Sorry, you need to enable JavaScript to visit this website.

കെ.ജി. ജോർജ് വിവാദവും വയോജന ദിനാചരണവും

മലയാളസിനിമയുടെ അഭിമാനമായിരുന്ന കെ.ജി ജോർജിന്റെ മരണശേഷം പ്രധാനമായും സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് ഒരു വിവാദമുണ്ടായല്ലോ. ജോർജിനെ കുടുംബം വൃദ്ധസദനത്തിലാക്കിയെന്നും അവിടെവെച്ചാണ് അദ്ദഹം മരിച്ചതെന്നും ആരോപിച്ച് ഭാര്യക്കും മക്കൾക്കും നേരെ വലിയ തോതിൽ തന്നെ സൈബർ ആക്രമണം നടക്കുകയുണ്ടായി. അതിന് കൃത്യമായ മറുപടി അദ്ദേഹത്തിന്റെ ജീവിതപങ്കാളി സെൽമ പറഞ്ഞു. കുട്ടികൾ സ്ഥലത്തില്ല, ചലിക്കാനാവാതെ കിടന്നിരുന്ന അദ്ദേഹത്തെ ഒറ്റക്ക് പരിചരിക്കാനുള്ള ആരോഗ്യം തനിക്കില്ല, വളരെ നല്ല നിലയിലുള്ള വൃദ്ധസദനത്തിലാണ്  അദ്ദേഹം കിടന്നിരുന്നത്, ദിനംപ്രതി ഡോക്ടർ പരിശോധിച്ചിരുന്നു, അദ്ദേഹത്തിന് എപ്പോഴും സിനിമ കാണാനുള്ള സജ്ജീകരണമെല്ലാം ചെയ്തിരുന്നു എന്നിങ്ങനെ പോയി അവരുടെ വിശദീകരണം. ഇത്തരത്തിൽ അനിശ്ചിതമായി കിടക്കുന്നതിലും ഭേദം മരിക്കുന്നതാണെന്ന യാഥാർത്ഥ്യബോധത്തോടെയുള്ള വാക്കുകളും അവരിൽ നിന്നുകേട്ടു. 

എന്തൊക്കെയോ തെറ്റായ ധാരണകളിൽ വൃദ്ധസദനങ്ങളോട് നിഷേധാത്മക നിലപാടാണ് ഭൂരിഭാഗം മലയാളികളും ഇപ്പോഴും പുലർത്തുന്നത്.  അതിനാൽ തന്നെ അതേകുറിച്ചുള്ള ഒരു പുനർവിചിന്തനം അനിവാര്യമാണ്. പ്രത്യേകിച്ച് ഒക്ടോബർ ഒന്ന് ലോകവയോജനദിനമായി ആചരിക്കപ്പെടുന്ന സാഹചര്യത്തിൽ. ഇതേകുറിച്ച് ഈ പംക്തിയിൽ മുമ്പെഴുതിയിട്ടുണ്ടെങ്കിലും ആവർത്തിക്കേണ്ട അവസ്ഥയാണ്. എല്ലാ  വയോജനദിനവേളകളിലും നാം കേൾക്കുന്ന ചില വാചകങ്ങളുണ്ട്.  വൃദ്ധരായവരെ മക്കൾ പരിചരിക്കുന്നില്ല, കറിവേപ്പില പോലെ വലിച്ചെറിയുന്നു, വൃദ്ധസദനങ്ങളിലാക്കുന്നു എന്നിങ്ങനെയാണവ. ഈ പതിവു മുറവിളികളിൽ ഒരർത്ഥവുമില്ല. വിഷയത്തെ കുറെകൂടി ഗൗരവമായി സമീപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

