Sorry, you need to enable JavaScript to visit this website.

വീണ്ടും ദൗത്യസംഘം; കലങ്ങിമറിഞ്ഞ് ഇടുക്കി രാഷ്ട്രീയം

2007 മെയ് 14ന് മൂന്നാറിലെ സി. പി. ഐ ഓഫീസിന്റെ മുൻഭാഗം പൊളിക്കുന്നു (ഫയൽ)
2007 ജൂലൈ മൂന്നിന് മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദൻ ടാറ്റായുടേതെന്ന് ആരോപിച്ച ഭൂമി ഏറ്റെടുക്കുന്നു (ഫയൽ)

ഇടുക്കി- കൈയേറ്റമൊഴിപ്പിക്കാൻ 15 വർഷത്തിന് ശേഷം മറ്റൊരു ദൗത്യസംഘം എത്തുമ്പോൾ ജില്ലയിലെ രാഷ്ട്രീയം കലങ്ങി മറിയുന്നു. കൈയേറ്റക്കാരുടെ പേരിൽ സാധാരണക്കാരെ ബുദ്ധിമുട്ടിച്ചാൽ കൈകാര്യം ചെയ്യുമെന്ന് സി.പി.എം പ്രഖ്യാപിച്ചു കഴിഞ്ഞു. 2006ൽ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ തുടങ്ങിയ മൂന്നാർ ഒഴിപ്പിക്കൽ നിലച്ചത് സി.പി.എം, സി.പി.ഐ കക്ഷികളുടെ എതിർപ്പ് മൂലമായിരുന്നു. ഒഴിപ്പിക്കാൻ വരുന്നവന്റെ കാല് വെട്ടുമെന്നാണ് അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണി തുറന്നടിച്ചത്. വി.എസിനൊപ്പമായിരുന്ന സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി പിണറായി പക്ഷത്തേക്ക് മലക്കം മറിഞ്ഞതിനും പിന്നിൽ മൂന്നാർ ദൗത്യമായിരുന്നു.   
2007 മെയ് 13നാണ് മൂന്നാറിൽ കെ. സുരേഷ്‌കുമാർ, ഐ.ജി ഋഷിരാജ്‌സിങ്, ജില്ലാ കലക്ടർ രാജു നാരായണസ്വാമി എന്നിവരുടെ നേതൃത്വത്തിൽ മൂന്നാറിൽ ജെ.സി.ബി ഉരുണ്ടുതുടങ്ങിയത്. ജൂൺ ഏഴു വരെയുള്ള 25 നാളുകൾക്കിടെ 91 കെട്ടിടങ്ങൾ നിലം പതിച്ചു. 11350 ഏക്കർ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കുകയും ചെയ്തു.
ദേശീയ പാതയോരം കൈയേറിയ സി.പി.ഐ ഓഫീസിന്റെ മുൻഭാഗം മെയ് 14ന് പൊളിച്ചപ്പോൾ ഉന്നതങ്ങളിലെ പല നെറ്റികളും ചുളിഞ്ഞു. ഡെപ്യൂട്ടി തഹസിൽദാരായിരുന്ന എം.ഐ രവീന്ദ്രൻ ഇല്ലാത്ത അധികാരം ഉപയോഗിച്ചു നൽകിയ പട്ടയങ്ങളുടെ കഥ മെയ് 28ന് വെളിച്ചത്താകുക കൂടി ചെയ്തതോടെയാണ് ദൗത്യസംഘത്തിന്റെ മേൽ വിലങ്ങുകൾ വീണു തുടങ്ങിയത്. കൊച്ചിയിലെ അഭിഭാഷകനായ രാംകുമാറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള മൂന്നാർ ടൗണിലെ ധന്യശ്രീ റിസോർട്ടിന്റെ പട്ടയം ദൗത്യസംഘത്തിന്റെ നിർദേശപ്രകാരം ദേവികുളം സബ് കലക്ടർ റദ്ദാക്കിയപ്പോൾ ഞെട്ടിയത് സി.പി.ഐയും സി.പി.എമ്മും. 
