ്‌സണൽ സ്ഥാനത്തേക്ക് ഈ തെരഞ്ഞെടുപ്പിൽ എം.എസ്.എഫ് മുന്നണി സ്ഥാനാർഥി വിജയിച്ചതിൽ അരിശം പൂണ്ട പുറമേ നിന്ന് വന്ന എസ്.എഫ്.ഐ ക്കാരാണ് എം.എസ്.എഫ് യൂണിറ്റ് ഭാരവാഹിയും യൂണിയൻ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുമായ സുഹാനയെ ആക്രമിച്ചത്. പുറത്തുനിന്നു വന്ന പുരുഷ എസ്.എഫ്.ഐക്കാരനെ കാണിച്ചു കൊടുത്തിട്ട് കൂടി അവിടെയുണ്ടായിരുന്ന വനിതാ പോലീസ് അടക്കമുള്ളവർ ആ പ്രതിക്ക് രക്ഷപ്പെടാനുള്ള സാഹചര്യമാണ് ഒരുക്കിക്കൊടുത്തത്. അവസാനം വനിത എം.എസ്.എഫ് പ്രവർത്തകർ പോലീസ് സ്റ്റേഷനു മുന്നിൽ ഉപരോധം തീർക്കുകയും ജില്ലയിലെ ഉന്നത പാർട്ടി നേതൃത്വം ഇടപെടുകയും ചെയ്തപ്പോഴാണ് എ.സി.പി യുടെ നിർദ്ദേശാനുസരണം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യാമെന്ന ഉറപ്പുനൽകിയത്.
കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിൽ വെച്ചാണ് കെ.എസ്.യു ജില്ലാ പ്രസിഡന്റ് അടക്കമുള്ളവർക്ക് നേരെ ആക്രമണം ഉണ്ടായത്. എസ്.എഫ്.ഐ കാലാകാലങ്ങളായി കുത്തകയാക്കി വെച്ചിരുന്ന ജില്ലയിലെ പലകോളേജുകളിലും യു.ഡി.എഫ്‌ന്റെ ബാനറിൽ എം.എസ്.എഫ് കെ.എസ്.യു പ്രവർത്തകർ അവരുടെ പതാകകൾ ഉയർത്തിയപ്പോൾ അതിൽ വിളറി പൂണ്ട എസ്.എഫ്.ഐ യാണ് ഇത്തരം ആക്രമങ്ങൾക്ക് പിന്നിൽ. അതിനെ സപ്പോർട്ട് ചെയ്യുന്ന ചില പോലീസുകാരുമുണ്ട്. ഇത്തരം ആക്രമണ പ്രവണതകൾ ഇനിയും നിർത്തിയില്ലെങ്കിൽ അതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർക്കുമെന്നും, വിദ്യാർഥികളുടെ അവകാശനിഷേധത്തിനെതിരെ പ്രവർത്തിക്കുന്ന എസ്.എഫ.്‌ഐഗുണ്ടകളെ നിലക്ക് നിർത്താനും ക്രിമിനലുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും കണ്ണൂരിലെ നിയമപാലകരും ഭരണകൂടവും തയാറായില്ലെങ്കിൽ അതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുസ്‌ലിം ലീഗ് മുന്നിട്ടിറങ്ങുമെന്നും നേതാക്കൾ പറഞ്ഞു.