നല്ല രീതിയിലുള്ള വൃദ്ധസദനങ്ങളാണ് ഇന്നു കേരളം ആവശ്യപ്പെടുന്നത്. അതിനായി ആദ്യം നാം ധരിച്ചുവെച്ചിരിക്കുന്ന പല മിഥ്യാധാരണകളും മാറണം. മക്കളെ വളർത്തുന്നത് വാർദ്ധക്യത്തിൽ തങ്ങളെ പരിചരിക്കാനാണെന്ന ധാരണയാണ് നമ്മൾ ആദ്യം  മാറ്റേണ്ടത്. തീർച്ചയായും നാട്ടിൽതന്നെ കൂടെയുള്ളവർ അവരെ പരിചരിക്കാൻ പരമാവധി ശ്രമിക്കണം എന്നാൽ ജോർജ്ജിന്റെ കുടുംബത്തെപോലെ എല്ലാവർക്കും അതിനാകണമെന്നില്ല. മാത്രമല്ല തൊഴിലിനുവേണ്ടി ലോകം മുഴുവൻ യാത്രചെയ്യുന്ന മലയാളികൾ അതിനുപകരം മാതാപിതാക്കളെ പരിചരിച്ച് വീട്ടിലിരിക്കണോ? അവിടെയാണ് സ്വാകാര്യാടിസ്ഥാനത്തിലും പൊതുഉടമയിലുമുള്ള വൃദ്ധസദനങ്ങളുടെ പ്രസക്തി. അവ ഭംഗിയായി കൊണ്ടുനടക്കുകയും സോഷ്യൽ ഓഡിറ്റിംഗ് നിർബന്ധമാക്കുകയും ചെയ്യുകയാണ് വേണ്ടത്. ക്രഷുകൾ മോശമല്ലാത്ത നമുക്ക് എങ്ങനെയാണ് വൃദ്ധസദനങ്ങളും പകൽവീടുകളും മോശമാകുന്നത്. ഒന്നുമില്ലെങ്കിൽ വീടുകളിലെ അന്യവൽക്കരണത്തേക്കാൾ എത്രയോ ഭേദമാണ് സമപ്രായക്കാരുടെ കൂടെയുള്ള വയോജനങ്ങളുടെ ജീവിതം.

ജനസംഖ്യാ തോത് പരിശോധിച്ചാൽ കേരളത്തിന്റെ പോക്ക് വികസിത രാഷ്ട്രങ്ങൾക്ക് സമാനമാണെന്ന് പറയാറുണ്ടല്ലോ. കുട്ടികളുടേയും ചെറുപ്പക്കാരുടേയും എണ്ണം കുറയുകയും വൃദ്ധരുടെ എണ്ണം കൂടുകയും ചെയ്യുന്നു. ചെറുപ്പക്കാരാകട്ടെ വലിയൊരു ഭാഗം പ്രവാസികളുമാകുന്നു. ചെറുപ്പക്കാരായ അന്യസംസ്ഥാന തൊഴിലാളികൾ ലക്ഷക്കണക്കിനുണ്ടെന്നത് വേറെ കാര്യം. അവരിൽ ചെറിയൊരു ഭാഗം മാത്രമേ ഇവിടെ കുടുംബമായി ജീവിക്കുന്നുള്ളു. മിക്കവരും ഭാവിയിൽ തിരിച്ചുപോകും. മലയാളി ശരാശരി ആയുസ്സിൽ വളരെ മുന്നിലാണെന്നു അഭിമാനത്തോടെ പലരും പറയാറുണ്ട്. അതും വൃദ്ധ ജനസംഖ്യ കൂടാൻ കാരണമാണ്. എന്നാൽ ആയുസിന്റെ വർദ്ധന ഗുണനിലവാരത്തിലില്ല. വൃദ്ധരിൽ വലിയൊരു ഭാഗം കിടപ്പിലാണ്. അവരെ പരിചരിച്ച് തകരുന്ന കുടുംബങ്ങൾ നിരവധി. ഈ സാഹചര്യത്തെ കേവലം മക്കളുടെ വിഷയമായി എടുക്കുന്നതു തന്നെ തെറ്റാണ്. ഒരു സാമൂഹ്യപ്രശ്നമായി തന്നെ ഇതിനെ കാണണം. വൃദ്ധരുടെ പരിചരണം സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാകണം. സർക്കാർ ജീവനക്കാർക്ക് മരണംവരെ പെൻഷൻ കൊടുക്കുന്നുണ്ടല്ലോ. അവരെപോലെതന്നെ പല രീതിയിലും ജീവിതം മുഴുവൻ സമൂഹത്തെ സേവിച്ചവരാണ് എല്ലാവരും. വാർദ്ധക്യത്തിൽ അവരുടെ സംരക്ഷണം സമൂഹത്തിന്റെ ബാധ്യതയാണ്. അഥവാ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇപ്പോൾ നൽകുന്ന നക്കാപ്പിച്ച പെൻഷൻ പോര. പെൻഷൻ, ഇൻഷുറൻസ് തുടങ്ങിയ നയങ്ങൾക്കൊപ്പം മികച്ച രീതിയിൽ വൃദ്ധസദനങ്ങളും പകൽവീടുകളും ആരംഭിക്കാൻ സർക്കാർ തയ്യാറാകണം. സാമ്പത്തിക ശേഷിയുള്ള മക്കൾ വൃദ്ധരെ പുറംതള്ളുന്നതിൽ കർശന നടപടി വേണമെന്നത് ശരി. അപ്പോഴും ഇത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് തത്വത്തിൽ അംഗീകരിക്കണം.

