Sorry, you need to enable JavaScript to visit this website.

കൊട്ടിയൂർ പീഡനം: പീഡനത്തിനിരയായ പെൺകുട്ടി കൂറുമാറി

  • കേസിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്നു

തലശ്ശേരി- വൈദികനും കന്യാസ്ത്രീകളും പ്രതികളായ വിവാദമായ കൊട്ടിയൂർ പീഡനക്കേസിന്റെ ആദ്യദിനത്തിലെ വിചാരണയിൽ തന്നെ പീഡനത്തിനിരയായ പെൺകുട്ടി വിചാരണ കോടതി മുമ്പാകെ കൂറുമാറി. തന്റെ സമ്മതപ്രകാരമാണ് വൈദികനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും ഈ സമയത്ത് തനിക്ക് പതിനെട്ട് വയസുണ്ടായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി. ഇതോടെ കേസിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയായി. 
കേസ് വിചാരണ ഇന്നലെ രാവിലെ മുതൽ വൈകിട്ട് അഞ്ച് മണി വരെ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് (ഒന്ന്) കോടതി ജഡ്ജ് പി.എൻ വിനോദ് മുമ്പാകെയാണ് നടന്നത്. പീഡനത്തിനിരയായ പെൺകുട്ടിയെ ഇൻക്യാമറ സംവിധാനം വഴിയാണ് വിസ്തരിച്ചത.് കേസിലെ മുഴുവൻ പ്രതികളും കോടതിയിൽ ഹാജരായിരുന്നു. അടച്ചിട്ട കോടതി മുറിയിൽ വിചാരണ നടക്കുമ്പോൾ പ്രതികളും പ്രതികളുടെ അഭിഭാഷകരും ജഡ്ജിയും പീഡനത്തിനിരയായ കുട്ടിയും മാത്രമേ കോടതി മുറിയിലുണ്ടായിരുന്നുള്ളൂ. കണ്ണൂർ സബ് ജയിലിൽ കഴിയുന്ന കേസിലെ മുഖ്യ പ്രതി ഫാ. റോബിൻ വടക്കുഞ്ചേരിയെ ജയിലിൽ നിന്നാണ് വിചാരണ നടപടിക്ക് കോടതിയിലെത്തിച്ചത.് 
അതിനിടെ കേസിൽ പ്രതി ചേർക്കപ്പെട്ട കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ് ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ ആൻസി മാത്യു, പീഡനത്തിനിരയായ പെൺകുട്ടിയുടെ പ്രസവമെടുത്ത ഗൈനക്കോളജിസ്റ്റ് ഡോ.ടെസ്സി, ഇതേ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ.ഹൈദരാലി എന്നിവരെ സുപ്രീം കോടതി ഇന്നലെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കി. എന്നാൽ സുപ്രീം കോടതി ഉത്തരവിന്റെ കോപ്പി തലശ്ശേരിയിലെ വിചാരണ കോടതിയിലെത്താത്തതിനാൽ ഈ മൂന്ന് പേരും നാളെ നടക്കുന്ന വിചാരണയിലും എത്തണമെന്ന് ജഡ്ജി നിർദേശിച്ചു.
അമ്മക്കും അച്ഛനുമൊപ്പമാണ് പെൺകുട്ടി കോടതിയിൽ എത്തിയത.് പെൺകുട്ടി കൂറുമാറിയതോടെ കേസിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇന്ന് പീഡനത്തിനിരയായ പെൺകുട്ടിയുടെ അച്ഛനെയും അമ്മയെയും വിസ്തരിക്കും.
നേരത്തെ ഒന്നാം പ്രതി ഫാ.റോബിൻ വടക്കുഞ്ചേരി ജാമ്യ ഹരജിയുമായ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. പ്രതിക്ക് ജാമ്യം നിഷേധിച്ച ഹൈക്കോടതി വിചാരണ കോടതിയോട് ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും നിർദേശിച്ചിരുന്നു. 2017 ഫെബ്രവരി മുതൽ ജയിലിലാണെന്നും വിചാരണയുമായ് ബന്ധപ്പെട്ട നടപടികളൊന്നും ആരംഭിച്ചിട്ടില്ലെന്നും ഹരജി ഭാഗം ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാൽ ജയിലിൽ ദീർഘകാലം കഴിഞ്ഞതു ജാമ്യം നൽകാൻ ന്യായമല്ലെന്ന് പ്രൊസിക്യൂഷൻ വാദം നിരത്തിയതോടെയാണ് പ്രതിക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. 
