ന്യുദല്‍ഹി- ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ വിപണികളിലൊന്നായ ഇന്ത്യയിലെ പ്രീമിയം ഫോണുകളുടെ വില്‍പ്പനയുടെ പുതിയ കണക്കുകള്‍ ആശ്ചര്യപ്പെടുത്തന്നതാണ്. പ്രീമിയം സെഗ്മെന്റില്‍ മേധാവിത്വമുണ്ടായിരുന്ന ആപഌന്റെ ഐഫോണിനേയും സാംസങ് മുന്‍നിര ഫോണുകളേയും പിന്നിലാക്കി ചൈനീസ് സ്റ്റാര്‍ട്ടപ്പായ വണ്‍ പ്ലസിന്റെ ഫോണുകളാണ് ഇപ്പോള്‍ മുന്നിലെത്തിയിരിക്കുന്നത്. 2018ന്റെ രണ്ടാ പാദത്തില്‍ 30,000 രൂപയില്‍ കൂടുതല്‍ വിലയുള്ള സ്മാര്‍ട്‌ഫോണുകള്‍ ഏറ്റവുമധികം വിറ്റു പോകുന്നത് വണ്‍ പ്ലസ് ഫോണുകളാണെന്ന് മാര്‍ക്കറ്റ് റിസര്‍ച് സ്ഥാപനമായ കൗണ്ടര്‍പോയിന്റ് റിപോര്‍ട്ട് വ്യക്തമാക്കുന്നു. പ്രീമിയം സെഗ്മെന്റില്‍ വിപണി വിഹിതത്തില്‍ 14 ശതമാനം ഇടിവു നേരിട്ട് ആപഌനാണ് ഇതു വലിയ പ്രഹരമായത്. ഐ ഫോണ്‍ 8, ഐ ഫോണ്‍ ടെന്‍ സീരീസുകളുടെ വില്‍പ്പന കുറഞ്ഞിരിക്കുകയാണ്. പ്രീമീയം ഗണത്തില്‍ വണ്‍ പ്ലസ് സിക്‌സ് ആണ് ഇപ്പോള്‍ ചൂടപ്പം പോലെ വിറ്റു പോകുന്ന മോഡല്‍. രണ്ടാം സ്ഥാനത്ത് സാംസങ് ഗാലക്‌സി എസ്9. മൂന്നാം സ്ഥാനത്ത് വീണ്ടും വണ്‍ പ്ലസിന്റെ 5ടി. ഇതുകഴിഞ്ഞെ ഐ ഫോണ്‍ വരുന്നുള്ളൂ.
ഇന്ത്യയുടെ മനം കവരുന്ന വണ്‍ പ്ലസ്
വണ്‍ പ്ലസിന്റെ ഇന്ത്യയിലെ വാര്‍ഷിക വളര്‍ച്ച 19 ശതമാനമാണെന്ന് കൗണ്ടര്‍പോയിന്റ് റിപോര്‍ട്ട് പറയുന്നു. 2018 രണ്ടാം പാദത്തില്‍ മാത്രം 10 ശതമാനമാണിത്. ഈ വര്‍ഷം വണ്‍ പ്ലസ് സിക്‌സ് എന്ന ഒരേ ഒരു തുറുപ്പുചീട്ടുമായാണ് ചൈനീസ് കമ്പനി ഈ നേട്ടം കൊയ്തിരിക്കുന്നതെന്നത് വളരെ ശ്രദ്ധേയമാണ്. ദക്ഷിണ കൊറിയന്‍ ഭീമനായ സാംസങിനെ വണ്‍ പ്ലസ് മറികടക്കുന്നതും ആദ്യമായാണ്. വണ്‍ ്പ്ലസിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ പ്രധാന വിപണിയാണ്. കമ്പനിയുടെ ആഗോള വരുമാനത്തിന്റെ ഏകദേശം മൂന്നിലൊന്നും ഇന്ത്യയില്‍ നിന്നാണ്.
വണ്‍ പ്ലസ് അവതരിപ്പിക്കുന്ന ഓരോ മോഡലിനൊപ്പവും ഇന്ത്യയില്‍ വലിയ വളര്‍ച്ചയാണ് കൈവരിക്കുന്നത്. ഇപ്പോള്‍ പ്രധാനമായും ഓണ്‍ലൈനിലൂടെ നടക്കുന്ന വില്‍പ്പന സ്റ്റോറുകളിലേക്കു കൂടി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
ഇന്ത്യയിലെ പ്രീമീയം ഫോണ്‍ വിപണിയുടെ 88 ശതമാനവും കയ്യടിക്കി വച്ചിരിക്കുന്നത് വണ്‍ പ്ലസും സാംസങും ഐ ഫോണുമാണ്. കഴിഞ്ഞ പാദത്തില്‍ ഇതു 95 ശതമാനമായിരുന്നു. എച്ച്.എം.ഡി ഗ്ലോബലിന്റെ നോക്കിയ, ഹുവാവെ, വിവോ, ഒപ്പൊ എന്നിവരും പ്രീമിയം ഗണത്തില്‍ സാന്നിധ്യമറിയിക്കുന്നുണ്ടെങ്കിലും മൂന്ന് വമ്പന്‍മാര്‍ക്ക് വലിയ ഭീഷണിയായി വളര്‍ന്നിട്ടില്ല.