കൗമാരത്തോടെ വീടുവിട്ടിറങ്ങി സ്വയം തൊഴിൽ ചെയ്ത് പഠിക്കുന്ന തലമുറയാണ് പല വികസിത രാഷ്ട്രങ്ങളിലും വളരുന്നത്. അല്ലെങ്കിൽ അതു മോശപ്പെട്ട അവസ്ഥയായാണ് കരുതപ്പെടുന്നത്. നമ്മുടെ അവസ്ഥ എന്താണെന്നറിയാമല്ലോ. മറുവശവും അങ്ങനെതന്നെ. ഒരു പ്രായം കഴിഞ്ഞാൽ മക്കൾക്ക് ഭാരമാകാതെ മാറിപോകുന്നവരാണ് അവിടങ്ങളിലെ വൃദ്ധരും. അവർ ദമ്പതികളായോ ഒറ്റക്കോ അല്ലെങ്കിൽ താൽപ്പര്യമുള്ളവർ ഒരുമിച്ചോ താമസിക്കുന്നു. തീർച്ചയായും സർക്കാരിന്റെ പരിരക്ഷ അവർക്കുണ്ട്. ആ ഒരു ദിശയിലാണ് നാം മുന്നോട്ടുപോകേണ്ടത്. മറിച്ച് മക്കൾ തങ്ങളാഗ്രഹിക്കുന്നപോലെ വളരണമെന്നാഗ്രഹിക്കുന്ന നമ്മൾ വൃദ്ധരായ മാതാപിതാക്കളും തങ്ങളുടെ താൽപ്പര്യത്തിനനുസരിച്ച് ജീവിക്കണമെന്നാഗ്രഹിക്കുന്നു. അല്ലെങ്കിൽ നോക്കുക. അമ്പതും അറുപതും വയസ്സുകളിൽ വിധവകളും വിഭാര്യരുമാകുന്ന എത്രയോ പേർ നമുക്കു ചുറ്റുമുണ്ട്. എന്തുകൊണ്ട് അവരിൽ താൽപ്പര്യമുള്ളവർക്ക് ഒരുമിച്ച് ജീവിച്ചുകൂടാ? അതെ, വൃദ്ധവിവാഹം തന്നെ. അതുവഴി അവർക്ക് നൽകാൻ കഴിയുക സന്തോഷകരമായ വാർദ്ധക്യമായിരിക്കും. അതിനുപക്ഷെ നാം സമ്മതിക്കുമോ? അത് കുടുംബത്തിനും മക്കൾക്കും നാണക്കേടല്ലേ? പിന്നെ സ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും. സ്വത്തുവിഷയത്തിൽ പരിഹാരം സാധ്യമാണ്. വിഷയം നമ്മുടെ മിഥ്യാഭിമാനം തന്നെ.  മിഥ്യാഭിമാനം കൊണ്ട് വൃദ്ധസദനത്തിലാക്കാതെ വീട്ടിൽ വൃദ്ധരെ പീഡിപ്പിക്കുന്നവരും കുറവല്ലല്ലോ.

