വിദ്യാഭ്യാസ രംഗത്ത് അഞ്ചു ശതമാനം മുസ്ലിം സംവരണത്തെ പിന്തുണയ്ക്കുമെന്ന് ശിവസേന

മുംബൈ- മഹാരാഷ്ട്രയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിംകള്‍ക്ക് അഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുമെന്ന ശിവ സേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ പ്രഖ്യാപനത്തെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ സ്വാഗതം ചെയ്തു. മുസ്ലിം സംവരണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ധിക്കരിക്കുകയാണെന്നും പാര്‍ട്ടി ആരോപിച്ചു. മറാത്ത വിഭാഗത്തിന് സംവരണം സംവരണം നല്‍കുന്നതിനു പുറമെ സംവരണം വേണമെന്ന മുസ്ലിംകളുടേയും ധങ്കര്‍ വിഭാഗത്തിന്റേയും മറ്റു സമുദായങ്ങളുടേയും ആവശ്യവും പരിഗണിക്കേണ്ടതാണെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രസ്താവന. 

മുസ്ലിം സമുദായത്തില്‍ നിന്നും ന്യായമായ ആവശ്യം ഉയര്‍ന്നാല്‍ അതു പരിഗണിക്കേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്ന ബിജെപി ശിവ സേനയുടെ നിലപാടില്‍ നിന്ന് പഠിക്കേണ്ടതുണ്ടെന്ന് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ എം.എല്‍.എ ഇംതിയാസ് ജലീല്‍ പറഞ്ഞു.
 

Latest News