ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ക്യാമറ പിടിക്കും, സംവിധാനം നാളെ മുതല്‍

ജിദ്ദ - വാഹനങ്ങള്‍ക്ക് കാലാവധിയുള്ള ഇന്‍ഷുറന്‍സ് പോളിസി ഇല്ലാത്തതുമായി ബന്ധപ്പെട്ട നിയമലംഘനം നാളെ മുതല്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തി തുടങ്ങുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. കാലാവധിയുള്ള ഇന്‍ഷുറന്‍സ് ഇല്ലാത്ത എല്ലാ വാഹനങ്ങളും ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തും. സ്വദേശികളും വിദേശികളുമായ ഡ്രൈവര്‍മാര്‍ ട്രാഫിക് നിയമ, നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അപകടങ്ങള്‍ക്കിടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് തങ്ങളുടെ വാഹനങ്ങള്‍ ഇന്‍ഷുര്‍ ചെയ്യണമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നത് വാഹനാപകടങ്ങള്‍ സംഭവിക്കുമ്പോള്‍ സ്വന്തം അവകാശങ്ങളും റോഡുകള്‍ ഉപയോഗിക്കുന്ന മറ്റുള്ളവരുടെ അവകാശങ്ങളും സംരക്ഷിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
സീറ്റ്‌ബെല്‍റ്റ് ധരിക്കാതിരിക്കല്‍, ഡ്രൈവിംഗിനിടെ കൈകള്‍ കൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, അമിത വേഗം എന്നിവ അടക്കമുള്ള നിയമ ലംഘനങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പു മുതല്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി നിയമ ലംഘകര്‍ക്ക് പിഴകള്‍ ചുമത്തുന്നുണ്ട്. ഏഴു ഗതാഗത നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനം കഴിഞ്ഞ വര്‍ഷാവസാനം മുതല്‍ ട്രാഫിക് ഡയറക്ടറേറ്റ് നടപ്പാക്കിയിരുന്നു. പ്രത്യേകം നീക്കിവെച്ചതല്ലാത്ത (നിരോധിത) സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യല്‍, വെയ്ബ്രിഡ്ജുകള്‍ മറികടക്കല്‍, വ്യക്തമല്ലാത്തതോ കേടായതോ ആയ നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കല്‍, റാംപ് മീറ്ററിംഗ് (റോഡ് ഗതാഗത നിയന്ത്രണങ്ങള്‍) പാലിക്കാതിരിക്കല്‍, ട്രക്കുകളും ഹെവി ഉപകരണങ്ങളും വലത്തേയറ്റത്തെ ട്രാക്ക് പാലിക്കാതിരിക്കല്‍, രാത്രിയിലും ദൃശ്യക്ഷമത കുറഞ്ഞ കാലാവസ്ഥയിലും ആവശ്യമായ ലൈറ്റുകള്‍ ഉപയോഗിക്കാതിരിക്കല്‍, ഫുട്പാത്തിലൂടെയും വിലക്കുള്ള ട്രാക്കുകളിലൂടെയും വാഹനമോടിക്കല്‍ എന്നീ നിയമ ലംഘനങ്ങളാണ് കഴിഞ്ഞ വര്‍ഷാവസാനം മുതല്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്താന്‍ തുടങ്ങിയത്.

 

Latest News