ജിദ്ദ വിമാനത്താവളത്തില്‍നിന്ന് ഹറമിലേക്ക് നേരിട്ട് റോഡ്: നിര്‍മാണം അവസാന ഘട്ടത്തില്‍

ജിദ്ദ - ജിദ്ദ വിമാനത്താവളത്തെയും മക്കയില്‍ വിശുദ്ധ ഹറമിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെ നിര്‍മാണ ജോലികളുടെ അവസാന ഘട്ടത്തിന് തുടക്കമായതായി റോഡ്‌സ് ജനറല്‍ അതോറിറ്റി അറിയിച്ചു. റോഡ് നിര്‍മാണ ജോലികളുടെ 70 ശതമാനം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഹജ്, ഉംറ മേഖലയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായകമെന്നോണം ജിദ്ദ-മക്ക ഡയറക്ട് റോഡിന്റെ നിര്‍മാണ ജോലികള്‍ തുടരുന്നതായി അതോറിറ്റി പറഞ്ഞു. റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ശ്രമിച്ച് ജിദ്ദയെയും മക്കയെയും ബന്ധിപ്പിച്ച് നിര്‍മിക്കുന്ന പുതിയ റോഡ് ജിദ്ദ-മക്ക യാത്രാ സമയം 35 മിനിറ്റ് ആയി കുറക്കും. ഹജ്, ഉംറ തീര്‍ഥാടകരുടെ നീക്കം എളുപ്പമാക്കാനും നിലവിലെ ജിദ്ദ, മക്ക റോഡ് ആയ അല്‍ഹറമൈന്‍ റോഡ് അടക്കം മറ്റു റോഡുകളിലെ തിരക്ക് കുറക്കാനും പുതിയ റോഡ് സഹായിക്കും. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെയും മക്കയെയും പുതിയ റോഡ് നേരിട്ട് ബന്ധിപ്പിക്കുന്നു.
ആകെ 73 കിലോമീറ്റര്‍ നീളമുള്ള റോഡില്‍ ഓരോ ദിശയിലും നാലു ട്രാക്കുകള്‍ വീതമാണുണ്ടാവുക. നാലു ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ ആദ്യ ഘട്ടത്തിന് ഏഴു കിലോമീറ്റും രണ്ടാം ഘട്ടത്തിന് 19 കിലോമീറ്ററും മൂന്നാം ഘട്ടത്തിന് 27 കിലോമീറ്ററും നാലാം ഘട്ടത്തിന് 20 കിലോമീറ്ററും നീളമാണുള്ളത്. ഒന്നാം ഘട്ടത്തിന്റെ 92 ശതമാനവും രണ്ടാം ഘട്ടത്തിന്റെ 93 ശതമാനവും മൂന്നാം ഘട്ടത്തിന്റെ 100 ശതമാനവും നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. നാലാം ഘട്ടത്തിന്റെ ഒരു ശതമാനം ജോലികള്‍ ഇതിനകം പൂര്‍ത്തിയായതായും റോഡ്‌സ് ജനറല്‍ അതോറിറ്റി പറഞ്ഞു.

 

Latest News