Sorry, you need to enable JavaScript to visit this website.

മഹാ സംഭവമായെത്തിയ 2000ന്റെ  നോട്ട് ഇന്നു വിട വാങ്ങും 

ന്യൂദല്‍ഹി-2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സെപ്റ്റംബര്‍ ഒന്നു വരെയുള്ള കണക്കനുസരിച്ച് 2000 രൂപ നോട്ടുകളില്‍ 93%വും തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്. 2023 സെപ്റ്റംബര്‍ 30-നകം നോട്ടുകള്‍ മാറ്റുകയോ നിക്ഷേപിക്കുകയോ വേണമെന്നായിരുന്നു അറിയിപ്പ്.  നോട്ടിന്റെ നിയമപ്രാബല്യം തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.
500, ആയിരം രൂപ നോട്ടുകള്‍ നിരോധിച്ചതിന് പിന്നാലെ 2016ലാണ് റിസര്‍വ്ബാങ്ക് 2000 രൂപ നോട്ട് അവതരിപ്പിച്ചത്. എന്നാല്‍, 2018 -19 സാമ്പത്തിക വര്‍ഷത്തോടെ നോട്ടിന്റെ അച്ചടി നിര്‍ത്തിവച്ചിരുന്നു. ഈ വര്‍ഷം മെയ് 19നാണ് 2000 രൂപയുടെ കറന്‍സി പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. മെയ് 23 മുതല്‍ കറന്‍സി മാറ്റിയെടുക്കാന്‍ അവസരമൊരുക്കിയിരുന്നു. സെപ്റ്റംബര്‍ 30നകം കൈവശമുള്ള 2000 രൂപ നോട്ടുകള്‍ മുഴുവനായി മടക്കി നല്‍കണമെന്നതാണ് റിസര്‍വ് ബാങ്കിന്റെ അഭ്യര്‍ഥന. ഈ സമയപരിധി നീട്ടുമോ എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. നോട്ട് നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും എല്ലാ ബാങ്കുകളും അവരുടെ ശാഖകള്‍ വഴി പൊതുജനങ്ങള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 20,000 രൂപ വരെ മൂല്യമുള്ള 2000 രൂപയുടെ നോട്ടുകള്‍ വരെ മാറ്റിയെടുക്കാനുള്ള സംവിധാനമാണ് ബാങ്കുകളിലുള്ളത്. അതായത് ഒരേ സമയം പത്ത് നോട്ടുകള്‍ മാറ്റിയെടുക്കാനാകും. അക്കൗണ്ടില്ലാത്ത ബാങ്കുകളിലും നോട്ട് മാറിയെടുക്കാനാകും.

Latest News