 തങ്ങളെ പ്രതിപട്ടികയിൽ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് (ഒന്ന്)കോടതി മുമ്പാകെ കേസിലെ മൂന്ന് പ്രതികൾ നൽകിയ വിടുതൽ ഹരജി മെയ് 25ന് വിചാരണ കോടതി തള്ളിയിരുന്നു. നേരത്തെ കേസിന്റെ വിചാരണ നടപടി ആരംഭിക്കാനിരിക്കെ പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്ന് തലശ്ശേരി സെഷൻസ് കോടതിയിലെ വിചാരണ നടപടികൾ നിർത്തിവെച്ചിരുന്നു. കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടർ ടെസ്സി, ഡോ. ഹൈദരലി, അഡ്മിനിസ്‌ട്രേറ്റർ ആൻസി മാത്യു എന്നിവരുടെ ഹരജിയാണ് സെഷൻസ് ജഡ്ജ് പി.എൻ വിനോദ് കഴിഞ്ഞ മാസം 25ന് തള്ളിയിരുന്നത.് കേസിലെ പ്രതിസ്ഥാനത്തുള്ളവർ ഇവർ നേരത്തെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഇതേ ആവശ്യം ഉന്നയിച്ച് ഹരജി സമർപ്പിച്ചിരുന്നെങ്കിലും ഹരജി തള്ളിയിരുന്നു. തുടർന്ന് സുപ്രീംകോടതി പ്രതികളോട് ഈ ഹരജിയുമായ് വിചാരണ കോടതിയെ സമീപിക്കാനാണ് ഉത്തരവിട്ടിരുന്നത്. ഇത് പ്രകാരമാണ് പ്രതികൾ തലശ്ശേരി സെഷൻസ് കോടതിയെ സമീപിച്ചിരുന്നത.് 
കേസിലെ പ്രതികളായിരുന്ന ഫാ.തോമസ് തേരകം, സിസ്റ്റർ ബെറ്റി എന്നിവർ ഹൈക്കോടതിയെ സമീപിച്ച് തങ്ങളെ പ്രതി പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടിരുന്നു. ഈ ഹരജി പരിഗണിച്ച് ഹൈക്കോടതി തലശ്ശേരി കോടതി മുമ്പാകെയുള്ള വിചാരണ നടപടി നിർത്തി വെച്ചിരുന്നു. എന്നാൽ സർക്കാർ ഇടപെട്ട് ഇതിനെതിരെ നൽകിയ അപ്പീലിൽ ഹൈക്കോടതി സ്‌റ്റേ ഉത്തരവ് പിൻവലിച്ചു. ഇതേ തുടർന്ന് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് (ഒന്ന്) കോടതി മുമ്പാകെ വിചാരണ നടപടി ആരംഭിക്കാനിരിക്കെ പ്രതികൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ വിചാരണ നടപടി തടസ്സപ്പെട്ടിരുന്നു. പോക്‌സോ നിയമത്തിലെ 35(2) വകുപ്പ് പ്രകാരം കേസ് കോടതി മുമ്പാകെ എത്തി ഒരു വർഷത്തിനകം തീർപ്പുണ്ടാകണമെന്ന വ്യവസ്ഥ പോലും നിലനിൽക്കെയാണ് വിചാരണ നടപടി നീണ്ടു പോയിരുന്നത.് സംഭവം നടന്ന് ഒരു വർഷമായിട്ടും ഇതേവരെ വിചാരണ നടപടി പോലും ആരംഭിക്കാനാകാത്തത് നിയമതലത്തിലും ചർച്ചയായിരുന്നു.തുടർന്ന് ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് വിചാരണ നടപടി വേഗത്തിലാക്കിയത.് 2017 ഏപ്രിൽ 20നാണ് കൊട്ടിയൂർ കേസിന്റെ കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥൻ തലശ്ശരി കോടതി മുമ്പാകെ സമർപ്പിച്ചത.് 
ഫാ.റോബിൻ വടക്കുഞ്ചേരി, കൊട്ടിയൂർ നീണ്ടു നോക്കിയിലെ നെല്ലിയാനി തങ്കമ്മ, കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ് ആശുപത്രി അഡ്മിസ്‌ട്രേറ്റർ സിസ്റ്റർ ആൻസി മാത്യു, പീഡനത്തിനിരയായ കുട്ടിയുടെ പ്രസവമെടുത്ത ഗൈനക്കോളജിസ്റ്റ് സിസ്റ്റർ ഡോ. ടെസ്സി ജോസ്, ഇതേ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. ഹൈദരാലി, സിസ്റ്റർ ലിസ്മരിയ, സിസ്റ്റർ അനീറ്റ, വൈത്തിരി ഹോളി ഇൻഫന്റ് മേരി ബാലികാ മന്ദിരത്തിലെ സൂപ്രണ്ട് സിസ്റ്റർ.ഒഫീലിയ, വയനാട് ശിശുക്ഷേമ സമിതി മുൻ ചെയർമാൻ ഫാ. തോമസ് തേരകം, ശിശുക്ഷേമ സമിതിയംഗം സിസ്റ്റർ ബെറ്റി ജോസ് എന്നിവരാണ് കേസിലെ പ്രതികൾ. കേസിൽ 40 ദിവസത്തിനകം കുറ്റം ചുമത്തൽ നടപടി പൂർത്തിയാക്കാനും ആറു മാസത്തിനകം വിചാരണ തീർക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കൊട്ടിയൂർ നീണ്ടുനോക്കി പള്ളിയിലെ വൈദികനായിരുന്ന ഫാ. റോബിൻ വടക്കുഞ്ചേരി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. പീഡനത്തിനിരയായ കുട്ടി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. കംപ്യൂട്ടർ പഠനത്തിന് പള്ളിമേടയിലെത്തിയ 16കാരിയെയാണ് വൈദികൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയിരുന്നത.് സംഭവത്തിൽ ഫാ. റോബിനെ ഡി.എൻ.എ പരിശോധനക്ക് വിധേയനാക്കിയിരുന്നു. പെൺകുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതാവ് ഫാ.റോബിൻ തന്നെയാണെന്ന് ഡി.എൻ.എ ടെസ്റ്റിലും കണ്ടെത്തിയിരുന്നു.

Latest News