  ഇതിനിടെ പല ഫയലുകളും സ്റ്റേയിൽ കുടുങ്ങി. ടാറ്റാ ഹോം സ്റ്റേകൾക്കും, ടോമിൻ തച്ചങ്കരിയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഫോർട്ട് മൂന്നാർ റിസോർട്ടിനും മൂന്നാർ കാറ്ററിംഗ് കോളേജിനും അബാദ് റിസോർട്ടിനും എതിരായ നടപടികൾ മരവിക്കപ്പെട്ടു. ഇതിനിടെ സുരേഷ്‌കുമാറും ഋഷിരാജ് സിംഗും ആരുമറിയാതെ മലയിറങ്ങി. ദൗത്യത്തിന് ജീവൻ വെപ്പിക്കുന്നതിനായി 2007 ജൂലൈ മൂന്നിന് മുഖ്യമന്ത്രി വി.എസ് നേരിട്ടെത്തി ടാറ്റാ കൈയേറിയതെന്ന് പറഞ്ഞ് 1380 ഏക്കർ ഭൂമി പിടിച്ചെടുത്ത് സർക്കാർ ബോർഡ് സ്ഥാപിച്ചു. എന്നാൽ ഈ ഭൂമി വനം വകുപ്പിന്റേതാണൈന്ന് ടാറ്റാ പറഞ്ഞതോടെ ഇതും വിവാദത്തിലായി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ ദൗത്യസംഘത്തലവൻ സ്ഥാനത്ത് നിന്നും സുരേഷ്‌കുമാറിനെ മാറ്റി. ഋഷിരാജ് സിംഗ് അവധിയെടുക്കുകയും ചെയ്തു.
  അഡീഷനൽ ലാന്റ് റവന്യു കമീഷണർ വി.എം. ഗോപാലമേനോനെ പിന്നീട് മൂന്നാറിലേക്ക് നിയോഗിച്ചു. ചില സർവെ നാടകങ്ങളും ഉദ്യോഗസ്ഥരുടെ കടലാസ് യോഗങ്ങളും നടത്തി മേനോൻ തടി രക്ഷിച്ചു. സെപ്റ്റംബർ 27ന് രാജുനാരായണ സ്വാമിയെ സർക്കാർ പത്തനംതിട്ടക്ക് തട്ടി. ഡോ. കെ.എം. രാമാനന്ദനാണ് മൂന്നാമങ്കത്തിനായി എത്തിയത്. വട്ടവടയിൽ 765.89 ഏക്കർ ഭൂമിയും ചില റിസോർട്ടുകളും ഏറ്റെടുത്ത രാമാനന്ദനെ പിന്നീട് കണ്ടിട്ടില്ല.  നിരവധി നഷ്ടപരിഹാര കേസുകളാണ് മൂന്നാർ നടപടിയുടെ പേരിൽ ഉണ്ടായത്. 2008 സെപ്റ്റംബർ നാലിന് ഉണ്ടായ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നവംബർ 11ന് ധന്യശ്രീ റിസോർട്ട് സർക്കാർ ഉടമകൾക്ക് കൈമാറി. സ്റ്റേ നിലനിൽക്കെ ധന്യശ്രീ പൊളിക്കാൻ ശ്രമിച്ചതിന്റെ പേരിൽ സുരേഷ്‌കുമാറിന് ഹൈക്കോടതി  നഷ്ടപരിഹാരം വിധിക്കുകയും ചെയ്തു. പള്ളിവാസൽ മൂന്നാർ വുഡ്‌സ് റിസോർട്ടിന്റെ ഏറ്റെടുത്ത 2.84 ഏക്കർ ഭൂമി ഉടമകൾക്ക് വിട്ടു കൊടുക്കാൻ 2009 ജൂലൈ 22ന് ഹൈക്കോടതി വിധിച്ചു. കലക്ടറായിരുന്ന രാജു നാരായണ സ്വാമി 15,000 രൂപ കോടതി ചെലവ് നൽകാനും വിധി വന്നു. 
ഇക്കുറി ജില്ലാ കലക്ടറാണ് ദൗത്യസംഘം മേധാവി. മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ ദൗത്യവും ഉണ്ടയില്ലാ വെടിയാകാനാണ് സാധ്യത.

Latest News