Sorry, you need to enable JavaScript to visit this website.

പുതുപാതയില്‍ സൗദിയ, പുതിയ ലോഗോ, കാബിന്‍ ക്യൂവിന് പുതിയ യൂനിഫോമും

ജിദ്ദ - ദേശീയ വിമാന കമ്പനിയായ സൗദിയക്ക് പുതിയ യുഗം. എണ്‍പതുകളിലെ സൗദിയ സംസ്‌കാരത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്‍പന ചെയ്ത പുതിയ ലോഗോ സൗദിയ പ്രഖ്യാപിച്ചു. ഇതോടൊപ്പം സൗദിയ കാബിന്‍ ക്യൂവിന്റെ പുതിയ യൂനിഫോമും കമ്പനി അനാവരണം ചെയ്തു. ആഴത്തിലുള്ള അര്‍ഥങ്ങളുള്ള നിറങ്ങള്‍ സൗദിയയുടെ പുതിയ ലോഗോയില്‍ ഉള്‍ക്കൊള്ളുന്നു. പുതിയ ഘട്ടത്തിന്റെ ഭാഗമായി അതിഥി സേവന സംവിധാനത്തില്‍ അഭൂതപൂര്‍വമായ വികസനം കൊണ്ടുവരികയും ഓപ്പറേഷന്‍ മാനേജ്‌മെന്റിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു.
പുതിയ ലോഗോയില്‍ മൂന്നു നിറങ്ങളാണുള്ളത്. പച്ച നിറം അഭിമാനത്തിന്റെയും അന്തസ്സിന്റെയും പ്രതീകമായ ദേശീയ പതാകയുടെ നിറം ഉള്‍ക്കൊള്ളുകയും ഔദാര്യം, സംസ്‌കാരം, സൗദി ആതിഥ്യമര്യാദ എന്നിവയുടെ പ്രതീകമായ ഈത്തപ്പനയുടെ നിറം പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. നീല നിറം രാജ്യത്തെ കടലിന്റെയും ആകാശത്തിന്റെയും നിറത്തെ പ്രതിനിധീകരിക്കുന്നു. ഭാവിയില്‍ ആരംഭിക്കുന്ന മികച്ച പദ്ധതികളിലൂടെ അഭിലാഷങ്ങളുടെ പരിധി ഉയര്‍ത്താന്‍ കടലിന്റെയും ആകാശത്തിന്റെയും നിറം പ്രചോദനമാകുന്നു. മണല്‍ നിറം രാജ്യത്തിന്റെ സമ്പത്തിനെ പ്രതീകപ്പെടുത്തുകയും, മൗലികതയും ഉറച്ച വേരുകളും ശക്തമാക്കുകയും ചെയ്യുന്നു. ഇതിലൂടെ മാനവശേഷി പരിപാലനവും രാജ്യത്തെ നിക്ഷേപങ്ങളും വികസനവും സൗദിയ തുടരും.
പുതിയ ലോഗോ പുറത്തിറക്കിയതോടനുബന്ധിച്ച് ഡിജിറ്റല്‍ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി ഒരു കൂട്ടം സംരംഭങ്ങളും സൗദിയ പ്രഖ്യാപിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി, സൗദിയ നാമം വഹിക്കുന്ന വെര്‍ച്വല്‍ അസിസ്റ്റന്റ് സേവനം ഇതില്‍ പ്രധാനമാണ്. ഇത്തരമൊരു സേവനം മേഖലയില്‍ ആദ്യമാണ്. ഈ സാങ്കേതികവിദ്യയിലൂടെ വെര്‍ച്വല്‍ അസിസ്റ്റന്റ് സേവനം എഴുത്ത്, വോയ്‌സ് ചാറ്റുകള്‍ വഴി എല്ലാ ബുക്കിംഗ്, ഫ്‌ളൈറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ യാത്രക്കാരെ സഹായിക്കുന്നു. ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി എളുപ്പത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ടിക്കറ്റ് ഇഷ്യു ചെയ്യാന്‍ അവസരമൊരുക്കുന്ന ഇ-വാലെറ്റ് സേവനവും ആരംഭിച്ചിട്ടുണ്ട്.
വ്യത്യസ്ത പ്രവര്‍ത്തന സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ ദ്രുതപരിഹാരങ്ങളും ഓപ്ഷനുകളും നല്‍കുന്ന നൂതന ഡിജിറ്റല്‍ സംവിധാനവും ആരംഭിച്ചിട്ടുണ്ട്. സൗദിയിലെ 40 ലേറെ ഭക്ഷണ വിഭവങ്ങള്‍ അടങ്ങിയ മെനു പട്ടിക പുറത്തിറക്കിയത് യാത്രക്കാരുടെ പഞ്ചേന്ദ്രിയങ്ങളെ സ്പര്‍ശിക്കുന്ന വിധത്തില്‍ ദേശീയ സംസ്‌കാരത്തിലും സ്വത്വത്തിലുമുള്ള സൗദിയയുടെ താല്‍പര്യത്തെ പ്രതിഫലിപ്പിക്കുന്നു. ഇതിലൂടെ സൗദിയിലെ വിവിധ പ്രവിശ്യകളിലെ ഭക്ഷണ വൈവിധ്യം അടുത്തറിയാന്‍ യാത്രക്കാര്‍ക്ക് സാധിക്കും.
പുതിയ ഘട്ടത്തിനാണ് സൗദിയ തുടക്കം കുറക്കുന്നതെന്ന് സൗദിയ ഗ്രൂപ്പ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ ഇബ്രാഹിം അല്‍ഉമര്‍ പറഞ്ഞു. ഒരു വിമാനം ഉപയോഗിച്ചാണ് സൗദിയ സര്‍വീസ് ആരംഭിച്ചത്. ഇപ്പോള്‍ കമ്പനിക്കു കീഴില്‍ 140 ലേറെ വിമാനങ്ങളുണ്ട്. നാലു ഭൂഖണ്ഡങ്ങളിലെ 100 ലേറെ നഗരങ്ങളെ സൗദിയിലെ നാനാഭാഗങ്ങളുമായും ബന്ധിപ്പിച്ച് സൗദിയ സര്‍വീസുകള്‍ നടത്തുന്നു. ആധുനിക സൗദി അറേബ്യയുടെ ശില്‍പി അബ്ദുല്‍ അസീസ് രാജാവ് ഡി.സി-3 ഇനത്തില്‍ പെട്ട സൗദിയ വിമാനത്തില്‍ അഫീഫില്‍ നിന്ന് തായിഫിലേക്ക് ആദ്യ യാത്ര നടത്തിയതിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് സൗദിയയുടെ പുതിയ യുഗാരംഭത്തിന് സെപ്റ്റംബര്‍ 30 തെരഞ്ഞെടുത്തതെന്നും സൗദിയ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

 

 

Latest News