ഇന്ത്യയിൽ പോലും വൻനഗരങ്ങളിലെ ഫഌറ്റ് സമുച്ചയങ്ങളിൽ വൃദ്ധരുടെ അസോസിയേഷനുകളുണ്ട്. എന്നും അവർ ഒന്നിച്ചിരിക്കുന്നു. രാഷ്ട്രീയ വിഷയങ്ങൾ മുതൽ വ്യക്തിപരമായ വിഷയങ്ങൾ വരെ ചർച്ച ചെയ്യുന്നു. ഒരാൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എല്ലാവരും കൂടി അയാളുടെ വീട്ടിൽ പോയി ചർച്ച ചെയ്ത് പരിഹരിക്കുന്നു. ബുദ്ധിമുട്ടുള്ളവർ പരസ്പരം സഹായിക്കുന്നു. ആവശ്യമെങ്കിൽ സർക്കാർ ഏജൻസികളെ സമീപിക്കുന്നു. മുംബൈയിൽ അത്തരം കാഴ്ചക്ക് ഈ ലേഖകൻ ദൃക്‌സാക്ഷിയാണ്. ചെന്നൈയിൽ ജീവിക്കുന്ന പ്രശസ്ത മാധ്യമ പ്രവർത്തകൻ ബി ആർ പി ഭാസ്‌കറും അവിടത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. നഗരജീവിതത്തിൽ മനുഷ്യർ തമ്മിലുള്ള ബന്ധമില്ലാതാകുന്നു എന്നാരോപിക്കുന്ന പ്രബുദ്ധമലയാളികളുടെ നാട്ടിലോ? നമ്മുടെ ഫ്‌ളാറ്റുകളിലും ഹൗസിംഗ് കോളനികളിലും നാട്ടിൻപുറത്തുമെല്ലാം വൃദ്ധരുടെ സംഘടനകളുണ്ടാക്കാൻ ശ്രമിച്ചാൽ ആരാണ് തടസ്സം നിൽക്കുക? മക്കൾതന്നെ. ജീവിതം മുഴുവൻ കുടുംബത്തിനും സമൂഹത്തിനുമായി ജോലി ചെയ്തിട്ടും വയസ്സുകാലത്ത് ഒറ്റപൈസ പോലും കൈയിലില്ലാതെ, ചായ കുടിക്കാനായി പോലും മക്കളുടേയോ മറ്റുള്ളവരുടേയോ മുന്നിൽ കൈ നീട്ടേണ്ട ഗതികേടിലാണ് ഭൂരിഭാഗവും. 

സമീപകാലത്ത് മലയാളികളുടെ പ്രവാസത്തിന്റെ രീതി തന്നെ മാറിയല്ലോ. അതിപ്പോൾ പ്രധാനമായും യൂറോപ്പിലേക്കാണ്. ഗൾഫിൽനിന്നു വ്യത്യസ്തമായി അവർ മിക്കവാറും തിരിച്ചുവരുന്നില്ല. പൗരത്വമെടുത്ത് അവിടെതന്നെ കൂടുന്നു. അതിന്റെ കൂടി ഭാഗമായി സംസ്ഥാനത്ത് ഇന്ന് വൃദ്ധർ മാത്രമുള്ള വീടുകളുടെ എണ്ണം കൂടിവരുകയാണ്. അതിനേക്കാൾ ഭേദപ്പെട്ട അവസ്ഥ വൃദ്ധസദനങ്ങളാണ്. ഇക്കാര്യമാണ് സെൽമ ജോർജ്ജ് കൃത്യമായി പറഞ്ഞത്. പുരുഷന്റെ നിഴലാകാതെ സ്വന്തം കാലിൽ നിൽക്കുന്ന സ്ത്രീകളെ കേന്ദ്രീകരിച്ച് നിരവധി സിനിമകളെടുത്തിട്ടുള്ള ജോർജിനുപോലും അത്തരമൊരു പരാതി ഉണ്ടാകാനിടയില്ല. 

അടിസ്ഥാനപരമായി പൗരാവകാശ ലംഘനത്തിന്റെ പ്രശ്‌നങ്ങളാണ് വൃദ്ധ സമൂഹം ഇന്ന് നേരിടുന്നത്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലിക അവകാശങ്ങൾ പ്രായാധിക്യത്തിൽ ഇല്ലാതാകുന്ന അവസ്ഥ. അതിനൊരു അവസാനമുണ്ടായേ പറ്റൂ. ഈ ദിശയിലെല്ലാമുള്ള ചർച്ചകൾക്കാണ് കെ.ജി ജോർജ്ജിന്റെ മരണവും വയോജനദിനാചരണവും നിമിത്തമാവേണ്ടത്.  

Latest News