വയറുവേദനയുമായെത്തിയ 40കാരന്റെ വയറ്റില്‍ നിന്ന്  പുറത്തെടുത്തത് ഇയര്‍ഫോണുകള്‍, നട്ടും ബോള്‍ട്ടും മറ്റും 

ചണ്ഡീഗഡ്-കടുത്ത വയറുവേദനയെയും പനിയെയും തുടര്‍ന്ന് ആശുപത്രിയിലെത്തിയ 40കാരന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 100കണക്കിന് വസ്തുക്കള്‍. പഞ്ചാബിലെ മോഗയിലുള്ള ആശുപത്രിയിലാണ് സംഭവം. ഓക്കാനവും വയറുവേദനയും പനിയും തുടര്‍ന്നാണ് 40കാരന്‍ ആശുപത്രിയിലെത്തിയത്. ഇയാളുടെ വയറുവേദന കുറയാത്തതിനെതുടര്‍ന്ന് ഡോക്ടര്‍മാര്‍ എക്‌സ്-റേ എടുത്തപ്പോഴാണ് അമ്പരപ്പിക്കുന്ന വിവരം പുറത്തായത്. തുടര്‍ന്ന് മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവില്‍ 40കാരന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് നൂറുകണക്കിന് വസ്തുക്കളായിരുന്നു.
ഇയര്‍ഫോണുകള്‍, വാഷറുകള്‍, നട്ടും ബോള്‍ട്ടും, വയറുകള്‍, രാഖികള്‍, ലോക്കറ്റുകള്‍, ബട്ടണുകള്‍, റാപ്പറുകള്‍, ഹെയര്‍ക്ലിപ്പുകള്‍, മാര്‍ബിള്‍ കഷ്ണം, സേഫ്റ്റി പിന്‍ എന്നിവയാണ് അദ്ദേഹത്തിന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത്. രണ്ട് വര്‍ഷമായി ഇയാള്‍ക്ക് ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. വയറ്റിലുണ്ടായിരുന്ന വസ്തുക്കള്‍ പുറത്തെടുത്തെങ്കിലും 40കാരന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ഈ വസ്തുക്കള്‍ കുറെ കാലമായി ഇയാളുടെ വയറ്റില്‍ ഉണ്ടായതിനാല്‍ പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും ആശുപത്രി ഡയറക്ടര്‍ ഡോക്ടര്‍ അജ്മീര്‍ കല്‍റ പറഞ്ഞു.
ഇയാള്‍ ഈ സാധനങ്ങള്‍ കഴിച്ചതിനെക്കുറിച്ച് കുടുംബത്തിന് അറിയില്ലായിരുന്നു. കൂടാതെ ഇയാള്‍ക്ക് മാനസിക പ്രശ്‌നം ഉള്ളതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് വയറുവേദന കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് 40കാരന്‍ പറഞ്ഞതായാണ് വിവരം. ഇതിന് മുന്‍പും പല ഡോക്ടര്‍മാരുടെ അടുത്ത് കൊണ്ടുപോയി ചികിത്സ നടത്തിയെങ്കിലും ആര്‍ക്കും ഇയാളുടെ വേദനയ്ക്ക് പിന്നിലെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
 

Latest News