ന്യൂയോര്‍ക്ക് - കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ന്യൂയോര്‍ക്കില്‍ മിന്നല്‍ പ്രളയം. റോഡുകളും സബ് വേകളും വെള്ളത്തില്‍ മുങ്ങിയതോടെ മേയര്‍ നഗരത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
ന്യൂയോര്‍ക്ക് സിറ്റി, ലോങ് ഐലന്റ് ഹഡ്‌സണ്‍ വാലി എന്നിവിടങ്ങളിലാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലഗാര്‍ഡിയ വിമാനത്താവളത്തിന്റെ ഒരു ടെര്‍മിനല്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ടു.
നിര്‍ത്താതെ പെയ്ത മഴയില്‍ താഴ്ന്ന നഗരത്തിന്റെ പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിലായി. റോഡിലും വിമാനത്താവളത്തിലും വെള്ളം കയറിയതോടെ ജനജീവിതം സ്തംഭിച്ചു. നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിക്കുന്നവരോട് മാറി താമസിക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.